head1
head 3
head2

റഷ്യയ്ക്ക് തിരിച്ചടി കായിക മേഖലയിലും, ലോകകപ്പില്‍ നിന്ന് റഷ്യന്‍ ടീമിനെ പുറത്താക്കി

ഖത്തര്‍ : ഉക്രെയ്ന്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യയുടെ കായിക മേഖലയിലേയ്ക്കും. 2022 ലോകകപ്പില്‍ നിന്ന് റഷ്യന്‍ ടീമിനെ പുറത്താക്കിയതായി ഫിഫ-യുവേഫ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്നും റഷ്യന്‍ ടീമുകളെ സസ്പെന്‍ഡ് ചെയ്തതായി സംയുക്ത പ്രസ്താവന പറയുന്നു.

മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന എതിര്‍ ടീമുകളുടെ ഭീഷണിയെ തുടര്‍ന്നാണ് ടീമിനെതിരെ നടപടി വന്നത്. റഷ്യന്‍ ടീമുകളെ ഫുട്ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന പേരില്‍ കളിക്കാന്‍ അനുവദിച്ചും റഷ്യന്‍ പതാകയും ദേശീയഗാനവും നിരോധിക്കാനും ഫിഫ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നടപടികള്‍ തികച്ചും അസ്വീകാര്യമാണെന്ന് ചൂണ്ടിക്കാട്ടി പോളണ്ട് എഫ്എ പ്രസിഡന്റ് സെസാരി കുലെസ്സ അടക്കം രംഗത്തുവന്നു. തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്ന് റഷ്യയെ പുറത്താക്കിക്കൊണ്ട് ഫിഫ തീരുമാനം വന്നത്.

ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ലോകകപ്പിനായുള്ള യോഗ്യതാ പ്ലേ ഓഫില്‍ മാര്‍ച്ചില്‍ പുരുഷ ടീം കളിക്കേണ്ടതായിരുന്നു. ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലേയ്ക്ക് വനിതാ ടീമും യോഗ്യത നേടിയിരുന്നു. യൂറോപ്യന്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന റഷ്യന്‍ ക്ലബ്ബുകളെയും പ്രഖ്യാപനം ബാധിക്കും.

വിവേചനപരമെന്ന് റഷ്യ

സസ്പെന്‍ഷന്‍ വിവേചനപരമാണെന്ന് റഷ്യ പ്രതികരിച്ചു. അത്ലറ്റുകള്‍, പരിശീലകര്‍, ക്ലബ്ബുകളുടെയും ദേശീയ ടീമുകളുടെയും ജീവനക്കാര്‍, ലക്ഷക്കണക്കിന് റഷ്യന്‍, വിദേശ ആരാധകര്‍, അവരുടെയൊക്കെ താല്‍പ്പര്യങ്ങള്‍ അന്താരാഷ്ട്ര കായിക സംഘടനകള്‍ സംരക്ഷിക്കണമെന്ന് റഷ്യന്‍ ഫുട്ബോള്‍ യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ച് 24ന് റഷ്യ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് സെമി ഫൈനലില്‍ പോളണ്ടുമായി കളിക്കേണ്ടതായിരുന്നു, ഫൈനലില്‍ മാര്‍ച്ച് 29ന് സ്വീഡനെയോ ചെക്ക് റിപ്പബ്ലിക്കിനെയോ നേരിടേണ്ടി വരുമായിരുന്നു.

വനിതാ യൂറോയില്‍ റഷ്യ ഗ്രൂപ്പില്‍ നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരുമായി കളിക്കേണ്ടതായിരുന്നു. അടുത്ത മാസം 16ന് യൂറോപ്പ ലീഗില്‍ സ്പാര്‍ട്ടക് മോസ്‌കോ ജര്‍മ്മനിയുടെ ആര്‍ബി ലെപ്‌സിഗിനെ നേരിടാനിരിക്കുകയുമായിരുന്നു. അതിനിടെയാണ് വിലക്ക് വന്നത്.

നിരാശാജനകമെന്ന് സ്പാര്‍ട്ടക്

നിരാശാജനകമായ തീരുമാനമെന്ന് സ്പാര്‍ട്ടക് പ്രതികരിച്ചു. യൂറോപ്പ ലീഗില്‍ നിന്ന് ടീമിനെ ഒഴിവാക്കാനുള്ള തീരുമാനം വേദനാജനകമാണ്. ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ പോലും സ്‌പോര്‍ട്‌സില്‍ ഉറച്ചുനിന്നവരാണ് റഷ്യക്കാര്‍. സ്പോര്‍ട്സ് ഒരു പാലമാണ്, അത് നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. അവയെ നശിപ്പിക്കരുതെന്നും സ്പാര്‍ട്ടക് പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.