head 3
head2
head1

കലങ്ങിമറിഞ്ഞ് ബ്രിട്ടീഷ് രാഷ്ട്രീയം; മന്ത്രിമാരുടെയും എംപിമാരുടെയും രാജിയും പുറത്താക്കലും തുടരുന്നു

ഇംഗ്ലണ്ട് : മന്ത്രിമാരുടെയും എംപിമാരുടെയും രാജിയും പുറത്താക്കലുമായി ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങിമറിയുന്നു. കൂടുതല്‍ സഹപ്രവര്‍ത്തകരും എം.പി.മാരും രാജി പ്രഖ്യാപിക്കുമ്പോഴും അജയ്യനായി മുന്നേറുകയാണ് ബോറിസ് ജോണ്‍സണെന്ന് ഇദ്ദേഹത്തിന്റെ വിശ്വസ്തര്‍ പറയുന്നു.

പ്രധാനമന്ത്രി പദം ഒഴിയണമെന്ന മുറവിളി എതിരാളികളുടെ ഭാഗത്തുനിന്നും ഉയരുമ്പോഴും കൂടുതല്‍ പുറത്താക്കലും പുനസ്സംഘടനയ്ക്കുള്ള മുന്നൊരുക്കവും തുടരുകയാണ് ബോറിസ് ജോണ്‍സനെന്ന് ഇവര്‍ പറയുന്നു.

ആരോഗ്യ സഹമന്ത്രി എഡ് അര്‍ഗര്‍ ആണ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്. രാജ്യത്ത് മാറ്റം ആവശ്യമാണെന്ന് സോഷ്യല്‍ മീഡിയ വഴി ബോറിസ് ജോണ്‍സന് അയച്ച കത്തില്‍ അര്‍ഗര്‍ പറഞ്ഞു. ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. ഈ സന്ദര്‍ഭത്തില്‍ ഒരു മാറ്റം ആവശ്യമാണെന്ന് കരുതുന്നു. പാര്‍ട്ടിയുടെ ജനാഭിഭിലാഷങ്ങള്‍ നിറവേറ്റുന്നത് തുടരുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

അതിനിടെ യു കെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് വെയില്‍സ് സൈമണ്‍ ഹാര്‍ട്ട് സ്ഥാനം രാജിവച്ചു. ഈ വിവരവും പ്രധാനമന്ത്രിയെ ജോണ്‍സനെ കത്തിലൂടെ അറിയിച്ചു.

പ്രധാനമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട മന്ത്രി മീഹോള്‍ ഗോവിനെയാണ് ബോറിസ് ജോണ്‍സണ്‍ പുറത്താക്കിയത്. ജോണ്‍സനോട് രാജിവെക്കണമെന്ന് ഗോവ് ആവശ്യപ്പെട്ടിരുന്നു. എം.പിമാരുടെ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ജോണ്‍സണോട് രാജി വയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ക്യാബിനറ്റ് മന്ത്രിമാരുടെ പ്രതിനിധി സംഘവും നമ്പര്‍ 10ലെത്തിയിരുന്നു. അതിനിടെയാണ് ഗോവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതായി ബി ബി സി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം ബോറിസ് ജോണ്‍സണ്‍ പിന്നീട് സ്ഥിരീകരിച്ചു.

അതിനിടെ, ബോറിസ് ജോണ്‍സന്‍ പുറത്തുപോകേണ്ട സമയമായെന്ന് അറ്റോര്‍ണി ജനറല്‍
സുല്ല ബ്രാവര്‍മാന്‍ പറഞ്ഞു. മുമ്പ് പ്രധാനമന്ത്രിയുടെ ഉറച്ച സപ്പോര്‍ട്ടറായിരുന്ന ക്യാബിനറ്റ് മന്ത്രിയാണ് ബോറിസ് ജോണ്‍സണെതിരെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. നേതൃമത്സരമുണ്ടായാല്‍ താന്‍ രംഗത്തുവരുമെന്നും ഇവര്‍ പറഞ്ഞു.

കണ്‍സര്‍വേറ്റീവ് എം പി ടിം ലോട്ടണ്‍ ബോറിസ് ജോണ്‍സന്റെ പി പി എസ് ജെയിംസ് ഡഡ്ഡ്രിഡ്ജിനെ കോമിക്കല്‍ അലി എന്നറിയപ്പെടുന്ന മുന്‍ ഇറാഖി പ്രചാരണ മേധാവിയുമായി താരതമ്യം ചെയ്തു. പ്രധാനമന്ത്രിയുടെ കളി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. താമസിയാതെ ജോണ്‍സന് രാജിവെയ്ക്കേണ്ടിവരുമെന്നും പുതിയ മന്ത്രിമാരെ നിയമിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബോറിസ് ജോണ്‍സന് ശക്തമായ പിന്തുണയുമായി പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി ജയിംസ് ഡഡ്ഡ്രിഡ്ജ് രംഗത്തുവന്നു. പ്രധാനമന്ത്രി ഉജ്ജ്വലമായ മാനസികാവസ്ഥയിലാണെന്നും പോരാടുമെന്നും ഇദ്ദേഹം പറഞ്ഞു. 14 മില്യണ്‍ ആളുകളുടെ പിന്തുണയുണ്ട് രാജ്യത്തിനായി വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്.

പുതിയ ക്യാബിനറ്റ് നിയമനങ്ങള്‍ നടത്തുമെന്നും ഇദ്ദേഹം പറഞ്ഞു. അതിനിടെ നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി ബ്രാണ്ടണ്‍ ലൂയിസ് രാജിവെച്ചെന്ന അഭ്യൂഹം പരന്നത് ആശയക്കുഴപ്പമുണ്ടാക്കി. സ്‌കൈ ന്യൂസില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് പിന്നീട് തിരുത്തലുണ്ടായി. ലൂയിസ് ഇതുവരേയും രാജിവെച്ചിട്ടില്ലെന്നാണ് സ്‌കൈ ടി വി പിന്നീട് റിപ്പോര്‍ട്ട് ചെയ്തത്.

Comments are closed.