head 3
head1
head2

പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഫോണ്‍ പെഗസസ് ഉപയോഗിച്ച് ഹാക്ക് ചെയ്യപ്പെട്ടതായി സ്‌പെയിന്‍

മാഡ്രിഡ്: സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഫോണ്‍ പെഗസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യപ്പെട്ടതായി സര്‍ക്കാര്‍. സ്പാനിഷ് പ്രസിഡന്‍സി മിനിസ്റ്റര്‍ Felix Bolanos ആണ് കഴിഞ്ഞ ദിവസം ഈ വിവരം വെളിപ്പെടുത്തിയത്. സാഞ്ചസിനെ കൂടാതെ പ്രതിരോധമന്ത്രി Margarita Robles ന്റെ ഫോണും പെഗസസ് ഉപയോഗിച്ച് ഹാക്ക് ചെയ്യപ്പെട്ടതായി Bolanos അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സ്പാനിഷ് പ്രധാനമന്ത്രിയുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഒരു തവണ ഫോണിലെ ഡാറ്റ ലീക്ക് ചെയ്തതായും Bolanos കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഈ വിവരങ്ങള്‍ നീതിന്യായ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും, സ്പാനിഷ് ഹൈക്കോടതിക്കാണ് കേസ് അന്വേഷിക്കുന്നതിനുള്ള ചുമതലയെന്നും Bolanos പറഞ്ഞു.

ഇസ്രായേല്‍ നിര്‍മ്മിത ഹാക്കിങ് ടൂളായ പെഗസസിന്റെ കെണിയില്‍ പെട്ടതായി സ്ഥിരീകരിക്കപ്പടുന്നു ആദ്യ യൂറോപ്യന്‍ രാഷ്ട്രത്തലവനും, നാറ്റോ രാജ്യത്തലവനുമാണ് പെഡ്രോ സാഞ്ചസ്. യൂറോപ്പിലെ ഏറ്റവും ശക്തരായ നേതാക്കളുടെ ഫോണുകള്‍ പോലും സുരക്ഷിതമല്ല എന്നതിന്റെ സൂചനയാണ് ഇതെന്നാണ് നിലവിലെ വിലയിരുത്തല്‍.

യൂറോപ്യന്‍ മേഖലയില്‍ ഡിജിറ്റല്‍ ചാരവൃത്തി സജീവമാവുന്നതിന്റെ സൂചനകള്‍ ഏതാനും മാസങ്ങളായി തന്നെ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അധികൃതരുടെയും, യു.കെ ഔദ്യോഗിക സ്റ്റാഫുകളുടെയുമടക്കം ഫോണുകള്‍ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടേക്കാം എന്ന മുന്നറിയിപ്പും ഇതിനുമുന്‍പ് വിദഗ്ധര്‍ നല്‍കിയിരുന്നു. കാറ്റലോണിയയിലെ ഏതാനും പ്രമുഖ രാഷ്ട്രീയ നേതാക്കളും പെഗസസിന്റെ ഇരകളായതായുള്ള വിവരവും ഈയടുത്ത് പുറത്തുവന്നിരുന്നു.

എന്നാല്‍ യൂറോപ്പിലെ തന്നെ പ്രധാനശക്തികളിലൊന്നായ സ്‌പെയിനിന്റെ രാഷ്ട്രത്തലവനെത്തന്നെ സോഫ്റ്റ്‌വെയര്‍ ലക്ഷ്യം വച്ചതോടെ പെഗസസ് നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. യൂറോപ്യന്‍ യൂണിയന്റെ സുരക്ഷിതത്വവും, ഭരണഘടനയും വരെ ഭീഷണിയുടെ നിഴലിലാണെന്നും, അധികൃതരില്‍ നിന്നും ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും പെഗസസ് വിഷയത്തിലെ യൂറോപ്യന്‍ പാര്‍ലിമെന്ററി അന്വേഷണ കമ്മീഷന്‍ അംഗം Saskia Bricmont ആവശ്യപ്പെട്ടു. പെഗസസ് സോഫ്റ്റ്‌വെയറിന് ശക്തമായ നിരോധനം ഏര്‍പ്പെടുത്തണമെന്നും Bricmont അടക്കമുള്ള അംഗങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി.

Comments are closed.