head1
head 3
head2

റഷ്യയോട് കളിച്ചാല്‍ ഭക്ഷ്യവില വീണ്ടും ഉയരുമെന്ന് പുടിന്‍; ചര്‍ച്ച പൊളിഞ്ഞു… മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നു… ഇന്ന് വെടിനിര്‍ത്തല്‍

കീവ് : ഉക്രൈനിയന്‍ – റഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ഒഴിഞ്ഞുപോകുന്നതിന് വഴിയൊരുക്കുന്നത് മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച. എന്നിരുന്നാലും, ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നും അഞ്ച് നഗരങ്ങളില്‍ നിന്ന് ഒഴിപ്പിക്കല്‍ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.

ആക്രമിക്കപ്പെട്ടുവെന്ന് പറയുന്ന മരിയുപോളിലെ ആശുപത്രി കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതല്ലെന്നും റഷ്യ അറിയിച്ചു. ആശുപത്രി ആക്രമണം വന്‍ വിമര്‍ശനമുയര്‍ത്തിയതിനെ തുടര്‍ന്നാണ് റഷ്യന്‍ വിശദീകരണം വന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ക്രെംലിന്‍ പറഞ്ഞു. ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും പിന്നീട് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

റഷ്യയ്‌ക്കെതിരായ ഉപരോധം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു തന്നെ തിരിച്ചടിയാകുമെന്നും മോസ്‌കോ അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ ശക്തമാകുമെന്നും പ്രസിഡന്റ് പുടിന്‍ പറഞ്ഞു. റഷ്യയുടെ മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ ആഗോള ഭക്ഷ്യ വില ഇനിയും ഉയരുമെന്ന് പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം നിയമാനുസൃതമല്ലെന്നും പാശ്ചാത്യ സര്‍ക്കാരുകള്‍ സ്വന്തം ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു.

റഷ്യയുടെ എണ്ണ, വാതക ഇറക്കുമതി നിരോധിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. പെട്രോള്‍, ഊര്‍ജ വിലയിലെ വര്‍ദ്ധനവ് താത്കാലികമാണെന്നാണ് കരുതുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 2022 അവസാനത്തോടെ റഷ്യയുടെ എണ്ണ ഇറക്കുമതി ഘട്ടം ഘട്ടമായി നിര്‍ത്തുമെന്ന് ബ്രിട്ടന്‍ പറഞ്ഞു.

ഇനിയും സിവിലിയന്മാരെ ആക്രമിക്കുന്നതു തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ബ്രിട്ടന്റെ കടുത്ത നടപടികള്‍

ചെല്‍സി ഫുട്ബോള്‍ ക്ലബ് ഉടമ റോമന്‍ അബ്രമോവിച്ചിന്റെയും റഷ്യന്‍ ഓയില്‍ കമ്പനിയായ റോസ്നെഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഇഗോര്‍ സെച്ചിന്റെയും സ്വത്തുക്കള്‍ ബ്രിട്ടന്‍ മരവിപ്പിച്ചു. ഇവര്‍ക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തി. ഉക്രൈയ്നില്‍ റഷ്യ രാസായുധം വിന്യസിക്കുമെന്ന് ഭയപ്പെടുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതിനിടെ ഉക്രൈയ്‌നിന് മുകളില്‍ ഒരു വിമാന നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം വീണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. ചെല്‍സി ഫുട്ബോള്‍ ക്ലബ് ഉടമ റോമന്‍ അബ്രമോവിച്ചിന്റെ പൗരത്വം തല്‍ക്കാലം എടുത്തുകളയില്ലെന്ന് പോര്‍ച്ചുഗല്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍

അതിനിടെ ഇന്നലത്തെ ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ റഷ്യയുടെ എണ്ണ, വാതകം, കല്‍ക്കരി എന്നിവ വാങ്ങുന്നത് ഘട്ടം ഘട്ടമായി അവസാനിപ്പിക്കാന്‍ തീരുമാനത്തിലെത്തിയതായി വാര്‍ത്തയുണ്ട്. ഫെബ്രുവരി 28 -നാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ ഉക്രൈയ്ന്‍ പ്രസിഡന്റ് അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷയില്‍ അഭിപ്രായം സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ കമ്മീഷനെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ തീരുമാനമായിട്ടില്ല.

ഒഴിപ്പിച്ചത് നാലു ലക്ഷം പേരെ

യുദ്ധക്കെടുതി മൂലം 2.3 മില്യണിലധികം ആളുകള്‍ ഇതുവരെ ഉക്രൈയ്നില്‍ നിന്ന് പലായനം ചെയ്തതായി യുഎന്‍ വെളിപ്പെടുത്തി. ഇവരില്‍ പകുതിയോളം കുട്ടികളാണ്. ഉക്രൈയ്ന്‍ ഇതുവരെ 4,00,000 പേരെ ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രിയും പറഞ്ഞു.

ഉക്രൈനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സെലന്‍സ്‌കി പറഞ്ഞു.

