head 3
head2
head1

ഉക്രെയ്നിലെ വിഘടനവാദികളെ സ്വതന്ത്ര സംവിധാനമായി അംഗീകരിച്ച് റഷ്യന്‍ നേതാവ് പുടിന്‍

കീവ് : റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായകവും തന്ത്ര പ്രധാനവുമായ തീരുമാനവുമായി വ്ളാഡിമിര്‍ പുടിന്‍. ഉക്രെയിന്റെ വിമത മേഖലകളെ അംഗീകരിച്ചുകൊണ്ട് രാജ്യത്തെ വിഘടനവാദികള്‍ക്ക് പരസ്യമായ പിന്തുണ നല്‍കുകയാണ് റഷ്യ.

ഇതു സംബന്ധിച്ച നിര്‍ണ്ണായക കരാറുകളില്‍ റഷ്യന്‍ പ്രസിഡന്റ് ഒപ്പിട്ടു. കരാറില്‍ ഒപ്പുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങളും റഷ്യ പുറത്തുവിട്ടു. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉച്ചകോടിക്ക് തുരങ്കംവെയ്ക്കുകയെന്ന ലക്ഷ്യം കൂടി പുടിന്റെ നടപടിയ്ക്ക് പിന്നിലുണ്ടെന്നു കരുതുന്നുണ്ട്.

കിഴക്കന്‍ ഉക്രെയ്‌നിലെ വിഘടനവാദ പ്രദേശങ്ങളായ ഡോണെറ്റ്സ്‌ക്, ലുഗാന്‍സ്‌ക് എന്നിവയെ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചിരിക്കുകയാണ് പുടിന്‍. വെടക്കാക്കി തനിയ്ക്കാക്കുകയെന്ന തന്ത്രമാണ് പുടിന്റേതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോണെറ്റ്സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളില്‍ സമാധാനപാലകരായി നിലകൊള്ളാന്‍ റഷ്യന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പുടിന്‍.

വിമത പ്രദേശങ്ങള്‍ അംഗീകരിച്ചതിലൂടെ ഉക്രെയ്ന്‍ സൈന്യത്തിന്റെ സാന്നിധ്യം നിലനില്‍ക്കുന്ന ഈ രണ്ട് മേഖലകളിലേക്ക് റഷ്യന്‍ സേനയെ അയയ്ക്കാന്‍ മോസ്‌കോയ്ക്ക് അവസരം ലഭിയ്ക്കും. ഈ രണ്ട് മേഖലയുടെയും സുരക്ഷിതത്വം ചൂണ്ടിക്കാട്ടി സ്ഥിരം സൈനിക സാന്നിധ്യമായി നിലകൊള്ളാനും റഷ്യയ്ക്ക് കഴിയുമെന്നും കരുതുന്നുണ്ട്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഉയര്‍ന്നുവന്ന ഉക്രെയ്നുള്‍പ്പടെയുള്ള രാഷ്ട്രങ്ങളില്‍ റഷ്യയുടെ സ്വാധീനം ഉറപ്പിക്കാന്‍ പുടിന്‍ വര്‍ഷങ്ങളായി പരിശ്രമിച്ചുവരികയാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നിലെന്നും നിരീക്ഷണമുണ്ട്.

എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം നാറ്റോ വിപുലീകരണമെന്ന് റഷ്യ

ഓട്ടോമന്‍ സാമ്രാജ്യം വരെയുള്ള ചരിത്രത്തിലേക്കും നാറ്റോയുടെ വിപുലീകരണം ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്നങ്ങളുമുള്‍പ്പടെ സവിസ്തരം പ്രതിപാദിക്കുന്നതായിരുന്നു കരാറൊപ്പിടുന്നതുമായി ബന്ധപ്പെട്ട് പുടിന്‍ നടത്തിയ പ്രസംഗം. കിഴക്കന്‍ ഉക്രെയ്‌നിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് വ്‌ളാഡിമിര്‍ പുടിന്‍ പ്രസംഗത്തില്‍ പറഞ്ഞു. ഉക്രെയിനെ നാറ്റോയിലുള്‍പ്പെടുത്തുന്നതാണ് എല്ലാ പ്രശ്നത്തിന്റെയും മൂല കാരണമെന്ന് പുടിന്‍ ആരോപിച്ചു. ഡോണെറ്റ്സ്‌ക്, ലുഗാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കുകളെ സ്വതന്ത്ര പരമാധികാര സംവിധാനങ്ങളായി അംഗീകരിച്ചത് വളരെ മുമ്പേ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നും പുടിന്‍ പറഞ്ഞു. ഉക്രെയ്ന്‍ നിയന്ത്രിക്കുന്നത് വിദേശ ശക്തികളാണെന്ന് റഷ്യ ആരോപിച്ചു.

