head2
head1
head 3

ആര്‍പ്പുവിളിച്ചവരെ നിരാശപ്പെടുത്തിയില്ല, വിമര്‍ശിച്ചവരുടെ വായ അടപ്പിച്ച് സഞ്ജുവിന്റെ മാസ്റ്റര്‍ ക്ലാസ് പ്രകടനം

20 അന്താരാഷ്ട്ര മാച്ചുകള്‍ പോലും കളിച്ചിട്ടില്ലാത്ത ഇവനെവിടുന്നാ ഇത്രയധികം ഫാന്‍സെന്ന് ഇന്ത്യന്‍ നായകനും മറ്റു കളിക്കാരുമൊന്ന് ചിന്തിച്ചുകാണും. അതും അയര്‍ലണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍! പറയുന്നത് മറ്റാരെ കുറിച്ചുമല്ല, മലയാളികളുടെ സ്വന്തം സഞ്ജു സാംസണിനെ പറ്റിയാണ്. സഞ്ജുവിന്റെ ബാറ്റില്‍ നിന്നും ഓരോ റണ്‍സ് പിറക്കുമ്പോഴും ഗാലറിയില്‍ “സഞ്ജു…സഞ്ജു” എന്ന ആര്‍പ്പുവിളിയുമായി അയര്‍ലണ്ടിലെ മലയാളി സമൂഹവും ഇന്ത്യന്‍ ആരാധകരും ആവേശഭരിതരാകുന്ന കാഴ്ചയ്ക്ക് ഡബ്ലിനിലെ ക്രിക്കറ്റ് സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചു.

നേരത്തെ, ടോസ് ഇടാന്‍ നേരത്ത് ടീമില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടോ എന്ന് കമന്റേറ്റര്‍ ചോദിച്ചപ്പോള്‍ സഞ്ജുവും പ്ലെയിങ് ഇലവനില്‍ ഉണ്ടെന്ന് ഹര്‍ദിക് പാണ്ട്യ പറഞ്ഞതു മുതല്‍ തുടങ്ങിയതാണ് കാഹളം മുഴക്കല്‍. സഞ്ജുവിന്റെ ആരാധക പിന്തുണ കണ്ട് ഇന്ത്യന്‍ നായകന്‍ അമ്പരന്നുവെന്നതില്‍ സംശയമില്ല. റുതുരാജ് ഗെയ്ക്വാദിനു പകരം സഞ്ജു സാംസണ്‍ ടീമിലെത്തിയതായി പാണ്ട്യ പറഞ്ഞപ്പോഴായിരുന്നു കാണികളുടെ ആര്‍പ്പുവിളി. ഇതോടെ നായകന് സംസാരം നിര്‍ത്തേണ്ടിയും വന്നു. വെറും 14 അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രം കളിച്ചിരുന്ന പയ്യന് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനും മുന്‍ ഇന്ത്യന്‍ നായകന്മാര്‍ മഹേന്ദ്ര സിങ് ധോണിക്കും വിരാട് കോഹ്ലിക്കും കിട്ടിയ സ്വീകരണമാണ് ക്രിക്കറ്റ് ആരാധകരില്‍ നിന്ന് ലഭിച്ചത്.

ലഭിച്ച കാഹളത്തിനും കരഘോഷത്തിനും മറുപടിയായി ആരാധകരെ നിരാശപെടുത്താതെ, തന്റെ അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ അര്‍ദ്ധ സെഞ്ചുറിയും നേടി മിന്നുന്ന പ്രകടനവും കാഴ്ചവെക്കാന്‍ മലയാളി ചെക്കന് സാധിച്ചു. ഇഷാന്‍ കിഷനൊപ്പം ഓപ്പണ്‍ ചെയ്ത സഞ്ജു വെറും 42 പന്തുകളില്‍ നിന്നാണ് 9 ഫോറുകളും 4 സിക്‌സറുകളുമായി 77 റണ്‍സ് അടിച്ചുകൂട്ടിയത്. ടീമിലെ സ്ഥിരസാന്നിധ്യം എന്നത് കൈപ്പിടിയിലാക്കാന്‍ മത്സരിക്കുന്നതിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ദീപക് ഹൂഡയോട് ചേര്‍ന്ന് ഇന്ത്യയുടെ ടി20 യിലെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പിന് ഈ 27 വയസുകാരന്‍ പങ്കാളിയായത്.

ബൗണ്ടറി അടിച്ചുകൊണ്ട് തന്റെ ഇന്നിംഗ്‌സ് ആരംഭിച്ച സഞ്ജു ഒരു ടി20 മത്സരത്തില്‍ ഏതു തരം മനോഭാവത്തില്‍ തുടങ്ങണമെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചു തന്നു. കോപ്പിബുക്ക് ഷോട്ടുകളും, ഒപ്പം മസില്‍പവറും കൊണ്ട് ഗാലറിയിലേക്ക് പന്തുകള്‍ അടിച്ചു വിട്ടപ്പോള്‍ ഇന്ത്യന്‍ സിലക്ടര്‍മാര്‍ക്ക് തലവേദന കൂടി എന്നതില്‍ സംശയമില്ല. സ്ഥിരത ഇല്ലെന്നും പറഞ്ഞ് കഴിവ് തെളിയിക്കാന്‍ മറ്റു കളിക്കാര്‍ക്ക് കൊടുക്കുന്നതിന്റെ പകുതി അവസരം പോലും നല്‍കാതെ തഴഞ്ഞവര്‍ക്കുള്ള തക്ക മറുപടിയാണ് സഞ്ജു ഇന്നലെ നല്‍കിയത്.

