head 3
head2
head1

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമായതോടെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് വെറുംകൈയോടെ മടങ്ങാം. ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കിയതിന് പിന്നാലെ ഏകദിന പരമ്പരയില്‍ രണ്ടാമത്തെ മത്സരവും ജയിച്ച് ദക്ഷിണാഫ്രിക്ക ഇന്ത്യയെ 2-0 ന് പിന്നിലാക്കിയിരിക്കുകയാണ്. നാളെ നടക്കുന്ന അവസാന മത്സരത്തില്‍ ആശ്വാസജയത്തിന് വേണ്ടി ഇന്ത്യ പൊരുതും.

രണ്ടാം മത്സരത്തില്‍ ഇന്ത്യയെ ഏഴൂ വിക്കറ്റിനാണ് പ്രോട്ടീസ് പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ നായകന്‍ കെഎല്‍ രാഹുലും ഋഷഭ് പന്തും നേടിയ അര്‍ദ്ധശതകത്തിന് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരായ ജെന്നിമാന്‍ മലനും ക്വന്റണ്‍ ഡീക്കോക്കും അതേ നാണയത്തില്‍ മറുപടി പറഞ്ഞപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഉത്തരമില്ലാതെയായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എടുത്തപ്പോള്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ഈ സ്‌കോര്‍ അനായാസം മറികടന്നു.

91 റണ്‍സ് അടിച്ച മലനും 78 റണ്‍സ് എടുത്ത ഡീക്കോക്കും മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. മദ്ധ്യനിര ബാറ്റ്സ്മാന്‍മാരായ ടെമ്പാ ബാവുമയും എയ്ഡന്‍ മാര്‍ക്രവും അത് മുതലാക്കുക കൂടി ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം എളുപ്പമായി. ഇന്ത്യയ്ക്കായി പന്ത് 85 റണ്‍സും രാഹുല്‍ 50 റണ്‍സും എടുത്തിരുന്നു.

പുതിയ നായകന്റെ കീഴില്‍ ഒരു ടെസ്റ്റ് മത്സരവും ഒരു ഏകദിന പരമ്പരയും ഇന്ത്യക്ക് നഷ്ടമായിരിക്കുകയാണ്. അവസാന മത്സരത്തില്‍ ആശ്വാസജയത്തിന് വേണ്ടി ഇറങ്ങുമ്പോള്‍ നായകന്‍ രാഹുല്‍ ടീമില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാം.

Comments are closed.