ന്യക്ലിയര്‍ പവര്‍ പ്ലാന്റിന് അടുത്തുള്ള ചെര്‍ണോബിലിലെ റേഡിയോ ആക്ടീവ് മാലിന്യ സംവിധാനവുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടതായി യുഎന്‍ ആണവ നിരീക്ഷണ സംഘത്തോട് ഉക്രൈയ്ന്‍ അറിയിച്ചു. അത് ഇപ്പോള്‍ റഷ്യന്‍ സേനയുടെ കൈവശമാണ്.

‘ആക്രമിക്കാന്‍’ അവസരം നല്‍കി മെറ്റ

ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ സൈനികര്‍ക്കും എതിരെ അക്രമത്തിന് ആഹ്വാനം ചെയ്യാന്‍ ചില രാജ്യങ്ങളിലെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളെ അനുവദിക്കാന്‍ മെറ്റാ തീരുമാനിച്ചതായി റോയിട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് മെറ്റയുടെ നയംമാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

റഷ്യയ്ക്കെതിരെ…

റഷ്യയിലെ എല്ലാ ബിസിനസ്സുകളും താല്‍ക്കാലികമായി നിര്‍ത്തുമെന്ന് വാള്‍ട്ട് ഡിസ്നി അറിയിച്ചു. ആല്‍ഫബെറ്റ് ഇങ്കിന്റെ യൂട്യൂബും ഗൂഗിള്‍ പ്ലേ സ്റ്റോറും സബ്‌സ്‌ക്രിപ്ഷനുകള്‍ ഉള്‍പ്പെടെ റഷ്യയിലെ എല്ലാ പേയ്‌മെന്റ് അധിഷ്ഠിത സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി.

റഷ്യ ആസ്ഥാനമായുള്ള പരസ്യദാതാക്കള്‍ക്കുള്ള പരസ്യങ്ങള്‍ ഗൂഗിള്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്നും കമ്പനി അറിയിച്ചു.

വാള്‍സ്ട്രീറ്റ് മോസ്‌കോയിലെ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചു. ഉക്രൈയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് രാജ്യം വിടുന്ന ആദ്യത്തെ പ്രധാന ബാങ്കാണിത്. റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഗോള്‍ഡ്മാന്‍ സാച്ച്സ് ഗ്രൂപ്പ് ഇങ്ക് വ്യാഴാഴ്ച അറിയിച്ചു.

റഷ്യയില്‍ പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ദുഷ്‌കരമായതിനാല്‍ ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോ, റോത്ത്‌സ്‌ചൈല്‍ഡ് ആന്‍ഡ് കോ, ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ മോസ്‌കോ ഓഫീസുകള്‍ സ്ഥലം മാറാന്‍ ആലോചിക്കുകയാണെന്ന് സൂചനയുണ്ട്.

റഷ്യ ആരേയും ആശ്രയിക്കില്ല

മോസ്‌കോ ഇനി ഒരിക്കലും പടിഞ്ഞാറിനെ ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അമേരിക്കയ്ക്കും യൂറോപ്പിനും മുന്നറിയിപ്പ് നല്‍കി. റഷ്യ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ആഗോള കാര്‍ഷിക വിപണികള്‍ക്കായി മോസ്‌കോ അതിന്റെ കയറ്റുമതി ബാധ്യതകള്‍ തുടര്‍ന്നും നല്‍കുമെന്നും റഷ്യന്‍ കൃഷി മന്ത്രി ദിമിത്രി പത്രുഷേവ് പറഞ്ഞു.

മോസ്‌കോയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങള്‍ക്ക് പ്രതികാരമായി റഷ്യന്‍ സര്‍ക്കാര്‍ ടെലികോം, മെഡിക്കല്‍, ഓട്ടോ, കാര്‍ഷിക, ഇലക്ട്രിക്കല്‍, ടെക് ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതി 2022 അവസാനം വരെ നിരോധിച്ചു.മൊത്തത്തില്‍, കയറ്റുമതി സസ്പെന്‍ഷന്‍ പട്ടികയില്‍ 200 -ലധികം ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മധ്യസ്ഥ ശ്രമങ്ങള്‍… നടക്കുമോ വല്ലതും…?

മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഗെര്‍ഹാര്‍ഡ് ഷ്രോഡര്‍ ഉക്രൈയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ കാണുമെന്ന് റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവര്‍ ഉക്രെയ്നിലെ സ്ഥിതിഗതികള്‍ ഫോണിലൂടെ ചര്‍ച്ച ചെയ്തുവെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

ബലേറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ ഇന്ന് മോസ്‌കോയില്‍ തന്റെ റഷ്യന്‍ കൗണ്ടര്‍ വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. പുടിന്‍ -സെലന്‍സ്‌കി കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത അവശേഷിക്കുന്നുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവ്രോവ് പറഞ്ഞു.

ഉക്രൈനിയന്‍ പ്രധാനമന്ത്രി ഡിമിട്രോ കുലേബയുമായി തുര്‍ക്കിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലാവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.