head1
head 3
head2

പുടിനെ കൂച്ചിക്കെട്ടാന്‍ സര്‍വ്വ കെണികളൊരുക്കി ലോകരാജ്യങ്ങള്‍

ഡബ്ലിന്‍ : ലോകത്തെയാകെ ഭീതിയുടെ യുദ്ധമുഖത്തെത്തിച്ച റഷ്യയെയും നേതാവ് വ്ളാഡിമിര്‍ പുടിനെയും കൂച്ചിക്കെട്ടാന്‍ സര്‍വ്വ കെണികളുമൊരുക്കുകയാണ് പേയ്‌മെന്റ് കാര്‍ഡ് സ്ഥാപനങ്ങള്‍. സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിസയും മാസ്റ്റര്‍കാര്‍ഡും റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സ്വിഫ്റ്റ് പേയ്‌മെന്റ് സംവിധാനത്തിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നത് ഉള്‍പ്പെടെ യുഎസ്, ബ്രിട്ടന്‍, യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ശനിയാഴ്ചയാണ് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്.

കാര്‍ഡുകളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്നും ബാങ്കുകള്‍ പണം പിന്‍വലിക്കുന്നത് പരിമിതപ്പെടുത്തുമെന്നുമുള്ള ആശങ്ക പരന്നതോടെ റഷ്യക്കാര്‍ കൂട്ടത്തോടെ എടിഎമ്മുകളിലേക്ക് എത്തി. അതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി നീണ്ട ക്യൂവാണ് എടിഎമ്മുകളില്‍. റഷ്യയില്‍ നിന്നുള്ളവര്‍ക്ക് ഈ കാര്‍ഡുകളുപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയാത്ത വിധം ഞെരുക്കാനാണ് ഉപരോധത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യന്‍ സെന്‍ട്രല്‍ ബാങ്കും രണ്ടാമത്തെ വലിയ വായ്പാ സ്ഥാപനമായ വിടിബിയും ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളെ യുഎസ് പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

ഉക്രെയ്ന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് പല പാശ്ചാത്യ ബാങ്കുകളും വിമാനക്കമ്പനികളും റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചു. യൂറോപ്യന്‍ രാജ്യങ്ങളും കാനഡയും വ്യോമാതിര്‍ത്തികളും റഷ്യന്‍ വിമാനങ്ങള്‍ക്കു മുന്നില്‍ അടച്ചിരിക്കുകയാണ്.

ഉപരോധം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വിസയും മാസ്റ്റര്‍ കാര്‍ഡും പറഞ്ഞു. ഉക്രെയ്നെ സഹായിക്കുന്നതിനായി 2 മില്യണ്‍ ഡോളര്‍ വീതം സംഭാവന ചെയ്യുമെന്നും ഇരു സ്ഥാപനങ്ങളും അറിയിച്ചു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.