head1
head2
head 3

കോവിഡ് വാക്സിനേഷന്‍ സ്ത്രീകളുടെ ആര്‍ത്തവ സമയക്രമത്തെ ബാധിക്കുമെന്ന് ഗവേഷണം

വലേറ്റ : കോവിഡ് വാക്സിനേഷന്‍ സ്ത്രീകളുടെ ആര്‍ത്തവ സമയക്രമത്തെ ബാധിക്കുമെന്ന് ഗവേഷണം. ഇതു സംബന്ധിച്ച ആദ്യ പഠനങ്ങളിലൊന്നാണ് പുറത്തുവന്നത്.

വാക്സിനേഷന്‍ ആര്‍ത്തവത്തില്‍ ചെറുതും താല്‍ക്കാലികവുമായ മാറ്റങ്ങളുണ്ടാക്കുമെന്ന് 4,000 യുഎസ് സ്ത്രീകളുടെ ആറ് ആര്‍ത്തവചക്രങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്നു.

ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ജനന നിയന്ത്രണ ആപ്ലിക്കേഷനായ നാച്വറല്‍ സൈക്കിള്‍സിലെ ഡാറ്റകളാണ് ഗവേഷകര്‍ ഉപയോഗിച്ചത്.

നിരീക്ഷിച്ച സ്ത്രീകളില്‍ പതിവിലും ഒരു ദിവസം വൈകിയാണ് ആര്‍ത്തവമെത്തിയത്. എന്നാല്‍ ആര്‍ത്തവ രക്തസ്രാവത്തിന്റെ ദിവസങ്ങളില്‍ മാറ്റമുണ്ടായില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഒറിഗണ്‍ ഹെല്‍ത്ത് ആന്റ് സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഡോ. അലിസണ്‍ എഡല്‍മാന്‍ പറഞ്ഞു.

വാക്സിനേഷന് മുമ്പത്തെ മൂന്ന് പീരീഡുകളും ശേഷമുള്ള മൂന്ന് സൈക്കിളുകളുമാണ് നിരീക്ഷിച്ചത്. ഒരു ദിവസത്തെ മാറ്റം പിന്നീട് സാധാരണ നിലയിലേയ്ക്കെത്തിയെന്നും പഠനം പറയുന്നു.

ശരാശരി ആര്‍ത്തവ ചക്ര ദൈര്‍ഘ്യമുള്ള ഏറ്റവും സാധാരണ സ്ത്രീകളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് എഡല്‍മാന്‍ പറഞ്ഞു.

ചില സ്ത്രീകളില്‍ വാക്സിനേഷന് ശേഷം ക്രമരഹിതമായ ആര്‍ത്തവവും മറ്റ് മാറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതു തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് പരിശോധിക്കാനാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പഠനം നടത്തിയത്.

ആര്‍ത്തവത്തില്‍ കോവിഡ് വാക്‌സിനുകള്‍ ചെലുത്തുന്ന സ്വാധീനം ചെറുതും താല്‍ക്കാലികവുമാണെന്ന് അടിവരയിടുന്നതാണ് പുതിയ കണ്ടെത്തലുകളെന്ന് അമേരിക്കന്‍ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റിലെ ഡോ. ക്രിസ്റ്റഫര്‍ സാന്‍ പറഞ്ഞു.

Comments are closed.