head1
head2
head 3

കൊടും ചൂടില്‍ വെന്തുരുകി സ്പെയിന്‍; അനുഭവപ്പെടുന്നത് ഈ നൂറ്റാണ്ടിലെ കൊടിയ ചൂട്

മാഡ്രിഡ് : കൊടും ചൂടില്‍ സ്പെയിന്‍ വെന്തുരുകുന്നു. ഈ നൂറ്റാണ്ടിലെ കൊടിയ ചൂടാണ് ഈ മാസത്തില്‍ രാജ്യം നേരിടുന്നത്. വാരാന്ത്യത്തോടെയാണ് സ്പെയിനിലെ താപനില ഉയര്‍ന്നത്. പിന്നീടത് അത്യുഷ്ണത്തിന് വഴിമാറുകയായിരുന്നു. സാധാരണ സീസണിലേതിനേക്കാള്‍ 15 ഡിഗ്രി വരെ ഉയര്‍ന്ന താപനിലയാണ് സ്പെയിനില്‍.

ചില പ്രദേശങ്ങളില്‍ താപനില ശനിയാഴ്ച 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. അത്യുഷ്ണം കണക്കിലെടുത്ത് 13 റീജിയണുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി സ്പെയിനിന്റെ സ്റ്റേറ്റ് മെറ്റീരിയോളജിക്കല്‍ ഏജന്‍സി പറഞ്ഞു. ഇവയില്‍ അഞ്ച് റീജിയണുകളിലും കൊടും ചൂടാണ് അനുഭവപ്പെടുന്നത്. 21ാം നൂറ്റാണ്ടിലെ മേയ് മാസത്തിലെ ഏറ്റവും ചൂടേറിയ താപനിലയാണിതെന്ന് ഏജന്‍സി വക്താവ് റൂബന്‍ ഡെല്‍ കാംപോ പറഞ്ഞു.

തെക്കന്‍ അന്‍ഡലൂഷ്യ മേഖലയിലെ അന്‍ഡുജാറില്‍ വ്യാഴാഴ്ച ഉച്ചയോടെ 39.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ ഇത് 42.3 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. പ്രവിശ്യാ തലസ്ഥാനങ്ങളായ കോര്‍ഡോബയിലും സെവില്ലയിലും ഇതു തന്നെയാണ് താപനില.

ഉഷ്ണതരംഗങ്ങള്‍ സര്‍വ്വ സാധാരണമാകുമെന്ന് മുന്നറിയിപ്പ്

കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി വരും വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ ഉഷ്ണതരംഗങ്ങള്‍ സര്‍വ്വ സാധാരണവും തീവ്രവുമാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. നോര്‍ത്ത് ആഫ്രിക്കന്‍ കാലാവസ്ഥ യൂറോപ്പിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയാണ്. അതോടെ ഉഷ്ണ തരംഗം സര്‍വ്വസാധാരണമാവും. അതിതീവ്രമായ വരള്‍ച്ചയും കൊടും ചൂടുമെല്ലാം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

സാധ്യമാകുമ്പോഴെല്ലാം തണുത്ത പ്രദേശങ്ങളില്‍ തുടരണമെന്നും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. അമിതമായ ചൂട് കാരണം സ്പെയിനില്‍ പ്രതിവര്‍ഷം രണ്ടായിരത്തോളം പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്.

Comments are closed.