head 3
head1
head2

ഏകദിനത്തില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ; ദക്ഷിണാഫ്രിക്കയ്ക്ക് 31 റണ്‍സ് ജയം

പാള്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 31 റണ്‍സിന്റെ തോല്‍വി. 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മധ്യനിര ബാറ്റേഴ്‌സിന്റെ മോശം പ്രകടനമാണ് വിനയായത്. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തി. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 296-4, ഇന്ത്യ 50 ഓവറില്‍ 265-8.

ആതിഥേയര്‍ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, ഓപ്പണര്‍ ശിഖര്‍ ധവാന്റെയും മുന്‍ നായകന്‍ വിരാട് കൊഹ്ലിയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയിരുന്നു. എങ്കിലും ഇരുവരും പുറത്തായതിനു ശേഷം ക്രീസിലെത്തിയ യുവതാരങ്ങളാരും വേണ്ട രീതിയില്‍ തിളങ്ങാത്തതാണ് തോല്‍വിക്ക് കാരണം. നായകന്‍ കെ.ല്‍ രാഹുലും 12 റണ്‍സിന് പുറത്തായി. തോല്‍വി ഉറപ്പായിട്ടും അവസാന നിമിഷം വെടിക്കെട്ട് നടത്തിയ ശാര്‍ദുല്‍ താക്കൂറിന്റെ അര്‍ധസെഞ്ചുറി (50*) പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നായകന്‍ ടെമ്പ ബാവുമ(110)യുടെയും വാന്‍ ഡെര്‍ ഡസ്സെന്റെ(129)യും സെഞ്ച്വറി കരുത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് അടിച്ചു കൂട്ടി. ആദ്യ മൂന്ന് വിക്കറ്റുകള്‍ വേഗത്തില്‍ പിഴുതെടുക്കുവാന്‍ സാധിച്ചിട്ടും ബാവുമയുടെയും ഡസ്സെന്റെയും പാര്‍ട്ണര്‍ഷിപ് തകര്‍ക്കുവാന്‍ ഇന്ത്യക്ക് കഴിയാതെ പോയി. 204 റണ്‍സാണ് ഇരുവരും ചേര്‍ന്ന് വാരികൂട്ടിയത്. രണ്ട് വിക്കറ്റെടുത്ത വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ മാത്രമാണ് ബേധപെട്ട പ്രകടനം കാഴ്ചവെച്ചത്.

ഏറെ നാളുകള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ശിഖര്‍ ധവാനാണ് (79) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കോഹ്ലി 51 റണ്‍സെടുത്ത് പുറത്തായി. 29-ാം ഓവറില്‍ കോഹ്ലി പുറത്തായതിന് ശേഷം 152-3 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മധ്യനിര ബാറ്റേഴ്സ് ഇന്ത്യന്‍ തോല്‍വി വേഗത്തിലാക്കി. വാലറ്റത്ത് 43 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന താക്കൂറിന്റെ പോരാട്ടം ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു.

Comments are closed.