head 3
head2
head1

റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്നതിന് റഫറണ്ടം നടത്താനൊരുങ്ങി വിമത റിപ്പബ്ലിക്കുകള്‍

മോസ്‌കോ: റഷ്യയുടെ ഭാഗമാകുന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്താനൊരുങ്ങുകയാണ് ഉക്രൈനിലെ ലുഗാന്‍സ്‌ക് വിഘടനവാദി മേഖലാ മേധാവി ലിയോനിഡ് പസെക്നിക്കെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്നത് സംബന്ധിച്ച് അടുത്തനാളില്‍ത്തന്നെ റഫറണ്ടം നടക്കുമെന്നാണ് ഇദ്ദേഹത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഫറണ്ടത്തില്‍ ജനങ്ങള്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കും.

ലുഗാന്‍സ്‌ക്, ഡൊണെറ്റ്സ്‌ക് റിപ്പബ്ലിക്കുകളും ക്രിമിയയുടെ വഴിയേ…

ലുഗാന്‍സ്‌ക്, ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കുകളുടെ പരമാധികാരം റഷ്യ അംഗീകരിച്ചിട്ടുള്ളതാണ്. റഷ്യന്‍ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ കീവിന്റെ നിയന്ത്രണത്തില്‍ നിന്ന് വേര്‍പിരിയാനുള്ള പോരാട്ടത്തില്‍ 2014ല്‍ 14,000 -ത്തിലധികം പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

2014 ഫെബ്രുവരിയില്‍ കീവില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ മോസ്‌കോ അനുകൂല നേതാവിനെ പുറത്താക്കിയതിനെത്തുടര്‍ന്നാണ് റഷ്യ ഉക്രെയിനില്‍ നിന്ന് ക്രിമിയ പിടിച്ചെടുത്തത്. റഷ്യയുടെ ഭാഗമാകുന്നത് സംബന്ധിച്ച് തെക്കന്‍ മേഖലയില്‍ ഹിതപരിശോധനയും നടത്തിയിരുന്നു.

അതേസമയം, ഇദ്ദേഹത്തിന്റെ റഫറണ്ടം പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണമാണ് റഷ്യന്‍ ഭാഗത്തുനിന്നുമുണ്ടായത്. പ്രതികരണം അസമയത്താണെന്ന് കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റുകളുമായുള്ള ബന്ധം സംബന്ധിച്ച കമ്മിറ്റിയുടെ തലവന്‍ ലിയോനിഡ് കലാഷ്‌നിക്കോവ് പറഞ്ഞു. അതേസമയം, പിരിഞ്ഞുപോകുന്ന പ്രദേശങ്ങള്‍ക്ക് സ്വന്തം ഭാവി നിര്‍ണ്ണയിക്കാന്‍ അവകാശവുണ്ടെന്ന് ഭരണഘടനാ നിയമനിര്‍മ്മാണ സമിതിയുടെ തലവന്‍ ആന്ദ്രേ ക്ലിഷാസ് പറഞ്ഞു.

Comments are closed.