head 3
head2
head1

ഉഷ്ണ തരംഗത്തില്‍ കുടുങ്ങുമോ… ആശങ്കയോടെ യാത്രക്കാര്‍

ലണ്ടന്‍ : ബ്രിട്ടനിലെ ഉയരുന്ന താപനില കാരണം ബ്രിട്ടനിലേയ്ക്കുള്ള യാത്രകള്‍ മുടങ്ങുമോയെന്ന ആശങ്ക ഉയരുന്നു. ചൂട് 40ഡിഗ്രി സെല്‍ഷ്യസിലെത്തുന്നതു പരിഗണിച്ച് കാലാവസ്ഥാ നിരീക്ഷകര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇംഗ്ലണ്ടിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. താപനില ആദ്യമായാണ് യുകെ യില്‍ 40 ഡിഗ്രി സെല്‍ഷ്യസിലെത്തുന്നത്. ആരോഗ്യമുള്ള ആളുകളപ്പോലും ഗുരുതരമായി ബാധിക്കുന്നതും മരണത്തിനും പോലും ഇടയാക്കുന്നതുമാണ് ഈ ചൂടെന്ന് യു.കെ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.

2019ല്‍ രേഖപ്പെടുത്തിയ 38.7സിയാണ് ബ്രിട്ടനിലെ റെക്കോഡ് ചൂട്. സാധാരണയായി മിതമായ സമ്മര്‍ താപനിലയാണ് ബ്രിട്ടനിലുള്ളത്. ജൂലൈയിലെ ശരാശരി ഉയര്‍ന്ന താപനില 21ഡിഗ്രിയാണ്. കാലാവസ്ഥാ വ്യതിയാനം ബ്രിട്ടനിലെ ഉഷ്ണതരംഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.

ട്രയിനുകള്‍ വേഗത കുറച്ച് സഞ്ചരിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കാബിനറ്റ് ഓഫീസ് മന്ത്രി കിറ്റ് മാള്‍ട്ട്ഹൗസ് മുന്നറിയിപ്പ് നല്‍കി. വീട്ടിലിരുന്നു ജോലി ചെയ്യാന്‍ കഴിയുന്നവര്‍ പുറത്തിറങ്ങേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഉയര്‍ന്ന താപനിലയില്‍ കുട്ടികളേയും പ്രായമായവരേയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഇവരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സ്‌കൂളുകളോടും നഴ്സിംഗ് ഹോമുകളോടും മന്ത്രി നിര്‍ദ്ദേശം നല്‍കി

ഉഷ്ണതരംഗവും കോവിഡ് അണുബാധകളുടെ കുതിച്ചുചാട്ടവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പേടിസ്വപ്നം സൃഷ്ടിക്കുന്നതാണെന്ന് എമര്‍ജന്‍സി റൂം കണ്‍സള്‍ട്ടന്റ് ഡോ. ക്ലെയര്‍ ബ്രോണ്‍സ് പറഞ്ഞു.

Comments are closed.