head 3
head2
head1

ഉക്രൈനില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു; ബോംബുകള്‍ വര്‍ഷിച്ച് റഷ്യ

കീവ് : ഉക്രൈനിലെ യുദ്ധ സ്ഥിതിഗതികള്‍ അതിരൂക്ഷമാകുന്നതായി പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി. പോരാട്ടത്തില്‍ രാജ്യം തന്ത്രപ്രധാനമായ വഴിത്തിരിവിലാണ്. എന്നാല്‍ റഷ്യന്‍ സൈന്യം രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ ബോംബുകള്‍ വര്‍ഷിക്കുകയാണ്. തലസ്ഥാനമായ കീവിനെതിരെ വീണ്ടും ആക്രമണം സംഘടിക്കുന്നതിനുള്ള പുറപ്പാടിലാണ് റഷ്യന്‍ സൈന്യമെന്നും സെലന്‍സ്‌കി വിശദീകരിച്ചു.

റഷ്യന്‍ ആക്രമണം മൂന്നാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. ഉക്രൈനിയന്‍ ഭൂമി മോചിപ്പിക്കാന്‍ ഇനിയും എത്ര ദിവസം വേണ്ടിവരുമെന്ന് പറയാനാവില്ല. എന്നാല്‍ അത് കഴിയുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നമ്മള്‍ ലക്ഷ്യത്തിലേക്കും വിജയത്തിലേക്കും നീങ്ങുകയാണ്- സെലന്‍സ്‌കി പറഞ്ഞു.

യുദ്ധക്കെടുതികളില്‍ കുറവില്ല; 50 സ്‌കൂളുകള്‍ തകര്‍ന്നു

തെക്കന്‍ നഗരമായ മരിയുപോളില്‍, റഷ്യന്‍ ഷെല്ലാക്രമണവും 12 ദിവസമായി തുടരുന്ന പ്രതിരോധവും കുറഞ്ഞത് 1,582 സിവിലിയന്മാരുടെ ജീവനെടുത്തതായി സിറ്റി കൗണ്‍സില്‍ അറിയിച്ചു, ലക്ഷക്കണക്കിനാളുകള്‍ ഭക്ഷണമോ വെള്ളമോ ഹീറ്റിങോ ഇല്ലാതെ കുടുങ്ങിയിരിക്കുകയാണ്.

റഷ്യയുടെ ബോംബിംഗില്‍ ഖാര്‍കിവിലെ ഒരു മാനസികരോഗാശുപത്രിയും 50 ഓളം സ്‌കൂളുകളും നശിപ്പിക്കപ്പെട്ടു. മാനുഷിക ഇടനാഴിയിലൂടെ സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള ഒരു പുതിയ ശ്രമം പരാജയപ്പെട്ടതായും സൂചനയുണ്ട്. സ്ഥിതി ഗുരുതരമാണെന്ന് ഉക്രൈനിയന്‍ ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ് വാഡിം ഡെനിസെങ്കോ പറഞ്ഞു.

കിഴക്കന്‍ പട്ടണമായ ഇസിയത്തിന് സമീപം ഒരു മാനസിക രോഗാശുപത്രിയില്‍ ആക്രമണമുണ്ടായതായി ഉക്രൈനിയന്‍ അധികൃതര്‍ പറഞ്ഞു. രോഗികള്‍ ബേസ്മെന്റില്‍ അഭയം തേടുകയായിരുന്നു. അതിനാല്‍ ആര്‍ക്കും പരിക്കില്ലെന്ന് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.

മൂന്നാം ലോകമഹായുദ്ധം

ഉക്രെയ്നില്‍ റഷ്യയ്ക്കെതിരെ സൈനികമായി നേരിട്ട് ഇടപെടില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ വീണ്ടും വ്യക്തമാക്കി. റഷ്യയുമായി യുദ്ധം ചെയ്യുന്ന ഒരു അവസ്ഥയില്‍ യുഎസ് സേന മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കം കുറിക്കുകയാവും ചെയ്യുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ യോഗത്തില്‍ ഉക്രെയ്‌നിലെ യുഎസ് ജൈവായുധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെളിവുകളില്ലാതെയാണ് റഷ്യ അവകാശവാദം ഉന്നയിക്കുന്നതെന്ന് ബൈഡന്‍ ആരോപിച്ചു.

വരും മണിക്കൂറുകളില്‍ റഷ്യയുടെ അധിനിവേശത്തില്‍ ബെലാറസും ചേരുമെന്ന് ഉക്രെയ്ന്‍ ആരോപിച്ചു. ഡിനിപ്രോ നഗരങ്ങളെ ആക്രമിച്ച് റഷ്യ ഉക്രെയ്‌നില്‍ ആക്രമണം വിപുലീകരിച്ചുവെന്നും സേന സമ്മതിച്ചു

മധ്യ നഗരമായ ഡിനിപ്രോയിലെ കിന്റര്‍ഗാര്‍ട്ടന് സമീപം നടന്ന മൂന്ന് വ്യോമാക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. ഈ ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഖാര്‍കിവ് ഗവര്‍ണര്‍ ഒലെഹ് സിനെഗുബോവ് ആരോപിച്ചു.

