head 3
head2
head1

അയര്‍ലണ്ട് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി റഷ്യ പുതിയ നിയമം പാസ്സാക്കി; വിമാനങ്ങള്‍ തട്ടിയെടുക്കാനുള്ള തന്ത്രമെന്ന് വിമാന കമ്പനികള്‍

ഡബ്ലിന്‍ : അയര്‍ലണ്ടുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളെയും വിമാന പാട്ടക്കമ്പനികളേയും പ്രതിസന്ധിയിലാക്കിക്കൊണ്ട് റഷ്യ പുതിയ നിയമം പാസ്സാക്കി. വിമാനങ്ങള്‍ പിടിച്ചെടുക്കാനും അതുവഴി പാശ്ചാത്യ രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുമാണ് റഷ്യുടെ പുതിയ നിയമമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

വിദേശ കമ്പനികളില്‍ നിന്ന് പാട്ടത്തിനെടുത്തവയുള്‍പ്പടെ റഷ്യയില്‍ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമമാണ് റഷ്യ പാസാക്കിയത്. നിശ്ചിത തീയതിക്കുള്ളില്‍ രാജ്യത്തിന്റെ എയര്‍ക്രാഫ്റ്റ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എയര്‍ലൈനുകളെ അനുവദിക്കുന്നതാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പിട്ട പുതിയ നിയമം. മാര്‍ച്ച് 28നകം രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമം കമ്പനികളോട് നിഷ്‌കര്‍ഷിക്കുന്നു. വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് റഷ്യയില്‍ സര്‍വ്വീസ് നടത്തുന്ന നിരവധി കമ്പനികളെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ നിയമം.

ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ മറികടക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് റഷ്യന്‍ നീക്കമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഏതാണ്ട് 10 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിമാനങ്ങള്‍ പിടിച്ചെടുക്കാന്‍ ഈ നിയമം റഷ്യയ്ക്ക് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ സിവില്‍ ഏവിയേഷന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നത് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്നാണ് റഷ്യന്‍ വിശദീകരണം.

റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദേശ-ലീസ് ജെറ്റുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബെര്‍മുഡയിലും അയര്‍ലണ്ടിലുമാണ്. ഇവ സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ കഴിയാത്തതിനാല്‍ ജെറ്റുകളിലെ എയര്‍ വര്‍ത്തിനസ് സര്‍ട്ടിഫിക്കറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് റഷ്യ പറഞ്ഞിരുന്നു. അതിന് ശേഷമാണ് റഷ്യന്‍ രജിസ്ട്രേഷന്‍ നിയമം കൊണ്ടുവന്നത്. സുരക്ഷാ അനുമതികളോടെ റഷ്യയുടെ ആഭ്യന്തരമേഖലയില്‍ വിമാനങ്ങള്‍ പറക്കുന്നത് നിലനിര്‍ത്താനാണ് റഷ്യയില്‍ ജെറ്റുകള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.

പുതിയ നിയമവുമായി ബന്ധപ്പെട്ടുയര്‍ന്നുവരുന്ന വിമാനക്കമ്പനികള്‍, പാട്ടക്കാര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ തമ്മിലുള്ള തര്‍ക്കവും നിയമയുദ്ധവും ദശാബ്ദത്തോളം നീണ്ടുനില്‍ക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പാട്ടത്തിലോടുന്നത് 515 വിമാനങ്ങള്‍

ലോകത്തിലെ 11ാമത്തെ വലിയ വ്യോമയാന വിപണിയാണ് റഷ്യയുടേത്. റഷ്യന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഏതാണ്ട് 780 ലീസ്ഡ് ജെറ്റുകളാണുള്ളത് അതില്‍ 515 എണ്ണവും വിദേശത്ത് നിന്ന് പാട്ടത്തിനെടുത്തവയാണ്. റഷ്യയുടെ ആകെയുള്ള 35 എയര്‍ലൈനുകളില്‍ 15 എണ്ണമാണ് രാജ്യത്തെ ട്രാഫിക്കിന്റെ 95%വും നിര്‍വ്വഹിക്കുന്നത്.

പാന്‍ഡെമിക് സമയത്ത് റഷ്യയില്‍പ്പെട്ടുപോയ നിരവധി പഴയ വിമാനങ്ങളുണ്ട്. അവയൊന്നും തിരികെ ലഭിക്കാത്ത നിലയുണ്ടാകും. താരതമ്യേന വില കുറഞ്ഞ വിമാനങ്ങളും ഇതിലുണ്ടെങ്കിലും എയ്‌റോഫ്ലോട്ടിന് വിതരണം ചെയ്ത അത്യാധുനിക എയര്‍ബസ് ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ചില ജെറ്റുകളും ഇതിലുള്‍പ്പെടുന്നുണ്ട്. അത് വിമാന കമ്പനികള്‍ക്ക് വലിയ നഷ്ടം വരുത്തും.

