head2
head1
head 3

ഉക്രൈനില്‍ റഷ്യന്‍ സൈന്യം തേര്‍വാഴ്ച തുടരുന്നു; അഭയാര്‍ഥി കേന്ദ്രത്തിന് മേല്‍ ബോംബിട്ടു

കീവ് : ഉക്രൈനില്‍ റഷ്യന്‍ സൈന്യം തേര്‍വാഴ്ച തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം തേടിയ മരിയുപോളിലെ തിയേറ്റര്‍ റഷ്യന്‍ സൈന്യം തകര്‍ത്തതായി മരിയുപോള്‍ സിറ്റി കൗണ്‍സില്‍ അധികൃതര്‍ ആരോപിച്ചു. വ്യോമാക്രമണത്തില്‍ കെട്ടിടം തകര്‍ന്നെങ്കിലും ആളപായമൊന്നുമുണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്ന് കൗണ്‍സില്‍ പറഞ്ഞു.

തിയേറ്റര്‍ കെട്ടിടത്തിന്റെ മധ്യഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അവശിഷ്ടങ്ങളില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റ് ചെയ്തു. വിമാനത്തില്‍ നിന്ന് ബോംബിടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷെല്ലാക്രമണം തുടരുന്നതിനാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ശേഖരിക്കാന്‍ പോലും ആകുന്നില്ല. കഴിഞ്ഞയാഴ്ച മരിയുപോളിലെ ഒരു പ്രസവ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണവും ലോക വ്യാപക പ്രതിഷേധമുണ്ടാക്കിയിരുന്നു. എന്നാല്‍ ആക്രമണം റഷ്യന്‍ പ്രതിരോധ വകുപ്പ് നിഷേധിച്ചു. ഉക്രൈയ്നിന്റെ നാഷണലിസ്റ്റ് അസോവ് ബറ്റാലിയന്‍ നടത്തിയ സ്ഫോടനത്തിലാണ് കെട്ടിടം തകര്‍ന്നതെന്നും വകുപ്പ് ആരോപിച്ചു.

കര്‍ഫ്യൂ തുടരുന്ന കീവില്‍ റഷ്യ ഷെല്ലാക്രമണം തുടരുകയാണ്. അതിനാല്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നിന്ന് രണ്ട് മൈല്‍ അകലെയുള്ള ഒരു റസിഡന്‍ഷ്യല്‍ പരിസരമാകെ ശൂന്യമാണ്. ആളുകളെല്ലാം വീടുകളില്‍ത്തന്നെ കഴിയുകയാണ്. സെന്‍ട്രല്‍ കീവിലെ 12 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. വടക്കന്‍ നഗരമായ ചെര്‍നിഹിവില്‍ റൊട്ടിക്കായി ക്യൂ നിന്ന 10 പേര്‍ ബോംബിംഗില്‍ കൊല്ലപ്പെട്ടതായി ഉക്രൈനിയന്‍ ജനറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.

അമേരിക്കന്‍ സഹായം തേടി സെലന്‍സ്‌കി

അതേസമയം, പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി വീഡിയോയിലൂടെ യുഎസ് കോണ്‍ഗ്രസിന് മുന്നിലെത്തി കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചു. പേള്‍ ഹാര്‍ബറിനെയും 9/11 നെയും അനു്സമരിച്ച് റഷ്യയ്‌ക്കെതിരെ പോരാടാന്‍ കൂടുതല്‍ ആയുധങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. ഉപരോധം കൂടുതല്‍ കടുപ്പിക്കണമെന്നും ഇദ്ദേഹം യുഎസിനോട് അഭ്യര്‍ഥിച്ചു.

