head2
head 3
head1

സ്‌പെയിനിലെ നഴ്‌സിങ് ഹോമില്‍ തീപിടുത്തം: ആറ് മരണം, പതിനേഴ് പേര്‍ക്ക് പരിക്ക്

മാഡ്രിഡ്: കിഴക്കന്‍ സ്‌പെയിനിലെ വലന്‍ഷ്യ നഗരത്തിന് സമീപത്തെ നഴ്‌സിങ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ ആറ് വയോധികര്‍ക്ക് ദാരുണാന്ത്യം. പരുക്കേറ്റ പതിനേഴോളം പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു സംഭവം.

നഴ്‌സിങ് ഹോം കെട്ടിടത്തിലെ രണ്ടാം നിലയിലെ ഒരു മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് എമര്‍ജന്‍സി സര്‍വ്വീസസ് മേധാവി José Basset പറഞ്ഞു. തീയിലും പുകയിലും പെട്ട് കിടക്കുകയായിരുന്ന എഴുപതോളം പേരെ അഗ്‌നിരക്ഷാസംഘമെത്തിയാണ് പുറത്തെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സ്പാനിഷ് സിവില്‍ ഗാര്‍ഡ് പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി വലന്‍ഷിയ പ്രസിഡന്റ് Ximo Puig അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപടര്‍ന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലിയിരുത്തല്‍.

അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രംഗത്തെത്തി. പരുക്കേറ്റവരുടെ വിവരങ്ങള്‍ കൃത്യമായി അന്വേഷിക്കുന്നതായും, മരണപ്പെട്ടവരുടെയും, പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് Moncada മുനിസിപ്പാലിറ്റി മൂന്ന് ദിവസത്തെ ദുഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ടൗണ്‍ ഹാള്‍ കെട്ടിടത്തിലെ പതാക പകുതി താഴ്ത്തി കെട്ടുകയും ചെയ്തു.

Comments are closed.