head1
head 3
head2

മനസുകൊണ്ട് റഷ്യക്കൊപ്പമാണോ ഡോണെറ്റ്സ്‌കും ലുഹാന്‍സ്‌കും ?

കീവ് : കിഴക്കന്‍ ഉക്രൈനിലെ റസ്റ്റ് ബെല്‍റ്റില്‍ സ്ഥിതി ചെയ്യുന്ന സ്വയം പ്രഖ്യാപിത വിമത റിപ്പബ്ലിക്കുകളായ ഡോണെറ്റ്സ്‌കും ലുഹാന്‍സ്‌കും യുദ്ധസാഹചര്യത്തില്‍ നിര്‍ണായകമായ സ്ഥലങ്ങളാകുന്നു. ഇവയുടെ സ്വാതന്ത്ര്യം നേരത്തെ മോസ്‌കോ രഹസ്യമായി അംഗീകരിച്ചിട്ടുള്ളതാണ്. ഇപ്പോഴത് പരസ്യമാക്കി എന്നേയുള്ളു. ഈ പ്രദേശത്തുള്ള എട്ടു ലക്ഷത്തോളം പേര്‍ക്കാണ് റഷ്യ അടുത്തിടെ മാത്രം പാസ്‌പോര്‍ട്ട് നല്‍കിയത്.

ഉക്രൈനിലെ കല്‍ക്കരി ഖനികളുടെയും ഉരുക്ക് ഉത്പാദനത്തിന്റെയും പ്രധാന കേന്ദ്രമാണ് ഡോണെറ്റ്സ്‌ക്. ഒരിക്കല്‍ സ്റ്റാലിനോ എന്നറിയപ്പെട്ടിരുന്ന ഇടമാണിത്. വലിയ കല്‍ക്കരി ശേഖരമുള്ള വ്യാവസായിക നഗരം ആണ് ലുഹാന്‍സ്‌കും. സോവിയറ്റ് കാലഘട്ടത്തില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നിരവധി റഷ്യന്‍ തൊഴിലാളികളെ അവിടേക്ക് അയച്ചിരുന്നു.

ഉക്രൈന്‍ സൈന്യവും മോസ്‌കോ പിന്തുണയുള്ള വിഘടനവാദികളും തമ്മിലുള്ള പോരാട്ടത്തില്‍ 14,000 -ത്തിലധികം ആളുകള്‍ ഇതിനോടകം കൊല്ലപ്പെട്ടുവെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014 മുതലുള്ള സംഘര്‍ഷങ്ങളുടെ ഫലംകൂടിയാണ് ഇന്നത്തെ യുദ്ധസാഹചര്യം.

2014ല്‍ റഷ്യ ക്രിമിയ പിടിച്ചടക്കിയതിനെത്തുടര്‍ന്ന് ക്രെംലിന്‍ പിന്തുണയുള്ള കലാപത്തിന് ശേഷം ഈ പ്രദേശങ്ങള്‍ കീവിന്റെ സൈന്യവുമായി സായുധ പോരാട്ടത്തിലായിരുന്നു. റഷ്യ കിഴക്കന്‍ ദിക്കുകളില്‍ കലാപത്തിന് പ്രേരിപ്പിച്ചെന്നും അതിനായി ആയുധങ്ങളും സൈന്യവും ഒഴുക്കിയെന്നും കീവും പടിഞ്ഞാറും പറയുന്നു. അതേസമയം, ഈ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയാണെന്ന് റഷ്യന്‍ പ്രെസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ തിങ്കളാഴ്ച പറഞ്ഞു.

കിഴക്കന്‍ ഉക്രൈനിന്റെ വലിയൊരു ഭാഗം റഷ്യന്‍ സംസാരിക്കുന്ന പ്രദേശമാണെന്നും അത് ഉക്രേനിയന്‍ ദേശീയതയില്‍ നിന്ന് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഉള്ള വാദപ്രതിവാദങ്ങളുടെ ഇടം കൂടിയാണ് ഡോന്‍ബാസ്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.