head1
head2
head 3

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ഹിറ്റ്മാന്‍ യുഗം; ടി20, ഏകദിന ടീമുകളെ രോഹിത് നയിക്കും, ടെസ്റ്റില്‍ ഉപനായകന്‍

ഏകദിനത്തിലും ട്വന്റി 20 -യിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇനി രോഹിത് ശര്‍മ നയിക്കും. ടെസ്റ്റില്‍ പുതിയ വൈസ് ക്യാപ്റ്റനും രോഹിത്താണ്. നേരത്തെ ടി20 ലോകകപ്പോടെ വിരാട് കോഹ്ലി ടി20 നായക സ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും ഏകദിന ടീമിന്റെ നായകനായി തുടരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ കോഹ്ലിയുടെ നായക സ്ഥാനം വൈകാതെ തെറിക്കുമെന്ന് സമീപകാലത്ത് ഏറെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സംശയിച്ച പോലെ തന്നെ രോഹിതിനെ നായകനാക്കിയ വിവരം ബിസിസിഐ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമീപകാലത്തെ മോശം ഫോമാണ് ടെസ്റ്റിലെ അജിങ്ക്യ രഹാനെയുടെ ഉപനായക സ്ഥാനം തെറിപ്പിച്ചത്. അതേസമയം, ഏകദിനത്തിലും ടി 20 -യിലും ഇന്ത്യയുടെ ഉപനായകനാവാന്‍ ഓപ്പണര്‍ കെ ല്‍ രാഹുലിനായിരിക്കും മിക്കവാറും നറുക്ക് വീഴുക.

ദക്ഷിണാഫ്രിക്കന്‍ പര്യടനം അടുത്തിരിക്കെയാണ് വിരാട് കോഹ്ലിയെ മാറ്റി രോഹിത്തിനെ നായകസ്ഥാനത്ത് ബിസിസിഐ നിയമിച്ചിരിക്കുന്നത്. എന്നാല്‍ കോഹ്ലിയുടെ പൂര്‍ണ സമ്മതത്തോടെയല്ല ഈ നായക കൈമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. നായക സ്ഥാനം ഒഴിയുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 48 മണിക്കൂര്‍ ബിസിസിഐ കോഹ്ലിയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ നായക സ്ഥാനം ഒഴിയുന്നില്ല എന്ന നിലപാടാണ് താരം സ്വീകരിച്ചത്. ഇതേതുടര്‍ന്ന് നിര്‍ബന്ധിത രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നാണ് വിവരം.

വരുന്ന ലോകകപ്പുകള്‍ക്കുള്ള മുന്നൊരുക്കമായി ഇതുവരെ ഒരു ഐസിസി കിരീടം പോലുമില്ലാത്ത കോഹ്ലിക്ക് പകരം രോഹിത്തിനെ കൊണ്ടുവരാനായിരുന്നു ബിസിസിഐയ്ക്ക് താത്പര്യം. ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണങ്ങളെല്ലാം കോഹ്ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ നിലപാടിനെ പിന്തുണക്കുന്നതായിരുന്നു. രോഹിതിനെ നായകനാക്കിയ വിവരം അറിയിച്ച അറിയിപ്പില്‍ കൊഹ്ലിയെ കുറിച്ച് ഒന്നും തന്നെ ഇന്ത്യന്‍ ക്രിക്കറ്റ ബോര്‍ഡ് പറഞ്ഞിരുന്നില്ല. എന്തുതന്നെയായാലും പ്രധാന കിരീടങ്ങളൊന്നുമില്ല എന്നുള്ളത് ഒഴിച്ചുനിര്‍ത്തിയാല്‍, ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായ കൊഹ്ലിയെ ഇത്തരത്തില്‍ അവഗണിച്ചതില്‍ ബിസിസിഐക്കെതിരെയും പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെയും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രോഷം തീര്‍ക്കുകയാണ്.

അതേസമയം, ടി20 ടീമിന്റെ നായക പദവി ഒഴിഞ്ഞതാണ് കോഹ്ലിക്ക് വിനയായതെന്ന പ്രതികരണവുമായി ഗാംഗുലി രംഗത്തുവന്നു. ട്വന്റി20 ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് വിരാടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ രണ്ടു ടീമുകള്‍ക്കും വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ എന്നതിനെ സെലക്ടര്‍മാര്‍ അംഗീകരിച്ചില്ല- ഗാംഗുലി പറഞ്ഞു. സെലക്ടര്‍മാര്‍ രണ്ടു ക്യാപ്റ്റന്‍മാര്‍ വേണ്ടെന്നാണ് തീരുമാനിച്ചത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത്തിനെയും റെഡ് ബോളില്‍ വിരാടിനെയും നായകന്‍മാരാക്കാന്‍ അതാണു കാരണമെന്നും ഗാംഗുലി പറഞ്ഞു.

Comments are closed.