head 3
head2
head1

റഷ്യന്‍ സൈന്യം ബലാത്സംഗവും ലൈംഗികാതിക്രമവും യുദ്ധായുധമാക്കി; ആശങ്കയറിയിച്ച് യുഎന്‍

റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഉക്രെയ്‌നില്‍ നിന്ന് ബലാത്സംഗത്തിന്റെയും ലൈംഗിക അതിക്രമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ കൂടുതലായി വരുന്നുണ്ടെന്ന് യുഎന്‍ വിമണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബഹൗസ്. ബലാത്സംഗവും ലൈംഗികാതിക്രമവും വര്‍ധിച്ചുവരുന്ന ആശങ്കകളാണ്. മനുഷ്യക്കടത്തിന്റെ അപകടസാധ്യത, പ്രത്യേകിച്ച് യുവതികളുടെയും കൂട്ടാളികളില്ലാത്ത കൗമാരക്കാരുടെയും കാര്യത്തില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബലാത്സംഗക്കാരുടെയും കൂലിപ്പടയാളികളുടെയും വലിയ സാന്നിധ്യവും ഉക്രെയ്ന്‍ ജനതയ്‌ക്കെതിരെ പ്രദര്‍ശിപ്പിച്ച ക്രൂരതയും കൂട്ടത്തോടെയുള്ള നാടുകടത്തലും വലിയ അപകടസാധ്യതയാണ് ഉയര്‍ത്തുന്നതെന്നും ബഹൗസ് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞു.

ബലാത്സംഗവും ലൈംഗികാതിക്രമവും റഷ്യന്‍ സൈന്യം യുദ്ധായുധമായാണ് ഉപയോഗിക്കുന്നതെന്ന ഉക്രെയ്ന്‍ അവകാശ സംഘടനയായ ല സ്ട്രാഡ ഉക്രെയ്ന്‍ പ്രസിഡന്റ് കാതറീന ചെരെപാഖയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ബഹൗസിന്റെ പ്രസ്താവന. 12 ഓളം സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെട്ട ഒമ്പത് ബലാത്സംഗക്കേസുകള്‍ റഷ്യന്‍ സൈനികര്‍ക്കെതിരെ ആരോപിക്കുന്ന കോളുകള്‍ തന്റെ സംഘടനയുടെ എമര്‍ജന്‍സി ഹോട്ട്ലൈനുകളില്‍ ലഭിച്ചിട്ടുണ്ടെന്നാണ് കാതറീന വീഡിയോ കോണ്‍ഫറന്‍സിലൂടെ യുഎന്‍ സുരക്ഷാ കൗണ്‍സിലിനോട് വ്യക്തമാക്കിയത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ‘ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശക്കാര്‍ അക്രമവും ബലാത്സംഗവും ഇപ്പോള്‍ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. അത് ഞങ്ങള്‍ കാണുകയും ചെയ്യുന്നു. ഞങ്ങളുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ കാതറീന പറഞ്ഞു.

സാധാരണക്കാരെ ആക്രമിക്കുന്നു എന്നുള്ള ആരോപണങ്ങള്‍ റഷ്യ ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്. അതേസമയം, റഷ്യക്കെതിരായ യുദ്ധക്കുറ്റങ്ങളുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണെന്നാണ് ഉക്രെയ്‌നിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ വ്യക്തമാക്കുന്നത്. റഷ്യക്കെതിരെ 5800 യുദ്ധക്കുറ്റങ്ങളാണ് അന്വേഷിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ ജനറലിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണത്തില്‍ റഷ്യന്‍ രാഷ്ട്രീയക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍, പ്രചാരണ ഏജന്റുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറിലധികം പ്രതികളെ ഉക്രെയ്ന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും പ്രോസിക്യൂട്ടര്‍ ജനറലിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

Comments are closed.