head2
head 3
head1

അയര്‍ലണ്ടിനെ ഇല്ലാതാക്കുന്ന ആണവ ആക്രമണം അവതരിപ്പിച്ച് റഷ്യന്‍ ടി വി ഷോ

ഡബ്ലിന്‍ : അയര്‍ലണ്ടിനെ മുച്ചൂടും നശിപ്പിക്കുന്ന ആണവ ആക്രമണം അവതരിപ്പിച്ച് റഷ്യന്‍ ടി വി ഷോ ഭീതി പരത്തി. റഷ്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി വിക്ഷേപിച്ച അണ്ടര്‍വാട്ടര്‍ ന്യൂക്ലിയര്‍ ഡ്രോണ്‍ അയര്‍ലണ്ടിനെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതാണ് ദിമിത്രി കിസെലിയോവ് അവതരിപ്പിച്ച ഈ നശീകരണ കഥയുടെ ഇതിവൃത്തം. അയര്‍ലണ്ട് ഇനിയും ഇതിനെതിരെ രംഗത്തുവന്നിട്ടില്ല. ടി വി അവതാരകന്റെ വിക്രിയയെന്ന് റഷ്യ ലഘൂകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഈ ആണവ ‘പരീക്ഷണം’ വലിയ വിവാദമായിട്ടുണ്ട്.

അയര്‍ലണ്ടും യുകെയും ‘ഇല്ലാതാകും’

100 മെഗാ ടണ്‍ വാര്‍ഹെഡില്‍ നിന്നുള്ള സ്ഫോടനം 500 മീറ്റര്‍ വരെ ഉയരമുള്ള സുനാമിയ്ക്ക് കാരണമാകുമെന്ന് ചിത്രീകരണത്തില്‍ അവതാരകന്‍ അവകാശപ്പെടുന്നു. ഈ സുനാമിയില്‍ അയര്‍ലണ്ടും യുകെയും ‘ഇല്ലാതാകുമെന്നും’ പ്രോഗ്രാം പറയുന്നു. പ്രോഗ്രാമില്‍ ഡോണഗേല്‍ തീരത്താണ് അണ്ടര്‍വാട്ടര്‍ മിസൈല്‍ സ്ഥാപിക്കുന്നതായി കാണിക്കുന്നത്.

ആര്‍ക്കും തടയാനാവില്ലെന്ന് അവതാരകന്‍

റഷ്യയുടെ റിമോട്ട് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ പൊസൈഡണ്‍ ഉപയോഗിച്ച് ബ്രിട്ടനെ കടലില്‍ മുക്കിക്കളയുകയാണ് മറ്റൊരു ഓപ്ഷനെന്ന് അവതാരകന്‍ ‘കൂളായി’ വിശദീകരിക്കുന്നു. ഒരു കിലോമീറ്റര്‍ താഴ്ചയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ എത്തുന്ന ഈ അണ്ടര്‍വാട്ടര്‍ ഡ്രോണിനെ തടയാന്‍ ആര്‍ക്കുമാകില്ല. ഇത് സംഭവിച്ചാല്‍ അവശേഷിക്കുന്ന ബ്രിട്ടീഷ് ദ്വീപുകള്‍ കൂടി റേഡിയോ ആക്ടീവ് മരുഭൂമികളാകുമെന്നും അവതാരകന്‍ അട്ടഹസിക്കുന്നു.

വെറും ടി വി പ്രോഗ്രാമെന്ന് റഷ്യന്‍ എംബസി

സംഭവം വിവാദമായതോടെ ഇതിനെ ഒരു ടി വി പ്രോഗ്രാമായി കണ്ടാല്‍ മതിയാകുമെന്ന വിശദീകരണവുമായി അയര്‍ലണ്ടിലെ റഷ്യന്‍ എംബസി രംഗത്തുവന്നു. റഷ്യ അണ്വായുധം ഒരിക്കലും ഉപയോഗിക്കില്ലെന്നും ടി വി പ്രോഗ്രാം എഡിറ്റര്‍മാരുടെ സ്വന്തം വിഷ്വലൈസേഷനാണെന്നും എംബസി വിശദീകരിച്ചു.

ആണവയുദ്ധത്തില്‍ വിജയികളൊന്നും ഉണ്ടാകില്ലെന്നും അതിനാല്‍ ഒരിക്കലും സംഭവിക്കരുതെന്നുമാണ് റഷ്യയുടെ ഔദ്യോഗിക നിലപാട്. ആണവയുദ്ധം തടയുന്നതിനുള്ള അഞ്ച് ആണവ-ആയുധ രാജ്യങ്ങളിലെ നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും എംബസി വ്യക്തമാക്കി.

രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍

വിവിധ രാഷ്ട്രീയ നേതാക്കള്‍ റഷ്യന്‍ പ്രോഗ്രാമിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു. ഡോണഗേല്‍ തീരത്തെ ആണവ പൊട്ടിത്തെറി റഷ്യന്‍ ഭരണകൂടത്തിന്റെ മാനസികാവസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന്
ഫിന ഗേല്‍ ടിഡി നീല്‍ റിച്ച്മണ്ട് ട്വീറ്ററില്‍ ആരോപിച്ചു. ഇങ്ങനെയൊക്കെ ചെയ്തിട്ടും അയര്‍ലണ്ടിലിരുന്നുകൊണ്ട് അതിനെ ലഘൂകരിക്കാന്‍ റഷ്യയുടെ അംബാസഡറെ അനുവദിക്കുന്നുവെന്നതാണ് അതിശയമെന്നും ടിഡി പറഞ്ഞു.

അയര്‍ലണ്ടിനെ തുടച്ചുനീക്കുന്നതായി ചിത്രീകരിച്ചത് യാദൃശ്ചികമല്ലെന്ന് മുന്‍ നീതിന്യായ മന്ത്രി അലന്‍ ഷാറ്റര്‍ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ടിവി സ്റ്റേഷനൊന്നുമല്ല ഈ അവതരണം നടത്തിയത്. റഷ്യന്‍ അംബാസഡറെ വീണ്ടും വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കണമെന്നും പുറത്താക്കണമെന്നും അലന്‍ ഷാറ്റര്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത റഷ്യയില്‍ പുടിന്റെ അനുമതിയില്ലാതെ ഈ പ്രോഗ്രാം നടത്താനാവില്ലെന്ന് ഫിന ഫാള്‍ എം ഇ പി ബില്ലി കെല്ലഹര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തികഞ്ഞ അസംതൃപ്തി അയര്‍ലണ്ട് അറിയിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.

റഷ്യന്‍ ടി വി അവതരിപ്പിച്ച ആണവ ആക്രമണത്തിന്റെ വീഡിയോ :

Comments are closed.