head 3
head2
head1

റഷ്യന്‍ അംബാസഡറെയും സംഘത്തെയും പെയിന്റില്‍ മുക്കി പോളണ്ടിന്റെ പ്രതിഷേധം

വാര്‍സോ : ഉക്രൈനില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന റഷ്യയ്ക്കെതിരെ പോളണ്ടിന്റെ പ്രതിഷേധം അതിരുവിട്ടു. റഷ്യന്‍ അംബാസഡറെയും ടീമിനെയും പെയിന്റില്‍ മുക്കിയാണ് പോളണ്ടുകാര്‍ പ്രതിഷേധമറിയിച്ചത്. രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ച റെഡ് ആര്‍മി സൈനികരെ ആദരിക്കാന്‍ വാര്‍സോയിലെ സോവിയറ്റ് സൈനികരുടെ സെമിത്തേരിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് റഷ്യന്‍ അംബാസഡര്‍ സെര്‍ജി ആന്‍ഡ്രീവിനെ റെഡ് പെയിന്റില്‍ മുക്കിയത്. 1945ല്‍ നാസി ജര്‍മ്മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ 77ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി.

അംബാസഡറെ ‘ആക്രമിക്കുന്നതിന്റെ’ വിഡിയോ ഫൂട്ടേജുകള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കി. പുറകില്‍ നിന്നാണ് ഒരാള്‍ ആന്‍ഡ്രീവിന്റെ നേര്‍ക്ക് പെയിന്റ് ഒഴിക്കുന്നത്. മുഖത്തു നിന്നും അംബാസഡര്‍ പെയിന്റ് തുടച്ചുമാറ്റുന്നതും ദൃശ്യത്തില്‍ കാണാം. എന്നാല്‍ പ്രതിഷേധക്കാരോട് ഇദ്ദേഹം പ്രതികരിക്കുന്നില്ല. സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്താനും പ്രതിഷേധക്കാര്‍ റഷ്യന്‍ സംഘത്തെ അനുവദിച്ചില്ല. പോലീസെത്തിയാണ് പ്രതിഷേധക്കാരില്‍ നിന്നും സംഘത്തെ രക്ഷപ്പെടുത്തിയത്.

ഉക്രൈയ്‌നിലെ യുദ്ധത്തിന്റെ ഇരകളുടെ പ്രതീകമായി ‘രക്തം’ പുരണ്ട വെളുത്ത ഷീറ്റ് ധരിച്ചാണ് പ്രവര്‍ത്തകരെത്തിയത്. ഉക്രൈന്‍ പതാകകളുമേന്തിയിരുന്നു. പ്രതിഷേധക്കാര്‍ റഷ്യയെ ഫാസിസ്റ്റ് എന്ന് വിളിച്ച് ആക്ഷേപിച്ചു.

വാര്‍ഷികത്തോടനുബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നടത്തിയ പ്രസംഗത്തില്‍ ഉക്രൈയ്‌നിലെ റഷ്യയുടെ സൈനിക നടപടിയെ ശക്തമായി ന്യായീകരിച്ചിരുന്നു. കീവില്‍ നിന്ന് ഡോണ്‍ബാസ് മേഖലയെ മോസ്‌കോ മോചിപ്പിക്കുമെന്നും പുടിന്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യയെ വിമര്‍ശിക്കുന്ന ഏറ്റവും വൃത്തികെട്ട രാജ്യമെന്നാണ് പുടിന്‍ പോളണ്ടിനെ കുറ്റപ്പെടുത്തിയത്.

ഉക്രൈയ്നുമായി അതിര്‍ത്തി പങ്കിടുന്ന, നാറ്റോയിലും ഇയുവിലും അംഗത്വമുള്ള പോളണ്ട് യുദ്ധത്തിന്റെ തുടക്കം മുതല്‍ റഷ്യയെ അതിശക്തമായി വിമര്‍ശിക്കുന്ന രാജ്യമാണ് പോളണ്ട്. പത്താം നൂറ്റാണ്ടു മുതലുള്ള സൈനിക സംഘട്ടനങ്ങളുടെ ചോരയൂറുന്ന ചരിത്രമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളത്.

Comments are closed.