എയര്‍ഫീല്‍ഡിലെ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടെന്നും ആറ് പേര്‍ക്ക് പരിക്കേറ്റെന്നും ലുട്‌സ്‌ക് മേയര്‍ പറഞ്ഞു. ഖാര്‍കിവില്‍, നൂറുകണക്കിന് ആളുകള്‍ മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടിയിട്ടുണ്ട്. നഗരം വീണ്ടും നിയന്ത്രണത്തിലാണെന്ന് മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു. തുടര്‍ച്ചയായ ബോംബാക്രമണം നടക്കുന്നുണ്ട്. 50 ഓളം സ്‌കൂളുകളും തകര്‍ന്നു.

സിവിലിയന്‍മാര്‍ പുറത്തിറങ്ങുന്നതും ഹ്യുമാനിറ്റേറിയന്‍ വാഹനവ്യൂഹങ്ങള്‍ അകത്ത് പ്രവേശിക്കുന്നതും റഷ്യ മനപ്പൂര്‍വം തടയുകയാണെന്ന് ഉക്രൈനിയന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. പ്രത്യേക ഓപ്പറേഷന്‍ ഒരിക്കലും സിവിലിയന്മാരെ ലക്ഷ്യമിടുന്നില്ലെന്ന് മോസ്‌കോ ആവര്‍ത്തിച്ചു.

തിരിച്ചടിച്ചും ചെറുത്തുനിന്നും ഉക്രൈന്‍

എന്നിരുന്നാലും, റഷ്യന്‍ കരസേന ഇപ്പോഴും പരിമിതമായ പുരോഗതി മാത്രമാണ് കൈവരിച്ചിട്ടുള്ളതെന്നാണ് സൂചന. ലോജിസ്റ്റിക് പ്രശ്നങ്ങളും ഉക്രൈനിയന്‍ പ്രതിരോധവും സൈന്യത്തിന്റെ മുന്നേറ്റത്തെ തടസ്സപ്പെടുത്തിയെന്ന് ബ്രിട്ടന്റെ രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തുന്നു.

കനത്ത നഷ്ടം ഏറ്റുവാങ്ങിയിട്ടും റഷ്യന്‍ സൈന്യം വീണ്ടും സംഘടിക്കുകയാണെന്ന് ഉക്രൈനിയന്‍ ജനറല്‍ സ്റ്റാഫ് പറഞ്ഞു. എന്നിരുന്നാലും, ബലേറസ് അതിര്‍ത്തിക്ക് സമീപത്തേയ്ക്ക് റഷ്യന്‍ മുന്‍ നിരയെ തള്ളിനീക്കാനായെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

വ്യോമാക്രമണം, റോക്കറ്റ് വെടിവയ്പ്പ്, കര ആക്രമണം എന്നിവയോടെ റഷ്യന്‍ സേനയെ എല്ലാ ദിശകളില്‍ നിന്നും അകറ്റിനിര്‍ത്തിയിരിക്കുകയാണെന്ന് പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് ഒലെക്സി അരെസ്റ്റോവിച്ച് പറഞ്ഞു.

ഉക്രൈനിയന്‍ പോരാളികള്‍ കീവിലും ഖാര്‍കിവിലും പ്രത്യാക്രമണം നടത്തി. യുദ്ധത്തിനു മുമ്പുള്ള 3.5 മില്യണിലധികം ആളുകള്‍ ഇപ്പോഴും നഗരത്തില്‍ അവശേഷിക്കുന്നുണ്ടെന്ന് കീവ് മേയറും മുന്‍ ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനുമായ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.

തലസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ആവശ്യമായ അവശ്യ സാധനങ്ങള്‍ ഉണ്ടെന്നും അകത്തേക്കും പുറത്തേക്കുമുള്ള സപ്ലൈ ലൈനുകള്‍ ഇപ്പോള്‍ തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കരിങ്കടല്‍ വളഞ്ഞെന്ന് റഷ്യ

കരിങ്കടല്‍ തുറമുഖം പൂര്‍ണ്ണമായും വളഞ്ഞിരിക്കുകയാണെന്ന് റഷ്യയുടെ പ്രതിരോധ വകുപ്പ് പറഞ്ഞു. ബലേറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായുള്ള കൂടിക്കാഴ്ചയില്‍ കീവുമായുള്ള ചര്‍ച്ചകളില്‍ ചില പോസിറ്റീവ് ഷിഫ്റ്റുകള്‍ ഉണ്ടാകുമെന്ന് പുടിന്‍ പറഞ്ഞു. എന്നാല്‍ അത് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

