head1
head2
head 3

റൂബിളില്‍ പണം നല്‍കിയില്ലെങ്കില്‍ ഗ്യാസ് വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യ

ബെര്‍ളിന്‍ : റഷ്യന്‍ ഗ്യാസിന് റൂബിളില്‍ പണം നല്‍കണമെന്നും അല്ലെങ്കില്‍ വിതരണം വെട്ടിക്കുറയ്ക്കുമെന്നുമുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഭീഷണിയെ അപലപിച്ച് ജര്‍മ്മനി. ഇതൊരു തരം മുട്ടാപ്പോക്കാണെന്ന് ബെര്‍ളിന്‍ വ്യക്തമാക്കി. ഇന്നു മുതലാണ് വിദേശികള്‍ റൂബിളില്‍ നല്‍കിയാല്‍ മാത്രമേ ഗ്യാസ് കിട്ടൂവെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. പുടിന്‍ തീരുമാനം നടപ്പാക്കിയാല്‍ യൂറോപ്പിലേയ്ക്കുള്ള വാതക വിതരണത്തിന്റെ മൂന്നിലൊന്ന് നഷ്ടമാകും.

റഷ്യയുടെ ഭീഷണി കരാര്‍ വിരുദ്ധമാണെന്ന് ജര്‍മ്മനി പറയുന്നു. നിലവില്‍ റഷ്യയുമായുള്ള ഗ്യാസ് കരാറുകള്‍ യൂറോയുപയോഗിച്ചുള്ളതാണെന്നും അതിനാല്‍ ആ കറന്‍സിയില്‍ മാത്രമേ പണമടയ്ക്കാനാവൂയെന്നും ജര്‍മ്മന്‍ ധന മന്ത്രി പറഞ്ഞു. ഫ്രാന്‍സും ജര്‍മ്മനിയും റഷ്യന്‍ വാതക പ്രവാഹം നിര്‍ത്തലാക്കുന്നതിനുള്ള പദ്ധതികള്‍ സജ്ജമാക്കി വരികയാണെന്ന് ഫ്രഞ്ച് സാമ്പത്തിക മന്ത്രി ബ്രൂണോ ലെ മെയര്‍ പറഞ്ഞു. എന്നാല്‍ റൂബിള്‍ പേയ്‌മെന്റിനായുള്ള റഷ്യന്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഇയുവും മറ്റ് വിദേശ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുടിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗ്യാസിനായി റഷ്യയെ ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യമാണ് ജര്‍മ്മനി. യുദ്ധ പശ്ചാത്തലത്തില്‍ റേഷനിംഗ് ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ അതിനുള്ള അടിയന്തര പദ്ധതി പോലും തയ്യാറാക്കിയിട്ടുമുണ്ട്. ചില കരാറുകാര്‍ ഇത്തരത്തില്‍ പേമെന്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനും ജി7 രാജ്യങ്ങളും തള്ളിക്കളഞ്ഞ റൂബിള്‍സ് ഉപയോഗിക്കാതെ വിദേശ സ്ഥാപനങ്ങള്‍ക്ക് പേയ്‌മെന്റ് നടത്താന്‍ പ്രായോഗികമായി എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.

റൂബിള്‍ പണമടയ്ക്കാനുള്ള പ്രസിഡന്റ് പുടിന്റെ ആവശ്യം യൂറോയിലോ ഡോളറിലോ വേണമെന്ന കരാറിന്റെ ലംഘനമാകുമെന്ന് പാശ്ചാത്യ രാജ്യങ്ങളും വ്യക്തമാക്കുന്നു.

ജര്‍മ്മനിയും ഓസ്ട്രിയയും ഗ്യാസ് വിതരണം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. എന്നാലും ഇയു രാജ്യങ്ങളിലൊന്നും ഗ്യാസ് അടിയന്തരാവസ്ഥ നേരിടുന്നില്ലെന്നാണ് സൂചന.

പുടിന്‍ ആവശ്യപ്പെടുന്നത്

ഗ്യാസ് വാങ്ങുന്നവര്‍ റഷ്യന്‍ ബാങ്കുകളില്‍ റൂബിള്‍ അക്കൗണ്ടുകള്‍ തുറക്കണം. ഈ അക്കൗണ്ടുകളില്‍ നിന്നാകണം പേയ്‌മെന്റുകള്‍ നടത്തേണ്ടത്. ഇത്തരത്തില്‍ പേയ്‌മെന്റുകള്‍ നടത്താത്തവര്‍ക്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടി വരും. നിലവിലുള്ള കരാറുകള്‍ റദ്ദാക്കും. ആരും സൗജന്യമായി ഒന്നും തരുന്നില്ല, അതുകൊണ്ടുതന്നെ ഞങ്ങളും ചാരിറ്റി ചെയ്യില്ല -പുടിന്‍ വ്യക്തമാക്കി.

വിദേശ ഗ്യാസ് വാങ്ങുന്നവര്‍ ഗ്യാസ്‌പ്രോംബാങ്കില്‍ പ്രത്യേക അക്കൗണ്ടുകള്‍ തുറക്കണം. അവിടെ റൂബിള്‍സ് നല്‍കണം. അത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്നും പുടിന്‍ നിര്‍ദ്ദേശിച്ചു.

ഉത്തരവാദികള്‍ പാശ്ചാത്യര്‍

പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തിക വ്യവസ്ഥയെ ആയുധമാക്കിയതിനാലാണ് ഈ തീരുമാനമെന്ന് പുടിന്‍ പറഞ്ഞു. റൂബിള്‍ ആസ്തികള്‍ മരവിപ്പിക്കുമ്പോള്‍ റഷ്യ ഡോളറിലും യൂറോയിലും വ്യാപാരം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്ക് ഗ്യാസ് നല്‍കി. അവര്‍ അത് സ്വീകരിച്ചു. യൂറോയില്‍ പണം നല്‍കി. എന്നിട്ട് അവര്‍ അത് സ്വയം മരവിപ്പിച്ചു. യൂറോപ്പിലേക്ക് നല്‍കിയ ഗ്യാസിന്റെ ഒരു ഭാഗം സൗജന്യമായി നല്‍കിയതു പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. അതിനാല്‍ അത് തുടരാനാവില്ലെന്ന് പുടിന്‍ പറഞ്ഞു. റഷ്യ ഗ്യാസിലും മറ്റ് കരാറുകളിലും ബാധ്യതകള്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

വില പിടിച്ചുനിര്‍ത്താന്‍ യു എസ് നടപടി

ആഗോള ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കന്‍ എണ്ണ ശേഖരത്തില്‍ നിന്ന് വന്‍ തോതില്‍ റിലീസിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്യാസ് വില കുറയ്ക്കണമെന്ന് വന്‍കിട കമ്പനിക്കാരോടും ആവശ്യപ്പെട്ടിരുന്നു. മേയ് മുതല്‍ 180 മില്യണ്‍ ബാരലുകള്‍ പുറത്തിറക്കുമെന്ന് ബൈഡന്‍ പറഞ്ഞു.

Comments are closed.