head2
head 3
head1

ഡെന്മാര്‍ക്ക് സാമൂഹ്യ രോഗപ്രതിരോധശേഷി ആര്‍ജിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോപ്പന്‍ ഹേഗന്‍: കോവിഡ്-19 ന്റെ സാഹചര്യത്തില്‍ ഡെന്മാര്‍ക്ക് സാമൂഹ്യ രോഗപ്രതിരോധശേഷി ആര്‍ജിച്ചതായി സ്റ്റാറ്റന്‍സ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ടൈറ ഗ്രോവ് അറിയിച്ചു. ജനസംഖ്യയില്‍ വളരെയധികം പ്രതിരോധശേഷി ഉള്ളപ്പോള്‍ ഒരു രോഗത്തിന് വ്യാപകമായി സമൂഹത്തില്‍ പടരാനാവില്ലെന്നാണ് ആര്‍ജിത പ്രതിരോധ ശേഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിയന്ത്രണങ്ങളില്ലാതെ തന്നെ വൈറസിന്റെ വ്യാപനനിരക്ക് ഡെന്മാര്‍ക്കില്‍ കുറയുകയാണ്. പ്രതിദിനം രോഗബാധിതരാവുന്നവരുടെ എണ്ണം 8000 നും 11,000 നും ഇടയിലാണ്.

രോഗബാധയുണ്ടായാല്‍ ഏറ്റവും അപകടസാധ്യതയുള്ളത് പ്രായമായവരിലാണ്. അതേസമയം, ഏറ്റവും പ്രതിരോധശേഷിയുള്ള വിഭാഗം യുവാക്കളാണ്. അണുബാധ ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമാവില്ലെന്നും എന്നാല്‍ ആഴ്ചതോറും രോഗവ്യാപനത്തിന്റെ തോത് കുറയുമെന്നും റോസ്‌കില്‍ഡ് സര്‍വകലാശാലയിലെ എപിഡെമിയോളജി കണക്കുകളുടെ അസ്സോസിയേറ്റ് പ്രൊഫസര്‍ ആയ വിഗ്ഗോ ആന്‍ഡ്രിയാസെന്‍ പറഞ്ഞു.

വര്‍ഷാരംഭത്തില്‍ ഉയര്‍ന്ന അണുബാധാനിരക്ക് ഉണ്ടായിരുന്ന കോപ്പന്‍ഹേഗന്‍ പോലെയുള്ള നഗരങ്ങളില്‍ ഇപ്പോള്‍ പോസിറ്റിവ് കേസുകള്‍ വളരെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് കൊറോണയുടെ അവസാനമാണെന്ന് എസ്എസ്ഐ കരുതുന്നില്ല. കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധശേഷി എന്നെന്നേക്കുമായി നിലനില്‍ക്കില്ല. വര്‍ഷാവസാനത്തിന് മുന്‍പ് ഒരു പുതിയ വേരിയന്റിന് സാധ്യതയുണ്ടെന്ന് ആന്‍ഡ്രിയാസെന്‍ പ്രവചിച്ചു. എന്നാല്‍ ഇത് അപകടകരമല്ലാത്ത വകഭേദമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. നിലവില്‍ 0.7 ആണ് കോണ്‍ടാക്ട് അനുപാതം.

Comments are closed.