വിദേശത്തേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പാട്ടത്തിനെടുത്ത വിമാനങ്ങളുള്ള എയര്‍ലൈനുകളോട് റഷ്യയുടെ സ്റ്റേറ്റ് ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞയാഴ്ച നിര്‍ദ്ദേശിച്ചിരുന്നു. അതോടെ സര്‍വ്വീസ് നിര്‍ത്തിവെച്ച 425 ഓളം ജെറ്റുകളുണ്ട്. ഇവയുടെ വീണ്ടെടുക്കലും അപകടത്തിലാകുമെന്ന് വിവിധ കണ്‍സള്‍ട്ടന്‍സികള്‍ പറയുന്നു.

റഷ്യയുടേത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് കടകവിരുദ്ധ നിയമം

ഒരേ സമയം ഒന്നിലധികം രാജ്യങ്ങളില്‍ സിവില്‍ വിമാനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് കടകവിരുദ്ധമാണ് മോസ്‌കോയുടെ പുതിയ നിയമമെന്നും വിമര്‍ശനമുണ്ട്. ഈ റഷ്യന്‍ നിയമം അംഗീകരിച്ചില്ലെങ്കില്‍ ഈ വിമാനങ്ങള്‍ വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടാകും. അതിനാല്‍ ഈ നിയമം വലിയ കരാര്‍ സംവാദത്തിനും കേസുകള്‍ക്കുമെല്ലാം വഴിയൊരുക്കും.

നിലവിലെ നിയമമനുസരിച്ച് മുന്‍ രജിസ്ട്രിയില്‍ നിന്ന് രജിസ്ട്രേഷന്‍ റദ്ദാക്കിയതിന്റെ തെളിവും ഉടമയുടെ കരാറും ഇല്ലാതെ ഒരു വിമാനം രജിസ്റ്റര്‍ ചെയ്യാനാവില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധവുമാണ്. പാട്ടക്കരാര്‍ സ്ഥിരമാക്കുന്നതിനാണ് റഷ്യന്‍ നിയമമെന്ന് വ്യോമയാന ഉപദേഷ്ടാവ് ബെര്‍ട്രാന്‍ഡ് ഗ്രബോവ്സ്‌കി പറഞ്ഞു.

യുദ്ധ പ്രഖ്യാപനത്തിന് സമാനമാണ് സമ്പദ്വ്യവസ്ഥയുടെ മേലുള്ള ഉപരോധമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. ഇതില്‍ നിന്നും കരകയറാന്‍ ഇത്തരത്തിലുള്ള പ്രത്യേക നടപടികള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ഡബ്ലിനിലെ എയര്‍ ക്യാപ് നേരിടുന്ന പ്രശ്നങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ എയര്‍ ലെസറായ ഡബ്ലിനിലെ എയര്‍ ക്യാപിന്റെ നേതൃത്വത്തിലുള്ള ഉടമകളുടെ അനുമതിയില്ലാതെ അവരുടെ വിമാനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ റഷ്യയ്ക്കുള്ളില്‍ പറക്കുന്നത് തുടരണമെങ്കില്‍ പുതിയ രജിസ്ട്രേഷന്‍ അപേക്ഷിക്കേണ്ടി വരുമെന്നത് എയര്‍ലൈനുകളെ കുഴയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

കമ്പനികളെ കൂട്ടാളിയാക്കിക്കൊണ്ട് വിമാനങ്ങള്‍ തട്ടിയെടുക്കാനുള്ള റഷ്യയുടെ ആദ്യ നടപടിയാണിതെന്ന് ചില വിമാനക്കമ്പനികള്‍ ആരോപിക്കുന്നു. എന്നാല്‍ എയര്‍ ക്യാപ്പും പ്രമുഖ റഷ്യന്‍ എയര്‍ലൈനുകളായ എയ്റോഫ്ലോട്ടും എസ് സെവനും ഇക്കാര്യത്തില്‍ ഇനിയും പ്രതിരിച്ചിട്ടില്ല.

അമേരിക്കയും യൂറോപ്പും ഒരു വശത്തും റഷ്യ മറുവശത്തുമായി വിമാനക്കമ്പനികളുടെ വ്യോമപാതകള്‍ തടഞ്ഞിരിക്കുകയാണ്. അതിനാലാണ് പല വിമാനങ്ങളും റഷ്യയില്‍ കുടുങ്ങിപ്പോയത്. പുതിയ നിയമം വന്നതോടെ ഇവയൊക്കെ തിരികെ കൊണ്ടുവരുന്നത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.