head 3
head2
head1

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധ വാഹന കോണ്‍വോയ് ഇന്ന് ബ്രസല്‍സില്‍; പ്രതിഷേധങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍

ബ്രസല്‍സ് : കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ കാനഡ മാതൃകയിലുള്ള പ്രതിഷേധ വാഹന വ്യൂഹം ഫ്രാന്‍സില്‍ നിന്നും ഇന്ന് ബ്രസല്‍സിലേയ്ക്കെത്തും. മുന്നൂറോളം വാഹനങ്ങളാണ് വടക്കന്‍ ഫ്രാന്‍സിലെ ലില്ലെയില്‍ എത്തിയത്. വാഹനജാഥ എത്തുന്നത് മുന്നില്‍ക്കണ്ട് ബ്രസല്‍സില്‍ എല്ലാ പ്രതിഷേധ പരിപാടികള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, പ്രതിഷേധക്കാര്‍ പാരീസിലേതു പോലെ ബ്രസല്‍സിലും ‘വെന്നിക്കൊടി’ നാട്ടുമെന്നുതന്നെയാണ് കരുതുന്നത്.

വാഹനങ്ങളെ തടയാന്‍ നിയോഗിച്ച കനത്ത പോലീസ് സേനയുടെ ടിയര്‍ ഗ്യാസ് ആക്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ചും കണ്ണുവെട്ടിച്ചുമാണ് 100 -ലേറെ വാഹനങ്ങള്‍ പാരീസിലെ ചാംപ്സ്-എലിസീസ് അവന്യൂവില്‍ ഒത്തുചേര്‍ന്നത്. വാഹന പ്രതിഷേധം പാരീസിലെത്തുന്നത് തടയുന്നതിനായി ‘യെല്ലോ വെസ്റ്റ്’ പ്രതിഷേധത്തിന്റെ സൂത്രധാരന്‍ ജെറോം റോഡ്രിഗസിനെ ശനിയാഴ്ച പോലീസ് തടങ്കലിലാക്കിയിരുന്നു.

പതാകാ വാഹകരായെത്തിയ ട്രക്കിലെ 97 പേരെ പാരീസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിനെതിരെ വിലക്കുകള്‍ കാറ്റില്‍പ്പറത്തി ആയിരക്കണക്കിനാളുകള്‍ തെരുവിലുമിറങ്ങിയിരുന്നു. ഇവരില്‍ 81 പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.

പാരീസിലെ ഇപ്പോഴത്തെ പ്രതിഷേധം 2018ലും 19ലും തലസ്ഥാന നഗരം സാക്ഷ്യം വഹിച്ച് യെല്ലോ വെസ്റ്റ് സമരത്തിന്റെ അലമാലകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഫ്രാന്‍സിലുടനീളമുള്ള നഗരങ്ങളില്‍ നിന്നും ഒത്തുചേര്‍ന്ന മൂവായിരത്തോളം വാഹനങ്ങളാണ് പാരീസിലെത്തിയത്. അത്രത്തോളം വാഹനങ്ങള്‍ ലില്ലെയില്‍ എത്തിയില്ല. എന്നിരുന്നാലും, നിരവധി വാഹനങ്ങള്‍ ബെല്‍ജിയന്‍ അതിര്‍ത്തിക്കടുത്ത് തെക്ക് ലില്ലെയിലെ ഷോപ്പിംഗ് സെന്ററിന്റെ കാര്‍ പാര്‍ക്കിലെത്തിയിരുന്നു.

കാനഡയിലെ ട്രക്കര്‍മാരുടെ പ്രതിഷേധത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് ലോകമെമ്പാടു നിന്നുമായി കാറുകള്‍, ട്രക്കുകളും, ക്യാമ്പര്‍വാനുകളും ഫ്രീഡം കോണ്‍വോയില്‍ അണിചേര്‍ന്നത്.

ഫ്രാന്‍സില്‍, വാക്സിന്‍ കാമ്പെയിനിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വാക്‌സിന്‍ പാസിനെതിരെയാണ് പ്രതിഷേധക്കാരുടെ പ്രധാന വിമര്‍ശനം. എന്നിരുന്നാലും വര്‍ധിച്ച ഇന്ധന, വൈദ്യുതി നിരക്കുകള്‍ക്കെതിരെയും സമരത്തിനെത്തിയവര്‍ പ്രതിഷേധിച്ചു. റസ്റ്റോറന്റുകളിലും കഫേകളിലും മറ്റ് നിരവധി പൊതു വേദികളിലും പ്രവേശിക്കുന്നതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍സ് വാക്സിന്‍ പാസ് നിര്‍ബന്ധിതമാക്കിയിരുന്നു.

ഫെബ്രുവരി 28നകം ഫേയ്സ് മാസ്‌ക് നിര്‍ബന്ധമാക്കുന്നതില്‍ ഇളവ് വരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ വാക്‌സിന്‍ പാസ് അവസാനിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പരിപാടിയുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം നടത്തിയ പ്രതിഷേധ പ്രകടനങ്ങളില്‍ കാല്‍ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് സര്‍ക്കാര്‍ കണക്ക്.

Comments are closed.