ഒട്ടും സെല്‍ഫിഷ് ആവാതെ നന്നായി തകര്‍ത്തടിച്ചുകൊണ്ടിരുന്ന ഹൂഡക്ക് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിച്ചൊരു ആങ്കര്‍ ഇന്നിങ്‌സ് കൂടിയായിരുന്നു സഞ്ജുവിന്റേത്. സെഞ്ചുറി അയച്ചില്ലെങ്കിലും സ്‌കോര്‍ ബോര്‍ഡിലേക് നോക്കുമ്പോള്‍ ഹൂഡയ്ക്ക് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് സഞ്ജുവിനുള്ളതായി കാണാം. 20 ഓവര്‍ മത്സരത്തില്‍ എങ്ങനെ ആങ്കര്‍ ഇന്നിങ്‌സ് കളിക്കണമെന്ന് പഠിപ്പിച്ചു തന്നയൊരു ബ്രില്ലിയന്റ് ഇന്നിംഗ്‌സ്! റെക്കോര്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പിന്റെ ഭാഗഭാക്കാവുക, ഭാവി നിര്‍ണ്ണയിക്കുന്ന കളിയില്‍ത്തന്നെ കരിയറിലെ ടോപ് സ്‌കോറിങ്ങ് ഇന്നിംഗ്‌സ് കളിക്കുക എന്നതൊക്കെ എല്ലാര്‍ക്കും പറ്റുന്ന കാര്യമല്ല.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ദുര്‍ബലരായ അയര്‍ലണ്ടിനെതിരെയാണ് സഞ്ജു തിളങ്ങിയത് എന്ന വിമര്‍ശനം ആണേല്‍, ഇഷാന്‍ കിഷനും ദിനേശ് കാര്‍ത്തിക്കും സൂര്യ കുമാര്‍ യാദവും എന്തെ ഇന്നലെ തിളങ്ങാതെ പോയത്? ക്രെയിഗ് യങ്ങിനെപ്പോലുള്ള പരിചയസമ്പന്നരായ ബോളര്‍മാര്‍ അടങ്ങിയ ഐറിഷ് പടയും അത്ര മോശമായിരുന്നില്ല. ഇന്ത്യയുടെ മികച്ച ബൗളര്‍മാര്‍ക്ക് അയര്‍ലണ്ട് ബാറ്റേഴ്‌സിന്റെയും ചൂടറിയാന്‍ ഇന്നലത്തെ ത്രില്ലിംഗ് മത്സരത്തില്‍ സാധിച്ചിരുന്നു.

ഇവിടം കൊണ്ടൊന്നും തീര്‍ന്നില്ല. സഞ്ജുവിനെ സാക്ഷാല്‍ സച്ചിനോടുപോലും താരതമ്യം ചെയ്യുന്നതും നമ്മള്‍ കണ്ടു! ”ഞാന്‍ സഞ്ജുവിനെ ആദ്യമായിട്ട് കാണുന്ന സമയത്ത് അയാള്‍ക്ക് 17 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അന്ന് ആ പയ്യനില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ചില സവിശേഷതകള്‍ ഞാന്‍ കണ്ടിരുന്നു. എനിക്കിത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സച്ചിന്‍ എന്ന് തന്നെയാണ് ഞാന്‍ ഉച്ചരിച്ചത്…!” ഇന്നലത്തെ മത്സരത്തിനിടെ കമന്റേറ്ററായ അലന്‍ വില്‍ക്കിന്‍സ് മുന്നോട്ടുവെച്ച അഭിപ്രായമാണിത്.

സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ചിട്ടുണ്ട്. IPL-ല്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ വരെ എത്തിച്ച നായകന്‍ സഞ്ജുവിനെയും ആരും മറന്നു കാണില്ല. സഞ്ജുവിനെ പരിഹസിക്കാനും ഇടിച്ചുതാഴ്ത്താനും ചിലരൊക്കെ പരസ്പരം മത്സരിക്കാറുണ്ട്. അവര്‍ക്കെല്ലാം മറുപടിയായി വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഈ മലയാളി പയ്യന്‍ ഇടം നേടിയാലും അത്ഭുതപ്പെടാനില്ല. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തനിക്കുനേരെ വരുന്ന പന്തിനെ അതിന്റെ ഡബിള്‍ ഇരട്ടി വേഗത്തില്‍ ബൗണ്ടറിയിലേക്ക് പറഞ്ഞയക്കാനുള്ള കഴിവും മസില്‍ പവറും ഉള്ള ചുരുക്കം ചില ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സഞ്ജു സാംസണ്‍.

Comments are closed.