head1
head 3
head2

‘ഇന്ത്യന്‍ ഭരണഘടന ജനങ്ങളെ കൊളളയടിക്കാനുള്ളത്’; മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനതപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരയുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി രൂക്ഷമായി വിമര്‍ശിച്ചതാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. പരാമര്‍ശം ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്നും വിഷയത്തെ ഗൗരവമായാണ് രാജ്ഭവന്‍ കാണുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരന്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും’. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നൂറിന്റെ നിറവില്‍ എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം.

സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നേത് മാത്രമാണ് ആ ഭരണഘടനയുടെ ഉദ്ദേശ്യം. തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ഭരണഘടനയാണ് അതിന് കാരണം. അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമൊക്കെ മുതലാളിമാര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. മുതലാളിമാര്‍ക്ക് അനുകൂലമായാണ് മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നാട്ടില്‍ എന്ത് പ്രശ്നമുണ്ടായാലും തൊഴിലാളി സംഘടനകളെയാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് സജി ചെറിയാന്‍

തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചത്. ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാന്‍ ഭരണഘടന ശാക്തീകരിക്കണമെന്നും അത് തന്റേതായ രീതിയില്‍ പറയുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനക്ക് അവമതിപ്പ് ഉണ്ടാക്കും വിധം സംസാരിച്ചില്ല. അസമത്വങ്ങള്‍ക്ക് എതിരെ നിയമപോരാട്ടത്തിന് രാജ്യത്ത് നിയമങ്ങളില്ല. സാമൂഹികനീതി നിഷേധം ചൂണ്ടിക്കാട്ടുക മാത്രമാണ് പ്രസംഗത്തില്‍ ചെയ്തത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദവും ദുഃഖവുമുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.

മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

സജി ചെറിയാന്‍ ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രി രാജി വെക്കണം. അല്ലെങ്കില്‍ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിവാദ പരാമര്‍ശം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. രാഷ്ട്രീയ വിഷയം മാറ്റാന്‍ ഭരണഘടനയെ തിരഞ്ഞെടുത്തത് മോശമായിപ്പോയി. ഇത്തരമൊരു പ്രസ്താവന നടത്തിയ മന്ത്രി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി തുടരരുത്. രാജ്യത്തോട് കൂറ് കാണിക്കാത്തവര്‍ക്ക് ഇവിടെ നില്‍ക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും സജി ചെറിയാന്‍ സ്വയം രാജിവെച്ച് പോകണം അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു.

രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം

സജി ചെറിയാനെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. നാവു പിഴയാകാമെന്നാണ് സംഭവത്തോട് എംഎ ബേബി പ്രതികരിച്ചത്. സജി ചെറിയാന്‍ രാജിവയ്ക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.

Comments are closed.