head2
head1
head 3

ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ അയവുവരുന്നു…? സൈന്യത്തെ പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് റഷ്യ

കീവ് : ഉക്രെയ്ന്‍ സംഘര്‍ഷത്തിന് തെല്ല് ആശ്വാസമേകിക്കൊണ്ട് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കാന്‍ റഷ്യ സമ്മതിച്ചു. ചില ട്രൂപ്പുകളെ താവളത്തിലേക്ക് തിരിച്ചയക്കുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യ ഇന്നലെ പ്രസിദ്ധീകരിച്ചതോടെയാണ് സ്ഥിഗതികളില്‍ അയവുവന്നുവെന്ന സൂചന പരന്നത്. എന്നാല്‍ ഈ നീക്കത്തെ സംശയദൃഷ്ടിയോടെയാണ് യുഎസും സഖ്യകക്ഷികളും പാശ്ചാത്യ രാജ്യങ്ങളും കാണുന്നത്.

റഷ്യന്‍ നീക്കത്തെ സ്ഥിരീകരിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. റഷ്യയുടെ പിന്‍മാറ്റം ദുരൂഹമാണെന്ന് യുഎസ് പ്രസിഡന്റ് ആരോപിച്ചു. അതിനിടെ സ്ഥിതിഗതികളില്‍ അയവുവരുമെന്ന പ്രതീക്ഷ പരന്നതോടെ റഷ്യന്‍ ഓഹരികളും സര്‍ക്കാര്‍ ബോണ്ടുകളും റൂബിളും കുത്തനെ ഉയര്‍ന്നു. ഉക്രേനിയന്‍ സര്‍ക്കാര്‍ ബോണ്ടുകളും റാലി ചെയ്തു.

പിന്മാറ്റ നടപടികള്‍ ജര്‍മ്മന്‍ നയതന്ത്ര ഇടപടലില്‍

ജര്‍മ്മന്‍ നയതന്ത്ര ഇടപടലിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നേരിയ ‘മഞ്ഞുരുകലെ’ന്നാണ് സൂചന. എന്നിരുന്നാലും അത്രകണ്ട് ആശ്വസിക്കാനുള്ള വകയും പുതിയ നീക്കത്തിന് പിന്നിലില്ല. ഉക്രെയ്നെ നാറ്റോ അംഗമാക്കുന്നതിനെതിരായ നിലപാടില്‍ ഒരു മാറ്റവും വരുത്താന്‍ റഷ്യ തയ്യാറായിട്ടില്ലെന്ന് വ്ളാഡിമിര്‍ പുട്ടിന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ജര്‍മ്മന്‍ ചാന്‍സലറുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുട്ടിന്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൈനിക നീക്കങ്ങളെക്കുറിച്ച് ഹ്രസ്വമായി മാത്രമേ പരാമര്‍ശിച്ചുള്ളു. വിശദാംശങ്ങള്‍ നല്‍കാന്‍ ഇദ്ദേഹം തയ്യാറായില്ല.

ഉക്രെയ്ന്‍ വിചാരിച്ചാല്‍ പ്രശ്നം തീരുമെന്ന് റഷ്യ

ഉക്രെയ്നെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് പുടിന്‍ വീണ്ടും ആവര്‍ത്തിച്ചു. സ്വന്തം പ്രദേശത്ത് സൈനികരെ നിയോഗിക്കുക മാത്രമാണ് റഷ്യ ചെയ്തിട്ടുള്ളത്. അതിന് അധികാരമുണ്ടെന്നും പുടിന്‍ വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ ഗ്യാരണ്ടിക്കായാണിത്. പാശ്ചാത്യ സൈനിക സഖ്യത്തില്‍ ചേരാന്‍ ഉക്രെയ്ന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയാല്‍ പ്രശ്നം ഇപ്പോള്‍ തന്നെ പരിഹരിക്കാമെന്ന് റഷ്യ പറഞ്ഞു. യൂറോപ്പില്‍ യുദ്ധം വേണമെന്ന് റഷ്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കരാറുകള്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകൂവെന്നും പുടിന്‍ തീര്‍ത്തു പറഞ്ഞു.

സംശയത്തോടെ അമേരിക്കയും നാറ്റോയും

നയതന്ത്രപരമായ പരിഹാരത്തിന് തയ്യാറാണെന്ന റഷ്യന്‍ നിലപാടിനെ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് സ്വാഗതം ചെയ്തു. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കണമെന്ന് ഇദ്ദേഹം മോസ്‌കോയോട് അഭ്യര്‍ത്ഥിച്ചു. യുദ്ധ സാധ്യത അവശേഷിപ്പിച്ചാണ് ഇപ്പോഴത്തെ പിന്മാറ്റമെന്ന് ഇദ്ദേഹം വിമര്‍ശിച്ചു. അഭ്യാസത്തിനു ശേഷം സൈനിക ഉപകരണങ്ങള്‍ അവിടെ ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് സൈന്യം വീണ്ടുമെത്താനുള്ള സാധ്യതയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യ ആക്രമണത്തിന് തയ്യാറാകില്ലെന്ന് വിശ്വസിക്കണമെങ്കില്‍ അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഉപഗ്രഹ ചിത്രങ്ങള്‍ റഷ്യന്‍ സൈനിക നീക്കങ്ങള്‍ വ്യക്തമാക്കുന്നവയാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു.

ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ 150,000 -ത്തിലധികം സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നാണ് യുഎസിന്റെ കണക്ക്. അത് പിന്‍വലിക്കണമെന്ന് യൂറോപ്പും അമേരിക്കയും ആഗ്രഹിക്കുന്നു. മാത്രമല്ല, സംഘര്‍ഷം ഒഴിവാക്കാന്‍ ആയുധ നിയന്ത്രണവും ആത്മവിശ്വാസം വളര്‍ത്തുന്ന നടപടികളും ഉണ്ടാകണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ നാറ്റോ വിപുലീകരണം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടാകാതെ റഷ്യ ഇക്കാര്യത്തില്‍ സഹകരിക്കുമെന്ന് കരുതാനാവില്ല.

സംഘര്‍ഷത്തിന് അയവുവരുത്തുന്നതിന് അര്‍ഥ പൂര്‍ണ്ണമായ ശ്രമങ്ങളുണ്ടാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ റഷ്യന്‍ സെക്രട്ടറി സെര്‍ജി ലാവ്റോവുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉക്രെയ്നെതിരെ സൈബര്‍ ആക്രമണം; വിജയിച്ചില്ല

ഉക്രെയ്നെതിരെ ആസൂത്രിത സൈബര്‍ ആക്രമണമുണ്ടായതായി ആക്ഷേപമുയര്‍ന്നു. സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് നേരിട്ടു പറയാന്‍ ഉക്രെയിന്‍ തയ്യാറായിട്ടില്ല. എങ്കിലും ഇതിന് പിന്നില്‍ റഷ്യയാണെന്ന് പരോക്ഷ സൂചനയാണ് ഉക്രെയ്ന്‍ നല്‍കുന്നത്.

സൈബര്‍ ആക്രമണ പദ്ധതി കാര്യമായി വിജയിച്ചില്ലെന്ന് സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഭാഗമായ ഉക്രേനിയന്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പറഞ്ഞു. പേയ്‌മെന്റുകളിലും ബാങ്കിംഗ് ആപ്പിലും ഉപയോക്താക്കള്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഉക്രേനിയന്‍ ബാങ്ക് പ്രൈവറ്റ് ബാങ്ക് അറിയിച്ചു. പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയെന്ന് ഓഷാദ് ബാങ്കും സ്ഥിരീകരിച്ചു. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല.

ഹാക്കിംഗ് ആശങ്കാജനകമാണെന്ന് ഉന്നത യൂറോപ്യന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു. സൈനിക ആക്രമണത്തിന് മുന്നോടിയാണോ ഈ സൈബര്‍ ആക്രമണമെന്ന സംശയവും ഇദ്ദേഹം ഉന്നയിച്ചു. ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ റഷ്യയാണെന്ന് സംശയരഹിതമായി പറയാനാകുമെന്നും യൂറോപ്യന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു.

സൈബര്‍ അക്രമണത്തിനെതിരെ സഖ്യകക്ഷികളുമായി ചേര്‍ന്ന് ശക്തമായി പ്രതികരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പിന്മാറ്റമെന്നത് തന്ത്രമാണെന്നും ഉക്രെയ്നെ അവര്‍ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും അതിശക്തമായി നിലനില്‍ക്കുന്നതായി യുഎസ് കുറ്റപ്പെടുത്തി.

പൈപ്പ് ലൈനിനെതിരെ റഷ്യയ്ക്ക് മുന്നറിയിപ്പ്

ഉക്രെയ്‌നെ ആക്രമിച്ചാല്‍ യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതക വിതരണം ഇരട്ടിയാക്കാനുള്ള പൈപ്പ്‌ലൈന്‍ നോര്‍ഡ് സ്ട്രീം 2ന് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മോസ്‌കോയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉക്രെയ്‌നിലൂടെയുള്ള നിലവിലെ റൂട്ടില്‍ നിന്ന് പൈപ്പ്‌ലൈന്‍ വഴിതിരിച്ചുവിടുന്നത് റഷ്യയില്‍ നിന്നുള്ള ട്രാന്‍സിറ്റ് ഫീസ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് നഷ്ടപ്പെടുത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

2024ന് ശേഷവും ഉക്രെയ്ന്‍ വഴിയുള്ള ഗ്യാസ് വിതരണം തുടരാന്‍ റഷ്യ തയ്യാറാണെന്ന് പുടിന്‍ വ്യക്തമാക്കി.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.