head2
head1
head 3

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് : ഡെന്മാര്‍ക്കിന് തെറ്റ് പറ്റിയോ ?

കോപ്പന്‍ഹേഗന്‍ : ഡെന്മാര്‍ക്കിലെ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതിന് പിന്നാലെ രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്. അതേസമയം വാര്‍ത്ത തെറ്റാണെന്നും ഡെന്മാര്‍ക്കിലെ സ്ഥിതി മറ്റ് ലോക രാജ്യങ്ങളെപ്പോലെ മോശമല്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സ്റ്റേറ്റന്‍സ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് എസ് ഐ) ഉള്‍പ്പടെയുള്ള ഡാനിഷ് പബ്ലിക് ഹെല്‍ത്ത് അധികാരികള്‍.

ഫെബ്രുവരി ഒന്നാം തീയ്യതിയാണ് ഡെന്മാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. ഇത് പ്രകാരം കൊറോണ പോസിറ്റീവ് ആയ ഒരാള്‍ക്കും ഷോപ്പിംഗ് സെന്ററുകള്‍ അടക്കം സന്ദര്‍ശിക്കാനുള്ള അനുമതി ഉണ്ട്. മുന്‍പേ യു കെയും സാമാനമായ ഇളവുകള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ നല്‍കിയിരുന്നു. എന്നാല്‍ ഡെന്മാര്‍ക്കിലെ മരണ നിരക്ക് ഉയരുന്നത് ചൂണ്ടിക്കാട്ടി എറിക് ഫിഗ്ല്‍ ഡിങ്ങിനെ പോലുള്ള അമേരിക്കന്‍ എപിഡെമിയോളജിസ്റ്റുകള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഡെന്മാര്‍ക്കില്‍ ആശുപത്രിയില്‍ കഴിയുന്നതോ മരണപ്പെടുന്നതോ ആയ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുവെന്നത് തെളിയിക്കുന്ന ഗ്രാഫുകളും സ്ഥിതിവിവരക്കണക്കുകളും എറിക് ട്വീറ്റ് ചെയ്തിട്ടുണ്ട് . അതേസമയം, എസ് എസ് ഐയിലെ എപിഡെമിയോളജിസ്റ്റായ ഡോ. ലാസ്സേ സ്‌കാഫ്റ്റ് വെസ്റ്റര്‍ഗാര്‍ഡ് പറയുന്നത് ആദ്യ ഘട്ടങ്ങളില്‍ കോവിഡ് പോസറ്റീവ് മരണങ്ങളില്‍ 90 ശതമാനവും കോവിഡ് 19 മൂലമാണെന്നിരിക്കെ ഇപ്പോള്‍ അത് 30 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നാണ്. അത് കൊണ്ട് തന്നെ മരണ നിരക്കില്‍ വര്‍ദ്ധനയുണ്ടായിട്ടില്ലെന്നും എസ് എസ് ഐയുടെ വെബ്സൈറ്റിലെ ഗ്രാഫുകള്‍ പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാനിഷ് സാഹചര്യത്തെ അതിനേക്കാള്‍ പലമടങ്ങ് മോശമാക്കുന്ന വിവരങ്ങള്‍ ആണ് നല്‍കുന്നതെന്നും ആരോപണമുണ്ട്. ഓരോ പത്ത് പേരില്‍ ഒരാള്‍ക്ക് എങ്കിലും ഒമിക്രോണ്‍ ഉണ്ടെങ്കില്‍ ഓരോ കാര്‍ അപകടത്തില്‍ ഇരയാവുന്ന പത്ത് പേരില്‍ ഒരാള്‍ക്കും ഒമിക്രോണ്‍ ഉണ്ടായിരിക്കും എന്നും അത് കോവിഡ് മരണ നിരക്കിലെ വര്‍ദ്ധനവായി കണക്കാക്കാന്‍ ആവില്ലെന്നുമാണ് ഇക്കൂട്ടരുടെ വാദം.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.