റഷ്യയുടെ പ്രധാന ആക്രമണ സേന കീവിന് വടക്കുള്ള റോഡുകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. മിന്നല്‍ ആക്രമണത്തിനുള്ള പ്രാരംഭ പദ്ധതിയാണിതെന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വരും ദിവസങ്ങളില്‍ റഷ്യ പുതിയ ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായി ബ്രിട്ടന്റെ പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. തെക്കുകിഴക്കന്‍ ഭാഗത്തുള്ള വിഘടനവാദി സഖ്യകക്ഷികള്‍ മരിയുപോളിന് വടക്കുള്ള വോള്‍നോവാഖ പട്ടണം പിടിച്ചെടുത്തതായി മോസ്‌കോ പറഞ്ഞു.

ബലേറസും കളത്തിലിറങ്ങുമോ…

മോസ്‌കോയുടെ സഖ്യകക്ഷിയായ ബലേറസിനെ യുദ്ധത്തിലേക്കെത്തിക്കാനുള്ള സാധ്യത ഉക്രൈയ്ന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് വഴിയൊരുക്കുന്നതിനായി ഉക്രൈയ്നില്‍ നിന്ന് ബലേറസിനെതിരെ റഷ്യ വ്യോമാക്രമണം നടത്തിയെന്നും ഇവര്‍ ആരോപിച്ചു.

ഫെബ്രുവരി 24ലെ അധിനിവേശത്തിന് മുമ്പും ശേഷവും റഷ്യന്‍ സേനയുടെ സ്റ്റേജിംഗ് പോസ്റ്റായി ബലേറസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

മോസ്‌കോ കാലികമായ സൈനിക ഉപകരണങ്ങളും ഊര്‍ജ്ജ വില ഉള്‍പ്പെടെയുള്ള പാശ്ചാത്യ ഉപരോധങ്ങളെ നേരിടാന്‍ പരസ്പര പിന്തുണയും നല്‍കുമെന്ന് പുടിനും ലുകാഷെങ്കോയും ധാരണയിലെത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ബലേറസ് ബെല്‍റ്റ അറിയിച്ചു.

റഷ്യയെ ‘വീഴ്ത്താന്‍’ ഇയുവും പാശ്ചാത്യരും; പ്രിയപ്പെട്ട രാഷ്ട്ര പദവി പോയി

അതേസമയം, ഉക്രൈയ്‌നിനെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ നിര്‍ബന്ധിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു.

ജി7 രാജ്യങ്ങള്‍ റഷ്യയ്ക്ക് നല്‍കിയ ‘ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രം’ എന്ന വ്യാപാര പദവി റദ്ദാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യന്‍ സമുദ്രവിഭവങ്ങള്‍, മദ്യം, വജ്രം എന്നിവയുടെ ഇറക്കുമതിക്ക് നിരോധനവും യുഎസ് പ്രഖ്യാപിച്ചു.

റഷ്യയ്‌ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ യോഗം തീരുമാനിച്ചു. ഉക്രൈയ്‌നിന് ആയുധങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട് നല്‍കുന്നതിനും ധാരണയായി.

ഇയു ഉപരോധത്തിന്റെ നാലാം പായ്ക്കേജ് ഇന്നു മുതല്‍

2027ഓടെ റഷ്യന്‍ ഊര്‍ജ വിതരണത്തെ ആശ്രയിക്കുന്നത് വെട്ടിക്കുറയ്ക്കും. മോസ്‌കോയുടെ പ്രിവിലേജ്ഡ് വ്യാപാരവും സാമ്പത്തിക ചികിത്സയും ഇന്ന് ബ്ലോക്ക് ചെയ്യുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ഇയുവിന്റെ റഷ്യന്‍ ഉപരോധത്തിന്റെ നാലാമത്തെ പായ്ക്കേജാണ് ഇന്ന് മുതല്‍ ആരംഭിക്കുക. ക്രിപ്‌റ്റോ-അസറ്റുകളുടെ ഉപയോഗം തകര്‍ക്കുക, റഷ്യയില്‍ നിന്നുള്ള ഇരുമ്പ്, ഉരുക്ക് സാധനങ്ങളുടെ ഇറക്കുമതിയും ആഡംബര വസ്തുക്കളുടെ കയറ്റുമതിയും നിരോധിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കുമെന്നും ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. എന്നാല്‍ ഇയുവില്‍ ചേരാനുള്ള ഉക്രൈയ്നിന്റെ അഭ്യര്‍ത്ഥന നിരസിച്ചു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.