head2
head 3
head1

ജീവനുള്ള കോശങ്ങളില്‍ നിന്നും ത്രീ-ഡി പ്രിന്റിങ്ങിലൂടെ രൂപപ്പെടുത്തിയ ചെവി മനുഷ്യ ശരീരത്തില്‍ ഇംപ്ലാന്റ് ചെയ്തു

വാഷിങ്ടണ്‍: ജീവനുള്ള മനുഷ്യകോശങ്ങളില്‍ നിന്നും ത്രിഡീ പ്രിന്റിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപപ്പെടുത്തിയ ചെവി മനുഷ്യ ശരീരത്തില്‍ വച്ചുപിടിപ്പിച്ച് വൈദ്യശാസ്ത്രരംഗത്ത് സുപ്രധാന മുന്നേറ്റവുമായി യു.എസ് കമ്പനി. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 3DBio Therapeutics എന്ന കമ്പനിയാണ് ന്യൂയോര്‍ക്കിലെ അവരുടെ ലാബില്‍ വച്ച് ഇത് വികസിപ്പിച്ചത്. വലതുചെവിയില്‍ ജന്‍മനാ വൈകല്യമുള്ള ഒരു സ്ത്രീയിലാണ് ഇത്തരത്തില്‍ ചെവി ഇംപ്ലാന്റ് ചെയ്തത്.

ഇവരുടെ ചെവിയിലെ തരുണാസ്ഥിയില്‍ നിന്നും എടുത്ത സാമ്പിള്‍ ഉപയോഗിച്ചായിരുന്നു കമ്പനി പരീക്ഷണം ആരംഭിച്ചത്. ജീവനുള്ള ഈ കോശങ്ങളെ കമ്പനിയുടെ collagen-based bio-ink ലേക്ക് കൂട്ടിച്ചേര്‍ത്തു. പിന്നീട് ഈ മിശ്രിതം ഉപയോഗിച്ച് ത്രീഡി ബയോപ്രിന്റര്‍ വഴി സ്ത്രീയുടെ ഇടത് ചെവിയുടെ അതേ രൂപത്തില്‍ പ്രിന്റ് ചെയ്ത് എടുക്കുകയായിരുന്നു. ഇതിന് ശേഷം ഒരു സര്‍ജന്റെ നേതൃത്വത്തില്‍ ഈ ചെവി സ്ത്രീയുടെ വലത് ചെവിയുടെ ഭാഗത്തെ ചര്‍മ്മത്തിന് കീഴിലായി ഇംപ്ലാന്റ് ചെയ്യുകയും ചെയ്തു.

ഇതാദ്യമായാണ് ഒരു കമ്പനി ഇത്തരത്തില്‍ ഒരു ശരീര അവയവം മുഴുവനായി പ്രിന്റ് ചെയ്ത് കൊണ്ട് ഇംപ്ലാന്റ് ചെയ്യുന്നതെന്ന് 3DBio യുടെ സി.ഇ.ഒ യും സഹസ്ഥാപകനുമായ ഡാനിയല്‍ കോഹന്‍ അവകാശപ്പെട്ടു. ഇതേ സാങ്കേതിക വിദ്യയിലുടെ ഭാവിയില്‍ മൂക്ക്, സ്‌പൈനല്‍ ഡിസ്‌കുകള്‍ തുടങ്ങി ശരീരത്തിലെ മറ്റ് അവയവങ്ങള്‍ കൂടി പ്രിന്റ് ചെയ്യാമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. നിലവില്‍ Microtia എന്ന അവസ്ഥ മൂലം ചെവിയില്‍ വൈകല്യമുള്ള പത്തോളം പേരില്‍ ഇതേ പരീക്ഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.