head2
head 3
head1

വൈദ്യുതി വില വര്‍ദ്ധനവ് : സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും നടപടി അംഗീകരിച്ച് ഇയു

മാഡ്രിഡ് : വൈദ്യുതി വില വര്‍ദ്ധനവിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഇലക്ട്രിസിറ്റി മാര്‍ക്കറ്റ് നിയമങ്ങളില്‍ നിന്നും മാറി ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അവകാശം സ്‌പെയിനും പോര്‍ച്ചുഗലും നേടി.

യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയിലാണ് തീരുമാനം. അംഗരാജ്യങ്ങള്‍ അറിയിച്ച വൈദ്യുതി വിപണിയിലെ അടിയന്തര താല്‍ക്കാലിക നടപടികളുടെ അനുയോജ്യത എത്രയും വേഗം ഉറപ്പാക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ തന്റെ പത്രസമ്മേളനത്തില്‍ അറിയിച്ചു .

തെക്കന്‍ യൂറോപ്പില്‍ നിന്നുള്ള ചില നേതാക്കള്‍ മാര്‍ക്കറ്റ് ഘടനയില്‍ സ്ഥിരമായ മാറ്റങ്ങള്‍ക്കായി ഉച്ചകോടിയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ ശാശ്വതമായ പരിഹാരം സാധ്യമല്ലെന്ന് തെളിഞ്ഞതിനാല്‍ മാഡ്രിഡും ലിസ്ബണും സ്വന്തമായി ചില നടപടികള്‍ അവതരിപ്പിക്കാന്‍ അനുമതി തേടുകയായിരുന്നു.

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചര്‍ച്ചകളുടെ ഫലത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ആഴ്ച ഇരുവരും തങ്ങളുടെ ദേശീയ നടപടികള്‍ അവതരിപ്പിക്കുകയും ചെയ്യും.

കൂടുതല്‍ ശാശ്വതമായ പരിഹാരങ്ങള്‍ക്കായി യൂറോപ്യന്‍ കമ്മീഷന്‍ ഇപ്പോള്‍ ബ്ലോക്കിന്റെ ഊര്‍ജവിപണി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് 2022 മെയ് മാസത്തോടെ പുനരവലോകനം നടത്തും.

Comments are closed.