head2
head1
head 3

കോവിഡിനെ പകര്‍ച്ചവ്യാധിയായി കാണുന്നില്ല… കൊറോണ വൈറസ് മാനേജ്മെന്റിന് നൂതന തന്ത്രവുമായി സ്പെയിന്‍

മാഡ്രിഡ് : കൊറോണ വൈറസ് മാനേജ്മെന്റിന് നൂതനമായ മാറ്റം വരുത്തുന്നത് ലക്ഷ്യമിട്ട് പരീക്ഷണ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് സ്പെയിന്‍. കൊറോണ വൈറസിനെ പകര്‍ച്ചവ്യാധി എന്നതിലുപരി ഇന്‍ഫ്ളുവന്‍സയെന്നപോലെ കണ്ട് കൈകാര്യം ചെയ്ത് നിയന്ത്രിക്കണമെന്ന് പുതിയ സ്പെയിന്‍ തന്ത്രം ഉപദേശിക്കുന്നു. വൈറസ് മാനേജ്മെന്റില്‍ സുപ്രധാന മാറ്റം വരുത്താന്‍ യൂറോപ്പിനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സ്പാനിഷ് സര്‍ക്കാര്‍ പറയുന്നു.

സ്പെയിനിലെ ജിപിമാരുടെ സെം എഫൈ്വസി ഫെഡറേഷന്‍ ഈ പുതിയ തന്ത്രത്തെ അംഗീകരിച്ചു കഴിഞ്ഞു. ഇതനുസരിച്ച് നേരിയ ലക്ഷണങ്ങളുള്ള ആരോഗ്യമുള്ള ആളുകളെ സന്ദര്‍ശിക്കുന്നതും പരിശോധിക്കുന്നതും അവരുടെ കോണ്‍ടാക്റ്റുകള്‍ കണ്ടെത്തുന്നതും പരിശോധിക്കുന്നതും അവസാനിപ്പിക്കും. ക്വാറന്റൈനും ഉപേക്ഷിക്കും. വൈറസില്‍ നിന്നുള്ള സുരക്ഷ വ്യക്തിഗത ഉത്തരവാദിത്വമാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുണ്ടാകും. പുറമേ കാടടച്ചുള്ള നിയന്ത്രണങ്ങളും നീക്കും.

സ്പാനിഷ് പ്രതിദിന കോവിഡ് കേസുകള്‍ ഉച്ചസ്ഥായിലാണ്. ഏകദേശം 180,000 പേരെയാണ് കോവിഡ് ബാധിക്കുന്നത്. പാന്‍ഡെമിക് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രോഗബാധയുടെ നിരക്ക് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 100,000ന് 3,000 കേസുകളെന്ന നിലയിലാണിത്. എന്നിരുന്നാലും സ്പെയിനിന്റെ ആറാം തരംഗം ഉടന്‍ ശമിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നത്.

ടെസ്റ്റിംഗും ട്രേസിംഗും നിര്‍ത്തലാക്കുന്നു

ഓരോ ദിവസവും മൊത്തം കോവിഡ് കേസുകളുടെ എണ്ണം കണക്കാക്കുകയും അതിനനുസരിച്ച് പരിശോധനയും ട്രേസിംഗും നടത്തുകയാണ് നിലവിലെ സംവിധാനത്തിന് കീഴില്‍ വിവിധ രാജ്യങ്ങളും ചെയ്യുന്നത്. എന്നാല്‍, രോഗികളെ ചികിത്സിക്കുന്നതിനേക്കാള്‍ വൈറസിനെ നിരീക്ഷിക്കുന്ന രീതിയാണ് സ്പെയിന്‍ ആവിഷ്‌കരിക്കുന്നത്.

സെന്റിനല്‍ സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന സ്പെയിന്റെ പുതിയ സംവിധാനത്തില്‍ എല്ലാ കോവിഡ് കേസുകളും പരിശോധനയിലൂടെ തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല. പകരം സാമ്പിളുകളില്‍ നിന്ന് അണുബാധയുടെ സംഖ്യകള്‍ വേര്‍തിരിച്ചെടുക്കുകയാണ് ചെയ്യുക.

റീജിയണുകളില്‍ പൈലറ്റ് പദ്ധതികള്‍

ലോകത്തിലെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണുകളായിരുന്നു സ്പെയിനിലേത്. അതിന് ശേഷം സ്പെയിന്‍ അതിന്റെ 17 റീജിയണുകളിലും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി സ്പെയിനിലെ പല പ്രദേശങ്ങളും ക്ലിനിക്കുകളും ആശുപത്രികളും സെന്റിനല്‍ മോണിറ്ററിംഗ് രീതി പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഒപ്പം വാക്സിനേഷനെയും സ്പെയിന്‍ ഫലപ്രദമായി ഉപയോഗിച്ചു. രാജ്യത്തെ 12 വയസ്സിന് മുകളിലുള്ള 91% പേര്‍ക്കും പൂര്‍ണ്ണമായും വാക്സിനേഷന്‍ നല്‍കിക്കഴിഞ്ഞു.

കോവിഡിനെ പകര്‍ച്ചവ്യാധിയായി കാണുന്നില്ല

കോവിഡിനെ പകര്‍ച്ചവ്യാധിയായി കണക്കാക്കുന്ന സമീപനം അവസാനിപ്പിക്കുകയെന്നതാണ് പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ നിലപാട്. കോവിഡിനെ പ്രാദേശിക രോഗമായി കാണാന്‍ സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്‍ഫ്ളുവന്‍സേഷന്‍ എന്ന നിലയില്‍ സാധാരണ പനി പോലെ കോവിഡിനെ കൈകാര്യം ചെയ്യണം. ഈ ആശയം വിവിധ യൂറോപ്യന്‍ ഭരണകൂടങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എമര്‍ജന്‍സി സ്റ്റൈല്‍ വിജിലന്‍സില്‍ നിന്ന് മികച്ച ഗുണനിലവാരമുള്ള ഒന്നിലേക്ക് പോകേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി കരോലിന ഡാരിയസ് പറഞ്ഞു. സ്‌പെയിന്‍ ഈ മാറ്റത്തിന് നേതൃത്വം നല്‍കാന്‍ ആഗ്രഹിക്കുന്നതായും ഇവര്‍ പറഞ്ഞു.

ഒമിക്രോണ്‍ വേരിയന്റ് കാരണം കേസുകള്‍ കുതിച്ചുയര്‍ന്നതാണ് സ്പെയിനില്‍ ഈ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രോത്സാഹനം നല്‍കിയതെന്ന് അല്‍കല ഡി ഹെനാറസ് യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് പ്രൊഫസറും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ക്ഷണിക്കപ്പെട്ട ഗവേഷകനുമായ മാനുവല്‍ ഫ്രാങ്കോ പറഞ്ഞു. എന്നിരുന്നാലും, ഇന്‍ഫ്ളുവന്‍സയുടെ സീസണല്‍ സ്വഭാവം കോവിഡിന് കൈവന്നിട്ടില്ലെന്നത് ശ്രദ്ധേയമാണെന്നും ഇദ്ദേഹം പറയുന്നു.

Comments are closed.