head2
head 3
head1

ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് ചില സൈനികരെ പിന്‍വലിക്കുന്നതായി റഷ്യ

ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന തങ്ങളുടെ സൈനികരില്‍ ഒരു വിഭാഗത്തെ അവരുടെ താവളങ്ങളിലേക്ക് പിന്‍വലിക്കുന്നതായി റഷ്യ. കഴിഞ്ഞ കുറച്ചുനാളുകളായി ഉക്രെയ്‌ന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്ന റഷ്യയുടെ പുതിയ തീരുമാനം അസ്വാരസ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായി വിദഗ്ധര്‍ കാണുന്നു.

അതിര്‍ത്തിയില്‍ ഒരു ലക്ഷത്തിലധികം സൈനികരെയാണ് റഷ്യ വിന്യസിച്ചിരുന്നത്. ചില സേനകള്‍ അവരുടെ അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി ക്യാമ്പുകളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ചൊവ്വാഴ്ച പറഞ്ഞു. അന്താരാഷ്ട്ര ശക്തികള്‍ റഷ്യയുടെ പ്രഖ്യാപനത്തോട് ജാഗ്രതയോടെയാണ് പ്രതികരിച്ചത്.

‘തെക്കന്‍, പടിഞ്ഞാറന്‍ സൈനിക ഡിസ്ട്രിക്ടുകളിലെ യൂണിറ്റുകള്‍, അവരുടെ ചുമതലകള്‍ പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങുകയാണ്. ഇന്ന് അവര്‍ അവരുടെ സൈനിക ഗാരിസണുകളിലേക്ക് പോകാന്‍ തുടങ്ങും,’ മന്ത്രാലയത്തിന്റെ മുഖ്യ വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

ഉക്രെയ്ന്‍ തലസ്ഥാനമായ കൈവില്‍ ആക്രമണം ഉള്‍പ്പെടെയുള്ള ഒരു പൂര്‍ണ്ണ അധിനിവേശത്തിന് റഷ്യ തയ്യാറെടുക്കുന്നുവെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് അയര്‍ലണ്ടും ഇന്ത്യയും ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും പൗരന്‍മാരോട് ഉക്രെയ്ന്‍ വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അതിനിടെ, ഉക്രെയ്നില്‍ ഇനി ഏതു തരത്തിലുള്ള അക്രമം നടത്തിയാലും റഷ്യയ്‌ക്കെതിരെ തല്‍ക്ഷണം വന്‍തോതിലുള്ള സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഉക്രെയ്നിന് ഉടന്‍ സഹായമെത്തിക്കുമെന്നും ജി7 രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന പാശ്ചാത്യ ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചു.

Comments are closed.