head1
head2
head 3

കൊട്ടാരം സ്ഥിരീകരിച്ചു; എലിസബത്ത് രാജ്ഞി കോവിഡ് പോസിറ്റീവായി

ലണ്ടന്‍ : ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. 95 കാരിയായ രാജ്ഞിയ്ക്ക് ജലദോഷവും അനുബന്ധ പ്രശ്നങ്ങളുമൊക്കെയാണുള്ളത്. അതിനാല്‍ ഈ ആഴ്ച ചെറിയ തോതില്‍ മാത്രമേ ഡ്യൂട്ടിയിലുണ്ടാകൂവെന്ന് കൊട്ടാരം അറിയിച്ചു. രോഗം ബാധിച്ച ചാള്‍സ് രാജകുമാരനുമായി രാജ്ഞി അടുത്തിടപ്പെട്ടിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രാജ്ഞിയും പോസിറ്റാവായതായത്.

കോവിഡ് ബൂസ്റ്റര്‍ ഡോസുള്‍പ്പടെയെടുത്തയാളാണ് രാജ്ഞി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒക്ടോബര്‍ പകുതിയോടെ എല്ലാ പരിപാടികളും റദ്ദാക്കി വിശ്രമത്തിലായിരുന്നു. ഒരു രാത്രി ആശുപത്രിയിലും കഴിഞ്ഞിരുന്നു.

ഫെബ്രുവരി എട്ടിനാണ് ചാള്‍സ് രാജകുമാരനൊപ്പം രാജ്ഞി സമയം ചെലവഴിച്ചത്. കോവിഡ് ബാധിച്ച ചാള്‍സ് രാജകുമാരന്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ കാമിലയും കോവിഡ് പോസിറ്റീവായിരുന്നു. ഫെബ്രുവരി 14 മുതല്‍ ക്ലാരന്‍സ് ഹൗസില്‍ സെല്‍ഫ് ഐസൊലേഷനിലാണ് ഇവരെന്നും കൊട്ടാരം സ്ഥിരീകരിച്ചു.

‘രാജ്ഞിയ്ക്ക് കോവിഡ് പോസിറ്റീവാണ്. നേരിയ ജലദോഷവുമൊക്കെയുണ്ട്. ചികില്‍സ തുടരുകയാണ്. എല്ലാ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ട്,’ കൊട്ടാരം അറിയിച്ചു. മൂന്ന് മാസത്തിലേറെയായി രാജ്ഞി പൊതു ഇടപെടല്‍ നടത്തിയിരുന്നില്ല. അതിന് മാറ്റം വരുത്തിക്കൊണ്ട് രാജ്ഞി ഫെബ്രുവരി 5ന് സാന്‍ഡ്രിംഗ്ഹാം ഹൗസില്‍ ചാരിറ്റി പ്രവര്‍ത്തകരെ കണ്ടിരുന്നു.

ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയതിന്റെ പ്ലാറ്റിനം ജൂബിലിയിലെത്തി ആഴ്ചകള്‍ക്കു ശേഷമാണ് രാജ്ഞി കോവിഡ് ബാധിതയായത്. ഫെബ്രുവരി ആറിനായിരുന്നു ഭരണത്തില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കിയത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.