head1
head 3
head2

ബ്രിട്ടിഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്: അവസാന റൗണ്ടില്‍ ഋഷി സുനക്കും ലിസ് ട്രസും ഏറ്റുമുട്ടും

ലണ്ടണ്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അവസാന പോരാട്ടം ഇന്ത്യന്‍ വംശജനായ ഋഷി സുനക്കും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും തമ്മില്‍. പുതിയ ടോറി നേതാവും പ്രധാനമന്ത്രിയും ആരാണെന്ന് തീരുമാനിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്യും.

അന്തിമ റൗണ്ട് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ടോറി എംപിമാര്‍ക്കിടയില്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ ഋഷി സുനക്ക് 137 വോട്ടുകള്‍ നേടി. ലിസ് ട്രസിന് 113 എംപിമാരുടെ പിന്തുണയുണ്ടായിരുന്നു. അതേസമയം, 105 എംപിമാരുടെ പിന്തുണ മാത്രം ലഭിച്ച മുന്‍ മന്ത്രി പെന്നി മോര്‍ഡൗണ്ട് പുറത്തായി.

നാലാം റൗണ്ടില്‍ ലഭിച്ചതിനെക്കാള്‍ 19 വോട്ട് കൂടുതല്‍ നേടിയാണ് ഋഷി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കഴിഞ്ഞ റൗണ്ടിനെക്കാള്‍ 27 വോട്ടുകള്‍ അധികം നേടാന്‍ ലിസ് ട്രസിനും കഴിഞ്ഞു. എംപിമാരുടെ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയതോടെ ഋഷി തന്നെയായിരിക്കും ബ്രിട്ടന്റെ തലപ്പത്തെത്തുക എന്നാണ് എല്ലാവരും കരുതുന്നത്.

”എന്റെ സഹപ്രവര്‍ത്തകര്‍ ഇന്ന് എന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ നന്ദിയുണ്ട്. രാജ്യമെമ്പാടും ഞങ്ങളുടെ സന്ദേശം എത്തിക്കാന്‍ ഞാന്‍ രാവും പകലും പ്രവര്‍ത്തിക്കും,’ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ച ശേഷം ഋഷി പ്രതികരിച്ചു.

ഋഷി സുനക് വിജയിക്കുകയാണെങ്കില്‍, ആദ്യ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും അദ്ദേഹം.

തന്നില്‍ വിശ്വാസമര്‍പ്പിച്ച തന്റെ പിന്തുണക്കാര്‍ക്ക് ട്രസും നന്ദി പറഞ്ഞു.

ട്വിറ്ററില്‍ തന്റെ പിന്തുണക്കാര്‍ക്ക് നന്ദി പറഞ്ഞ മോര്‍ഡോണ്ട്, ‘നമ്മള്‍ ഒരുമിച്ച് മുന്നോട്ട് പോകും’ എന്ന് കുറിച്ചു. എന്നിരുന്നാലും, അവസാന റൗണ്ടില്‍ താന്‍ ആരെ പിന്തുണയ്ക്കുമെന്ന് അവര്‍ ഇതുവരെ സൂചന നല്‍കിയിട്ടില്ല.

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സെപ്റ്റംബര്‍ അഞ്ചിന് പ്രഖ്യാപിക്കും.

Comments are closed.