സാമ്പത്തിക ഉപരോധമുണ്ടാകുമെന്ന് ഇയു

ഇതൊരു തുടക്കമാണെന്നും കൂടുതല്‍ നടപടികള്‍ റഷ്യയില്‍ നിന്നുണ്ടാകുമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചു. റഷ്യയ്ക്കെതിരായ ഉപരോധം സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അംബാസഡര്‍മാരുടെ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും ഇയു വിദേശ നയ മേധാവി ജോസെപ് ബോറെല്‍ ബ്ലോക്കിന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം പറഞ്ഞു.

സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് യു.എസ്

അതിനിടെ, റഷ്യ പുതുതായി അംഗീകരിച്ച കിഴക്കന്‍ ഉക്രെയ്നിലെ വിമത പ്രദേശങ്ങള്‍ക്കെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. കൂടുതല്‍ നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും ജോ ബൈഡന്‍ നല്‍കി.

റഷ്യന്‍ തീരുമാനം ദുഷിച്ചതും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. തീര്‍ത്തും നെഗറ്റീവായ ഒരു നടപടിയാണ് റഷ്യയുടേതെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ കോവനെ ട്വിറ്ററില്‍ പറഞ്ഞു.

നിരാശയറിയിച്ച് ജര്‍മ്മനിയും ഫ്രാന്‍സും

ജര്‍മ്മനി, ഫ്രാന്‍സ് നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് പുടിന്‍ തന്റെ തീരുമാനമറിയിച്ചു. റഷ്യന്‍ നടപടിയില്‍ ഇരുരാജ്യങ്ങളും നിരാശയറിയിച്ചു. വിമത മേഖലകളുടെ സ്വാതന്ത്ര്യത്തെ മോസ്‌കോ അംഗീകരിക്കുന്നത് യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്ര സാധ്യതകളെ ചുരുക്കുമെന്ന് ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നു.

ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും മധ്യസ്ഥതയില്‍ ഏഴ് വര്‍ഷം മുമ്പുണ്ടാക്കിയ പഴക്കമുള്ള വെടിനിര്‍ത്തലിന്റെ ലംഘനമാണിത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജോ ബൈഡനുമായി ചര്‍ച്ചയക്ക് റഷ്യ സന്നദ്ധതയറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ ഈ ‘അട്ടിമറി’ നീക്കമുണ്ടായത്.

ഉക്രെയ്ന്‍ റഷ്യന്‍ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമെന്ന് പുടിന്‍

റഷ്യന്‍ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ് ഉക്രെയ്നെന്ന് പുടിന്‍ വ്യക്തമാക്കി. പുരാതന റഷ്യന്‍ ദേശങ്ങളാണ് കിഴക്കന്‍ ഉക്രെയ്ന്‍. ഇക്കാര്യത്തില്‍ റഷ്യന്‍ ജനതയുടെ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യത്തെ ആക്രമിക്കുന്നത് അജണ്ടയിലില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു. എന്നാല്‍ ഉക്രെയ്ന്‍ ഒരിക്കലും നാറ്റോയില്‍ ചേരില്ലെന്നതടക്കമുള്ള സുരക്ഷാ ഉറപ്പുകള്‍ ലഭിക്കേണ്ടതുണ്ട്. ഉക്രെയ്ന്‍ നാറ്റോയില്‍ ചേരുന്നത് റഷ്യന്‍ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് പുടിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.