head 3
head1
head2

ദക്ഷിണാഫ്രിക്കയില്‍ പരമ്പര വിജയം സ്വപ്നമായി അവശേഷിക്കും; അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തോല്‍വി

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു പരമ്പര വിജയം നേടാനായി ഇന്ത്യ ഇനിയും കാത്തിരിക്കണം. കേപ്ടൗണില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം നാലാം ദിവസം അനായാസം ദക്ഷിണാഫ്രിക്ക മറികടന്നു. പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയതോടെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയില്‍ പരമ്പര വിജയം സ്വപ്നം മാത്രമായി അവശേഷിക്കും.

ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടും വേണ്ടത്ര റണ്‍സ് നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. 201 പന്തില്‍ 79 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്ലിയും 77 പന്തില്‍ 43 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയും മാത്രമാണ് മികച്ചു നിന്നത്. നാല് വിക്കറ്റെടുത്ത കാഗിസോ റബാഡയും മൂന്ന് വിക്കറ്റെടുത്ത മാര്‍ക്കോ ജാന്‍സണും ഇന്ത്യക്ക് കടുത്ത പ്രഹരമേല്പിച്ചു. എന്നിരുന്നാലും, മറുപടി ബാറ്റിങ്ങില്‍ 210 റണ്‍സിന് ആതിഥേയരെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞതോടെ നേരിയ ലീഡ് നേടുവാന്‍ ഇന്ത്യക്ക് സാധിച്ചു. 72 റണ്‍സ് നേടിയ കീഗന്‍ പീറ്റേഴ്‌സണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിലും ഓപ്പണര്‍മാര്‍ തിളങ്ങാതായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. 143 പന്തില്‍ 29 റണ്‍സെടുത്ത കോഹ്ലിയും 139 പന്തില്‍ 100 റണ്‍സെടുത്ത ഋഷഭ് പന്തും മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. പന്തിന്റെ സെഞ്ച്വറി മികവില്‍ 198 റണ്‍സ് നേടുവാന്‍ സാധിച്ചുവെങ്കിലും 211 ലീഡ് മാത്രമേ സന്ദര്‍ശകര്‍ക്ക് നേടാന്‍ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ ജാന്‍സണും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ റബാഡയും ലുങ്കി എന്‍ഗിഡിയുമാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.

ഇന്ത്യന്‍ ആരാധകര്‍ എന്നത്തേയും പോലെ അവരുടെ ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിച്ചിരുന്നുവെങ്കിലും 212 റണ്‍സ് അവര്‍ക്ക് ഡിഫന്‍ഡ് ചെയ്യാന്‍ പറ്റുന്നതല്ലായിരുന്നു. അവസാന ഇന്നിഗ്സില്‍ വെറും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താനെ ഇന്ത്യക്ക് കഴിഞ്ഞുള്ളു. ദിവസവും സമയവും ഏറേ ബാക്കി നില്‍ക്കെ ഒട്ടും സമ്മര്‍ദ്ദമില്ലാതെ അനായാസമായി തന്നെ ഡീന്‍ എല്‍ഗറും സംഘവും അത് മറികടന്നു. 30 റണ്‍സെടുത്ത നായകന്‍ എല്‍ഗറും 82 റണ്‍സെടുത്ത പീറ്റേഴ്‌സണും ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് സംഭാവന നല്‍കി മടങ്ങിയപ്പോള്‍ ടെമ്പ ബാവുമയും (32) ഡെര്‍ ഡസ്സെനും (41) ചേര്‍ന്ന് വിജയം ഉറപ്പിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഒരു പരമ്പര വിജയം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യ മത്സരം ജയിച്ച് മേല്‍ക്കൈ നേടിയ ശേഷമാണ് ഇന്ത്യ രണ്ടു മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞത്. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയിലും ഇന്ത്യക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.

Comments are closed.