head1
head 3
head2

അയര്‍ലണ്ടുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കാര്‍ഷിക മേഖലയിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് അടിമ ജീവിതം

ഡബ്ലിന്‍ : യൂറോപ്പിലാകെ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണ ജീവിതം പുറത്തുകൊണ്ടുവരുന്നതാണ് അടുത്തിടെ പുറത്തിറങ്ങിയ മൈഗ്രന്റ് കീ വര്‍ക്കേഴ്സ് ആന്‍ഡ് സോഷ്യല്‍ കോഹെഷന്‍ ഇന്‍ യൂറോപ്പ് റിപ്പോര്‍ട്ട്. അടിമകള്‍ക്ക് തുല്യമായി അയര്‍ലണ്ടടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പണിയെടുത്തു ‘മരിക്കുന്ന’ ആയിരക്കണക്കിനാളുകളുടെ നിസ്സഹായ ജീവിതമാണ് ഈ റിപ്പോര്‍ട്ട് പുറം ലോകത്തെ അറിയിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ എംപ്ലോയേഴ്‌സ് സാന്‍ക്ഷന്‍സ് ഡയറക്ടീവില്‍ അയര്‍ലണ്ടും പങ്കാളിയാകണമെന്ന നിര്‍ദ്ദേശമാണ് ഈ റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നത്. കുടിയേറ്റ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും മോശമായി പെരുമാറുന്നതില്‍ നിന്നും തൊഴിലുടമകളെ തടയുന്നതിന് വഴിയൊരുക്കുന്നതാണ് ഈ ഡയറക്ടീവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫൗണ്ടേഷന്‍ ഫോര്‍ യൂറോപ്യന്‍താണ് മൈഗ്രന്റ് കീ വര്‍ക്കേഴ്സ് ആന്‍ഡ് സോഷ്യല്‍ കോഹെഷന്‍ ഇന്‍ യൂറോപ്പ് റിപ്പോര്‍ട്ട്.

ജര്‍മ്മനി, ഗ്രീസ്, അയര്‍ലണ്ട്, സ്പെയിന്‍ എന്നിവിടങ്ങളിലെ കാര്‍ഷിക, പരിചരണ മേഖലകളില്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാരുടെ ജോലിയും ജീവിത സാഹചര്യങ്ങളും അടിസ്ഥാനമാക്കി രണ്ട് വര്‍ഷം നടത്തിയ അന്വേഷണത്തിന്റെ ഉല്‍പ്പന്നമാണ് ഈ റിപ്പോര്‍ട്ട്.

ഈ മേഖലയിലെ പ്രശ്നങ്ങള്‍ നേരിട്ട് വെളിപ്പെടുത്തുന്ന തൊഴിലാളികളുടെ അഭിമുഖങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോശം തൊഴില്‍ -ജീവിത സാഹചര്യങ്ങള്‍, സേവനങ്ങളുടെ കുറവ്, സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ഭാഗമാകുന്നതിനുള്ള പോരായ്മകള്‍ ഇവയെല്ലാം ഗവേഷകര്‍ അടിവരയിടുന്നു. എന്‍ജിഒകളുമായും ട്രേഡ് യൂണിയനുകളുമായും ഗവേഷകര്‍ ചര്‍ച്ചകളും അഭിമുഖങ്ങളും നടത്തിയിരുന്നു.

ദുരിതമീ കുടിയേറ്റ ജീവിതം…

ജര്‍മ്മനി, ഗ്രീസ്, അയര്‍ലണ്ട്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ കൃഷിയിലും പരിചരണത്തിലും ജോലി ചെയ്യുന്ന കുടിയേറ്റക്കാര്‍ പലവിധത്തിലുള്ള പ്രശ്നങ്ങളും അടിച്ചമര്‍ത്തലുകളും നേരിടുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

സ്‌പെയിനിലെയും അയര്‍ലണ്ടിലെയും കാര്‍ഷിക മേഖലയിലുള്ള കുടിയേറ്റ തൊഴിലാളികള്‍ വളരെ മോശം സാഹചര്യത്തിലാണ് ജീവിക്കുന്നത്. കിടക്കാന്‍ പോലും ആവശ്യത്തിന് സൗകര്യമില്ലാതെയാണ് തൊഴിലാളികള്‍ കഴിയുന്നത്. മോശം ചുറ്റുപാടും കുറഞ്ഞ വേതന വ്യവസ്ഥകളുമെല്ലാം ഇവരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുന്നു.

പണിയെടുപ്പിക്കുന്നത് അടിമയെപ്പോലെ…

പലപ്പോഴും എങ്ങോട്ടാണ് പോകുന്നതെന്നോ എവിടെയാണ് ജോലി ചെയ്യുന്നതെന്നോ പോലും ഭൂരിപക്ഷം തൊഴിലാളികള്‍ക്കും അറിയില്ല. മണിക്കൂര്‍ അടിസ്ഥാനത്തില്‍ വളരെ കുറഞ്ഞ തുകയാണ് ഇവര്‍ക്ക് വേതനമായി നല്‍കുന്നത്. കൂടുതല്‍ സമയം അടിമകളെപ്പോലെ പണിയെടുപ്പിച്ച് മിനിമം വേതനത്തേക്കാള്‍ കുറഞ്ഞ പണം നല്‍കുകയാണ് ചെയ്യുന്നത്.

പിപിഎസ് നമ്പര്‍ ആക്‌സസ് ചെയ്യാനോ ഡോക്യുമെന്റ് സ്റ്റാറ്റസ് സ്വീകരിക്കാനോ ഇവര്‍ക്ക് അനുമതിയില്ല. അതിജീവനത്തിനുള്ള അവസാന ആശ്രയമെന്ന നിലയില്‍ എത്തിപ്പെടുന്നവരാണ് ഈ കുടിയേറ്റക്കാര്‍. അതിനാല്‍ ഈ നിസ്സഹായത ഭൂഉടമകളും വന്‍കിട കര്‍ഷകരും ചൂഷണം ചെയ്യുന്നു.

അയര്‍ലണ്ടിലെ കൃഷിയിടങ്ങളില്‍ ഇന്ത്യക്കാരും

മധ്യ ആഫ്രിക്ക, റൊമാനിയ, ബള്‍ഗേറിയ, ബ്രസീല്‍, ബാല്‍ക്കണ്‍, പോളണ്ട്, ഉക്രെയ്ന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അയര്‍ലണ്ടിലെ കുടിയേറ്റ തൊഴിലാളികളിലേറെയും. അയര്‍ലണ്ടിലെ കാര്‍ഷിക മേഖലയുടെ അനിവാര്യ ഘടകമാണ് കുടിയേറ്റ തൊഴിലാളികളെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാര്‍ഷിക മേഖലയിലെ കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഐറിഷ് മേഖലയില്‍ 1,64,400 ആളുകളാണ് കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നതെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ അതില്‍ 60%വും കുടിയേറ്റക്കാരാണ്.

ഐറിഷ് മീറ്റ് പാക്കിംഗ് വ്യവസായത്തില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ വളരെ ദുരിതപൂര്‍ണ്ണമായ തൊഴില്‍ സാഹചര്യങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവരിലധികവും അനധികൃത കുടിയേറ്റക്കാരാണ്.

Comments are closed.