പുടിന്‍ യുദ്ധ കുറ്റവാളിയെന്ന് യുഎസ്

വ്‌ളാഡിമിര്‍ പുടിന്‍ യുദ്ധ കുറ്റവാളിയാണെന്ന് ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. കൂടുതല്‍ വിമാന വിരുദ്ധ, ടാങ്ക് വിരുദ്ധ ആയുധങ്ങളും ഡ്രോണുകളും ഉള്‍പ്പെടെ യുഎസ് 800 മില്യണ്‍ ഡോളര്‍ (725 മില്യണ്‍ യൂറോ) സൈനിക സഹായമായി ഉക്രൈയ്‌നിന് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കൂടുതല്‍ ഒറ്റപ്പെട്ട് റഷ്യ

അതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിന് ക്രെംലിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായി. ഉക്രൈയ്നിനെ ആക്രമിക്കുന്നത് നിര്‍ത്താന്‍ വേള്‍ഡ് കോര്‍ട്ട് എന്നറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് റഷ്യയോട് ഉത്തരവിട്ടതാണ് ഏറ്റവും പുതിയ സംഭവം. അതോടെ റഷ്യ ഈ പ്രശ്നത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ട നിലയിലായി. എന്നിരുന്നാലും ഈ ഉത്തരവ് റഷ്യ അംഗീകരിക്കാനിടയില്ലെന്നാണ് സൂചന.

ഭൂഖണ്ഡത്തിലെ ഏറ്റവും മുന്‍നിര മനുഷ്യാവകാശ സംഘടനയായ 47 രാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ള കൗണ്‍സില്‍ ഓഫ് യൂറോപ്പില്‍ നിന്നും റഷ്യയെ പുറത്താക്കി.

ദുര്‍ബല-ആശ്രിത രാജ്യമാക്കി മാറ്റാന്‍ ശ്രമമെന്ന് പുടിന്‍

റഷ്യന്‍ യുദ്ധം മുന്‍ പദ്ധതിയനുസരിച്ചാണ് പോകുന്നതെന്ന് പുടിന്‍ പറഞ്ഞു. മോസ്‌കോയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളെ അദ്ദേഹം ശക്തിയായി ആക്രമിച്ചു.ഞെരുക്കിയും സമ്മര്‍ദ്ദത്തിലാക്കിയും ദുര്‍ബല-ആശ്രിത രാജ്യമാക്കി മാറ്റാനാണ് പാശ്ചാത്യര്‍ ശ്രമിക്കുന്നതെന്ന് പുടിന്‍ ആരോപിച്ചു.

പ്രതീക്ഷ നല്‍കുന്ന ചര്‍ച്ചകള്‍

അതിനിടെ ഇന്നും ഇരു വിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഉക്രൈയ്നിന് നിഷ്പക്ഷ സൈനിക പദവിയെന്നത് ഇരുപക്ഷവും ഗൗരവമായി ചര്‍ച്ചചെയ്യുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യയുടെ ആവശ്യങ്ങള്‍ കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ളതായെന്ന് സെലന്‍സ്‌കി പറഞ്ഞു.

നാറ്റോയില്‍ ചേരുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ സാധ്യതയില്ലെന്ന് സെലന്‍സ്‌കി ചൊവ്വാഴ്ച വ്യക്തമാക്കിയതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര സാധ്യതകള്‍ തെളിഞ്ഞതായി സൂചനയുണ്ട്. ഉക്രൈയ്നിന്റെ നാറ്റോ മോഹം റഷ്യയ്ക്ക് ഭീഷണിയാണെന്ന് പുടിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ക്രിമിയയും ഡോണ്‍ബാസ് മേഖലയും

2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയയുടെ പദവിയും റഷ്യ സ്വതന്ത്രമായി അംഗീകരിക്കുന്ന കിഴക്കന്‍ ഉക്രെയ്നിലെ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ബാസ് മേഖലയുമാണ് മറ്റൊരു തര്‍ക്കം. ഉക്രൈയ്ന്‍ ഇവ അവരുടെ പ്രദേശമായാണ് കണക്കാക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച്, യുദ്ധം 30 ലക്ഷത്തിലധികം ആളുകള്‍ ഉക്രൈയ്നില്‍ നിന്ന് പലായനം ചെയ്തു. 700 -ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥ ആള്‍ നാശം ഇതിലും കൂടുതലാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.