head 3
head1
head2

ഒഴിഞ്ഞു പോകാന്‍ വീണ്ടും അവസരം ഒരുക്കി റഷ്യന്‍ സൈന്യം, വെടി നിര്‍ത്തല്‍ വീണ്ടും

കീവ് : ജനങ്ങളും ഉക്രൈന്‍ സൈനികരും നടത്തുന്ന അതിശക്തമായ ചെറിത്തുനില്‍പ്പില്‍ റഷ്യയുടെ കീവ് നീക്കത്തിന് തിരിച്ചടിയാകുന്നു. കീവ് പിടിക്കണമെങ്കില്‍ പരിസര പ്രദേശങ്ങളെ കീഴ്പ്പെടുത്തണം. അതിനിടയില്‍ ജനങ്ങളുടെയും സൈന്യത്തിന്റെയും സംഘടിത ചെറുത്തുനില്‍പ്പ് റഷ്യയെ അല്‍ഭുതപ്പെടുത്തുകയാണ്. ഏതു വിധേനയും കീവിലേയ്ക്കെത്താനുള്ള റഷ്യന്‍ സൈന്യത്തിന്റെ ശ്രമമാണ് ഇതിലൂടെ മന്ദഗതിയിലാകുന്നത്.

കനത്ത ബോംബാക്രമണമുണ്ടായ നഗരമായ മരിയുപോളില്‍ നിന്ന് 200,000 പേരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും പരാജയപ്പെട്ടു. ഉക്രൈയ്നിലെ അധിനിവേശ സേനയുടെ കീവ് ലക്ഷ്യമിട്ടുള്ള നീക്കം പാളുന്നതിന് ഇതും കാരണമായി.

വെടിനിര്‍ത്തല്‍ വീണ്ടും

സിവിലിയന്മാരെ ഒഴിപ്പിക്കാന്‍ അനുവദിക്കുന്നതിനായി റഷ്യ തിങ്കളാഴ്ച ഒന്നിലധികം ഉക്രേനിയന്‍ നഗരങ്ങളില്‍ പുതിയ മാനുഷിക ഇടനാഴികള്‍ തുറക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യന്‍ പ്രതിരോധ മന്ത്രാലയം നല്‍കുന്ന സൂചനകള്‍ അനുസരിച്ച് പ്രാദേശിക സമയം ഇന്ന് രാവിലെ 10:00 മുതലാണ് വെടിനിര്‍ത്തല്‍ നടക്കുക, തലസ്ഥാനമായ കീവില്‍ നിന്നും ഖാര്‍കിവ്, മരിയുപോള്‍, സുമി എന്നിവിടങ്ങളില്‍ പലായനം ചെയ്യാനുള്ള റൂട്ടുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ നഗരങ്ങളെല്ലാം നിലവില്‍ റഷ്യന്‍ ആക്രമണത്തിന് കീഴിലാണ് എന്ന വാസ്തവമാണ് റഷ്യന്‍ അറിയിപ്പില്‍ നിന്നും വ്യക്തമാവുന്നത്.

കീവ് പൂര്‍ണ്ണമായും പിടിച്ചിട്ടില്ല എന്ന ആശ്വാസം മാത്രമാണ് ഇപ്പോഴുള്ളത്. കീവിലേയ്ക്കുള്ള പാലങ്ങളും മറ്റും തകര്‍ന്നത് ബോബിംഗില്‍ തകര്‍ന്നതും റഷ്യന്‍ നീക്കത്തിന് ദോഷകരമായി. പടിഞ്ഞാറന്‍ തീരത്ത് ഒരു പാലം മാത്രമാണ് റഷ്യന്‍ സേനയ്ക്ക് പൂര്‍ണ്ണമായും കടന്നുവരുന്നതിനായി അവശേഷിക്കുന്നുള്ളു. ബാക്കിയെല്ലാം തന്നെ തകര്‍ന്നുവീണു. അതിനിടെ, ഉക്രൈനിയന്‍ പട്ടാളക്കാര്‍ കിടങ്ങുകള്‍ കുഴിച്ചും, ബാരിക്കേഡുകള്‍ ഉപയോഗിച്ച് റോഡുകള്‍ തടഞ്ഞും സൈന്യത്തെ പ്രതിരോധിക്കുന്നു. സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുന്നുണ്ട്. ഉക്രൈയ്നിലെ വടക്കുകിഴക്കന്‍ ഖാര്‍കിവ് മേഖലയില്‍ റഷ്യന്‍ ഷെല്ലാക്രമണവും വ്യോമാക്രമണവും തുടരുകയാണ്.

കീവ് പോരാട്ടം അവസാനിപ്പിക്കുന്നതുവരെ യുദ്ധം അവസാനിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. മരിയുപോളില്‍ നിന്ന് 200,000 പേരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുടിന്റെ ഈ പ്രസ്താവന വന്നത്. അതിനിടെ വെടിനിര്‍ത്തണമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ റഷ്യയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്കില്ലെന്നും അദ്ദേഹം എര്‍ദോഗനോട് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പുടിന്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തി.

അതേസമയം, മരിയുപോളില്‍ റഷ്യ കിരാത വാഴ്ച നടത്തുകയാണെന്ന് മേയര്‍ വാഡിം ബോയെങ്കോ പറഞ്ഞു. നിലയ്ക്കാത്ത ഷെല്ലാക്രമണം മൂലം മുറിവേറ്റവരെയും മരിച്ചവരെയും എണ്ണമെടുക്കാന്‍ പോലും അവസരം നല്‍കുന്നില്ലെന്നും ഇദ്ദേഹം ആരോപിച്ചു.

അതിനിടെ റഷ്യയിലും യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായി. റഷ്യയില്‍ പോലീസ് 4,300 -ലധികം ആളുകളെ കസ്റ്റഡിയിലെടുത്തു. മോസ്‌കോയില്‍ 1,700 പേരും സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ 750 പേരും ഉള്‍പ്പെടെ 3,500 പേരെ തടഞ്ഞതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.

അതിനിടെ കീവും റഷ്യയ്ക്കെതിരെ നീക്കം ശക്തമാക്കി. ഉപരോധം കര്‍ശനമാക്കാന്‍ പാശ്ചാത്യരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച ഉക്രൈന്‍ റഷ്യന്‍ സേനയെ തുരത്താന്‍ കൂടുതല്‍ ആയുധങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ 11,000 -ലധികം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 88 റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും ഉക്രൈയ്ന്‍ സൈന്യം അറിയിച്ചു.

ചൈനയുടെ ഇടപെടല്‍ വേണം

ഇന്തോ-പസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങള്‍ ചെയ്തതു പോലെ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനും വ്ളാഡിമിര്‍ പുടിന്റെ ഉക്രെയ്ന്‍ അധിനിവേശത്തെ അപലപിക്കാനും ചൈനയോട് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടു. ബീജിംഗ് ആഗോള സമാധാനത്തിന് പ്രതിജ്ഞാബദ്ധമാണെങ്കില്‍, വാക്കുകള്‍ മാത്രമല്ല അധിനിവേശത്തിനെതിരെ കൂടുതല്‍ പ്രവര്‍ത്തനങ്ങളും ഉണ്ടായിരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്ക് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സിഡ്നിയിലാണ് ചൈന നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

‘ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ശക്തിയും സ്വാധീനവും ഒരു ജിയോസ്ട്രാറ്റജിക് വസ്തുതയാണ്… ഞങ്ങള്‍ ശ്രദ്ധിക്കുന്നത് ബീജിംഗ് അതിന്റെ ശക്തി എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

Comments are closed.