head2
head1
head 3

റഷ്യന്‍ അധിനിവേശം: വിവിധ യൂറോപ്യന്‍ നഗരങ്ങളില്‍ വന്‍ പ്രതിഷേധ റാലികള്‍

റോം: ഉക്രൈനില്‍ നടക്കുന്ന റഷ്യന്‍ അധിനിവേശത്തിനും, രക്തച്ചൊരിച്ചിലിനുമെതിരെ വിവിധ യൂറോപ്യന്‍ നഗരങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍. വ്യാഴാഴ്ച റഷ്യ ഉക്രൈനിലേക്ക് കടന്നുകയറിയതു മുതല്‍ തന്നെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു.

പ്രതിഷേധച്ചൂടില്‍ ഇറ്റാലിയന്‍ നഗരങ്ങള്‍

ഇറ്റലിയില്‍ റോം, മിലാന്‍ അടക്കമുള്ള പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ട്രേഡ് യൂണിയനുകളുടെയും, മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ വെള്ളിയാഴ്ച റോമില്‍ നടന്ന പ്രകടനത്തില്‍ ആയിരത്തിലധികം ആളുകള്‍ പങ്കെടുത്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും, റെയിന്‍ബോ ഫ്‌ലാഗുകള്‍ ഉയര്‍ത്തിയുമായിരുന്നു റോമിലെ ജനങ്ങള്‍ പ്രതിഷേധിച്ചത്. റോമിലെ പ്രധാന ചരിത്രസ്മാരകമായ കൊളോസിയത്തിലായിരുന്നു റാലി അവസാനിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനെ സ്വേച്ഛാധിപതിയായ ഹിറ്റ്‌ലറോട് ഉപമിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും റാലിയില്‍ ഉണ്ടായിരുന്നു.

അന്താരാഷ്ട്ര സമൂഹം പുടിന്റെ പ്രവര്‍ത്തികള്‍ക്ക് അന്ത്യം കുറിക്കാന്‍ ഇടപെടണം എന്ന ആവശ്യമുന്നയിച്ചായിരുന്നു മിലാനില്‍ പ്രതിഷേധ റാലി നടന്നത്. ഉക്രൈന്‍ പതാക വഹിച്ചുള്ള പ്രതിഷേധങ്ങളും മിലാനിലെ റാലിയില്‍ അരങ്ങേറിയിരുന്നു.

ഉക്രൈന് ഐക്യദാര്‍ഢ്യവുമായി ബെര്‍ലിനും

റഷ്യന്‍ ആക്രമണം നേരിടുന്ന ഉക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ വന്‍ റാലി. ബെര്‍ലിനിലെ Brandenburg ഗേറ്റിന് സമീപത്തായി നടന്ന റാലിയില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തതായാണ് പോലീസ് നല്‍കുന്ന വിവരം. റാലിയില്‍ റഷ്യക്കെതിരായ പ്രതിഷേധം ആളിക്കത്തി. നോ വേള്‍ഡ് വാര്‍-3, സ്റ്റോപ് ദി കില്ലര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ മുന്നോട്ട് നീങ്ങിയത്.

ഇറ്റലി, ജര്‍മ്മനി എന്നിവ കൂടാതെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യക്കെതിരായ പ്രതിഷേധം തുടരുകയാണ്. ലണ്ടന്‍, പാരീസ്, വിയന്ന, മാഡ്രിഡ്, സോഫിയ തുടങ്ങി വിവിധ നഗരരങ്ങളില്‍ ശനി-ഞായര്‍ ദിവസങ്ങളിലായി പ്രതിഷേധറാലികള്‍ നടന്നിരുന്നു. റഷ്യന്‍ നടപടികള്‍ക്കെതിരെ റഷ്യയിലെ തന്നെ യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. മോസ്‌കോ ഉള്‍പ്പെടെയുള്ള പ്രധാന റഷ്യന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രതിഷേധങ്ങള്‍.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.