head2
head 3
head1

രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന്; റഷ്യയ്ക്കും ബെലാറൂസിനുമെതിരെ കടുത്ത നടപടിയുമായി ലോക ബാങ്ക്

റഷ്യ-ഉക്രെയ്ന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയില്‍ വച്ചാണ് ചര്‍ച്ച നടക്കുക. വെടി നിര്‍ത്തല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാവും പ്രധാന വിഷയം. റഷ്യന്‍ അധിനിവേശം എട്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ കീവിലും, കാര്‍ക്കീവിലും, സുമിയിലുമടക്കം റഷ്യന്‍ ആക്രമണം ശക്തമാണ്.

ആണവയുദ്ധം ആഗ്രഹിക്കുന്നത് ഞങ്ങളല്ല, പടിഞ്ഞാറന്‍ രാജ്യങ്ങള്‍: റഷ്യ

റഷ്യ-ഉക്രെയ്ന്‍ യുദ്ധം കനക്കുന്ന പശ്ചാത്തലത്തില്‍ ആണവയുദ്ധത്തെ കുറിച്ചുള്ള ചര്‍ച്ചകളും ആശങ്കകലും സജീവമാണ്. എന്നാല്‍ ആണവഭീഷണിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യന്‍ വിദേശകാര്യമന്ത്രി. ആണവയുദ്ധം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ നേതാക്കളാണെന്നും അതു റഷ്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നുമാണ് മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞത്. മാധ്യമങ്ങള്‍ക്കു നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഞായറാഴ്ചയാണ് റഷ്യയില്‍ നിന്ന് ആണവഭീഷണിയുണ്ടായത്. ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇതു സമ്മര്‍ദ തന്ത്രമാണെന്നു സംശയിക്കപ്പെടുന്നു. ഒരു കാരണവശാലും പ്രകോപനം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും മൂന്നാം ലോകയുദ്ധമുണ്ടായാല്‍ അത് ആണവയുദ്ധമായിരിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ചര്‍ച്ചയ്ക്കു തയാറാണ്. ഉപാധികള്‍ യുക്രെയ്‌നു മുന്നിലുണ്ട്, അവരുടെ മറുപടിക്കായി കാത്തിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

റഷ്യക്കെത്തിരെ ഉപരോധം ഏര്‍പ്പെടുത്തി ലോക ബാങ്ക്

ഉക്രെയ്‌നിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും അധിനിവേശത്തിനും മറുപടിയായി റഷ്യക്കെത്തിരെ നിലപാട് കടുപ്പിച്ച് ലോക ബാങ്ക്. റഷ്യയിലും ബെലാറൂസിലും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും അടിയന്ത്രമായി നിര്‍ത്തി വയ്ക്കുന്നതായി ലോക ബാങ്ക് അറിയിച്ചു. ഉക്രെയ്ന്‍ ആക്രമണത്തില്‍ റഷ്യയ്ക്ക് പിന്തുണ അറിയിച്ചതിനാലാണ് ബെലാറൂസിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയത്.

റഷ്യക്കെതിരെ രാജ്യാന്തര നീതിന്യായക്കോടതിയില്‍ ഉക്രെയ്ന്‍ പരാതി നല്‍കിയിരുന്നു. യുദ്ധക്കുറ്റം ചെയ്തെന്ന് പരാതിയില്‍ റഷ്യക്കെതിരെ അന്വേഷണം ഉണ്ടാകും. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റഷ്യയുടെ റേറ്റിംഗ് താഴ്ത്തുകയും ചെയ്തു.

2014 മുതല്‍ ലോക ബാങ്ക് റഷ്യക്ക് പുതിയ വായ്പകളോ നിക്ഷേപങ്ങളോ അംഗീകരിച്ചിട്ടില്ല. 2020 പകുതി മുതല്‍ ബെലാറൂസിനും പുതിയ വായ്പകള്‍ അനുവദിച്ചിട്ടില്ല. ബെലാറൂസില്‍ മൊത്തം 1.2 ബില്യണ്‍ ഡോളറിന്റെ 11 പ്രോജക്റ്റുകള്‍ ഉണ്ട്. ഊര്‍ജ്ജം, വിദ്യാഭ്യാസം, ഗതാഗതം, കോവിഡ് പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ടുള്ള പദ്ധതികളാണിത്. റഷ്യയില്‍, 370 മില്യണ്‍ ഡോളര്‍ ചെലവ് വരുന്ന നാല് പ്രോജക്റ്റുകള്‍ മാത്രമാണുള്ളത്. നയപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയുളള പദ്ധതികളായിരുന്നു ഇത്. ഈ പദ്ധതികള്‍ എല്ലാം നിര്‍ത്തി വയ്ക്കുന്നതായാണ് ലോക ബാങ്ക അറിയിച്ചത്.

അതേസമയം, ഉക്രെയ്‌നിനായി 3 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് തയ്യാറാക്കുന്നതായി ലോക ബാങ്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഉക്രൈനിന് അടിയന്തര സഹായം നല്‍കുമെന്ന് ഐ.എം.എഫും അറിയിച്ചിട്ടുണ്ട്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.