head 3
head1
head2

സ്വന്തം നേതാക്കള്‍ക്കെതിരെ തിരിയാന്‍ ഉക്രെയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുടിന്‍

ഉക്രെയ്ന്‍ സൈന്യത്തോട് പ്രതിരോധം അവസാനിപ്പിച്ച് അവരുടെ നേതാക്കള്‍ക്കെതിരെ തിരിയാന്‍ ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. രാജ്യത്തെ കുട്ടികളെയും ഭാര്യമാരെയും മുതിര്‍ന്നവരെയും മനുഷ്യ കവചങ്ങളായി ഉപയോഗിക്കാന്‍ നവ നാസികളെയും ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും ഉക്രെയ്ന്‍ തീവ്ര ദേശീയവാദികളെയും അനുവദിക്കരുതെന്ന് ഉക്രെയ്ന്‍ സൈന്യത്തോട് അഭ്യര്‍ഥിക്കുന്നുവെന്ന് പുടിന്‍ പറഞ്ഞു. റഷ്യയുടെ സുരക്ഷാ സമിതിയുമായി നടത്തിയ യോഗത്തിന് ശേഷം ടെലിവിഷനിലൂടെ ഉക്രെയ്ന്‍ സൈന്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഉക്രെയ്ന്‍ സൈന്യം അധികാരം ഏറ്റെടുത്താല്‍ ഉടമ്പടിയിലെത്താന്‍ തങ്ങള്‍ക്ക് എളുപ്പമാണെന്ന് പുടിന്‍ പറഞ്ഞു. റഷ്യയെ ശക്തമായി ചെറുക്കാന്‍ സൈന്യത്തോട് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ സെലെന്‍സ്‌കി നിര്‍ദേശിച്ച് മണിക്കൂറുകള്‍ക്കകമാണ് റഷ്യന്‍ പ്രസിഡന്റിന്റെ നിലപാട്. ആയുധമേന്തി സൈന്യത്തോടൊപ്പം ചേരാന്‍ സാധാരണക്കാരോടും സെലന്‍സ്‌കി ആഹ്വാനം ചെയ്തിട്ടുണ്ട്.

അതിനിടെ, ഉക്രെയ്ന്‍ സൈന്യം ആയുധം താഴെ വെച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. “നവ-നാസികള്‍” ഉക്രൈന്‍ ഭരിക്കുന്നത് കാണാന്‍ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ഉക്രൈനിലെ റഷ്യന്‍ സൈനിക നടപടിയില്‍ ഐക്യരാഷ്ട്ര സഭ നിര്‍ണായക പ്രമേയത്തിന് ഒരുങ്ങുമ്പോള്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി റഷ്യ പറഞ്ഞു.

കീവ് ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം നീക്കം സജീവമാക്കിയതായും തലസ്ഥാനത്ത് റഷ്യന്‍ മിസൈലുകള്‍ പതിച്ചതായും നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതേസമയം, റഷ്യക്കെതിരെ ഇതുവരെ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ പര്യാപ്തമല്ലെന്നും കൂടുതല്‍ ചെയ്യാനും ഉക്രെയ്ന്‍ പ്രസിഡന്റ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

കീവിനു സമീപമുള്ള എയ്റോഡ്രോം പിടിച്ചെടുത്തതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. കീവില്‍നിന്ന് ഏഴു കിലോമീറ്റര്‍ വടക്കു പടിഞ്ഞാറുള്ള ഹോസ്റ്റോമലിലെ തന്ത്രപ്രധാന എയ്‌റോഡ്രോം തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും പ്രദേശത്ത് പാരാട്രൂപ്പുകളെ വിന്യസിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്. മോസ്‌കോയിലും മറ്റു റഷ്യന്‍ നഗരങ്ങളിലും ജനം തെരുവിലിറങ്ങി യുദ്ധത്തിനെതിരെ പ്രതിഷേധിച്ചു. റഷ്യയില്‍ 1700 പേര്‍ അറസ്റ്റിലായെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.