head2
head 3
head1

യൂറോപ്പിലെമ്പാടും മേയ് ദിന പരിപാടികള്‍ പ്രതിഷേധ പരിപാടികളായി

ബ്രസല്‍സ് : പണപ്പെരുപ്പം കൊണ്ട് പൊറുതിമുട്ടുന്ന ജനതതിയുടെ പ്രതിഷേധത്തിന്റെ വേദിയായി മാറുകയായിരുന്നു ഇത്തവണത്തെ മേയ് ദിന റാലികള്‍. വിവിധ രാജ്യങ്ങളില്‍ നടന്ന തൊഴിലാളി ദിന പരിപാടികള്‍ ജനങ്ങളെ സഹായിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരുകള്‍ക്കെതിരായ താക്കീതായി.

വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ദുസ്സഹമാകുന്ന ജന ജീവിതവും ഉക്രൈയ്നിലെ യുദ്ധത്തിന്റെ ഭക്ഷ്യക്ഷമാമമുള്‍പ്പടെയുള്ള പ്രത്യാഘാതങ്ങളിലുള്ള ആശങ്കളുമാണ് പ്രതിഷേധത്തില്‍ നിഴലിച്ചത്. കോവിഡ് പാന്‍ഡെമിക്കിന്റെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന മേയ്ദിന റാലികളുടെ ‘രണ്ടാം വരവില്‍’ പതിനായിരക്കണക്കിനാളുകളാണ് സര്‍ക്കാരുകള്‍ക്കെതിരെ താക്കീതുമായി രംഗത്തുവന്നത്.

യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു റാലികള്‍. സാധാരണഗതിയില്‍ നിന്നും വ്യത്യസ്തമായി ഫ്രാന്‍സിലുള്‍പ്പടെ പലയിടത്തും റാലികള്‍ അക്രമാസക്തമായതും ശ്രദ്ധേയമായി. പലയിടത്തും പോലീസ് ബലപ്രയോഗവുമുണ്ടായി. നിരവധി പേര്‍ അറസ്റ്റിലുമായി.

ഫ്രാന്‍സില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ ബാങ്കുകളുടെയും ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളുടെയും ജനാലകള്‍ തകര്‍ത്തു. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നീക്കിയത്. എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റ സംഭവങ്ങളില്‍ 45 പേര്‍ അറസ്റ്റിലായി.

തുര്‍ക്കിയില്‍ ഇസ്താംബൂളിലെ തക്‌സിം സ്‌ക്വയറിലേയ്ക്ക് കാണ്‍ഫെഡറേഷന്‍ ഓഫ് പ്രോഗ്രസീവ് ട്രേഡ് യൂണിയന്‍സ് ഓഫ് തുര്‍ക്കിയുടെ നേതൃത്വത്തില്‍ അനുമതിയില്ലാതെ ആയിരങ്ങള്‍ മേയ് ദിന മാര്‍ച്ച് നടത്തി. 164 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇറ്റലിയില്‍ റോമിലുള്‍പ്പടെ വന്‍ റാലികളാണ് നടന്നത്. ഉക്രൈയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവും ഇറ്റലിയില്‍ ഉടനീളം നടന്ന റാലികളില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു.

ഉയര്‍ന്ന പണപ്പെരുപ്പം മൂലം വന്‍ പ്രതിസന്ധി നേരിടുന്ന നോര്‍ത്ത് മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്ജെയില്‍ റാലിയില്‍ പങ്കെടുത്ത ആയിരങ്ങള്‍ വേതന വര്‍ധന ഉള്‍പ്പടെയുള്ള തൊഴിലാളികളുടെ അവകാശങ്ങളെ മാനിക്കണമെന്ന് ആവശ്യപ്പെട്ടു.

Comments are closed.