head 3
head1
head2

റഷ്യയും ദീര്‍ഘവീക്ഷണമില്ലാത്ത യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ആശങ്കയുണര്‍ത്തുന്നുവെന്ന് പോളണ്ട്

വാര്‍സോ : സാമ്രാജ്യത്വ കാഴ്ചപ്പാടുള്ള റഷ്യയും ദീര്‍ഘവീക്ഷണമില്ലാത്ത യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഒരേ പോലെ പോളണ്ടിന്റെ ആശങ്കകളാണെന്ന് പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കി. യുദ്ധക്കൊതി മൂലം അക്രമകാരിയായി മാറിയ പുടിനെ പ്രീണിപ്പിക്കുന്ന സമീപനമാണ് ഒരു വിഭാഗം ഇയു രാജ്യങ്ങള്‍ സ്വീകരിച്ചത്. അവയെല്ലാം ദീര്‍ഘ വീക്ഷണമില്ലാത്തവരാണ്. ഈ ആശ്രിതത്വം യൂറോപ്യന്‍ യൂണിയന്റെ മറ്റ് ഭാഗങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാനായി പുടിന്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

ഉക്രൈയ്‌നില്‍ വംശഹത്യ നടത്തുന്ന പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുദ്ധ കുറ്റവാളിയാണ്. ഇയാള്‍ അധികാരത്തില്‍ തുടരുന്നിടത്തോളം റഷ്യയുമായി സാധാരണ പോലെയുള്ള ബിസിനസ്സ് പുനരാരംഭിക്കരുതെന്ന് യൂറോപ്യന്‍ യൂണിയനോട് മറ്റെയുസ് മൊറാവിക്കി ആവശ്യപ്പെട്ടു.

റഷ്യന്‍ സാമ്രാജ്യവും പഴയ സോവിയറ്റ് യൂണിയനും പുനസ്ഥാപിക്കാനാണ് പുടിന്‍ ശ്രമിക്കുന്നത്. പുടിന്‍ യുദ്ധക്കുറ്റവാളിയാണ്. ഇയാളുടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും വിചാരണ ചെയ്ത് നീതി നടപ്പാക്കുന്നതിനും അന്താരാഷ്ട്ര കോടതി സ്ഥാപിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.

ഇറക്കുമതി നിരോധനമാണ് യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും ശക്തമായ നീക്കം. എന്നാല്‍ ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന തോതില്‍ റഷ്യയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ആശങ്കകള്‍ ഉയര്‍ത്തിയതോടെ അതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് മറ്റെയുസ് മൊറാവിക്കി പറഞ്ഞു.

റഷ്യയോടുള്ള യൂണിയന്‍ രാജ്യങ്ങളുടെ അമിതമായ ആശ്രിതത്വമാണ് യുദ്ധം തുറന്നുകാട്ടിയത്. ഈ ഉപരോധം നീട്ടിവെയ്ക്കാനും മാറ്റിവെയ്ക്കാനുമൊക്കെ ശ്രമിക്കുന്ന രാജ്യങ്ങള്‍ ഇപ്പോഴുമുണ്ടെന്നറിയാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജര്‍മ്മനിയുടെ റഷ്യന്‍ പ്രീണന നയത്തെയും ഇദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

യുദ്ധം വരുന്നതുവരെ കൂടുതല്‍ റഷ്യന്‍ വാതകം നേരിട്ട് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള നോര്‍ഡ് സ്ട്രീം 2നെ ജര്‍മ്മനി എതിര്‍ത്തിരുന്നു. 2015ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് വിവാദ പദ്ധതി ആരംഭിക്കാനായത്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാമെന്ന് പോളിഷ് പ്രധാനമന്ത്രി പറഞ്ഞു.

Comments are closed.