head2
head1
head 3

ഉക്രെയ്ന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍; ഇതുപോലുള്ള സഖ്യകക്ഷികള്‍ക്കൊപ്പം യുദ്ധം ജയിക്കുമെന്ന് സെലെന്‍സ്‌കി

ഉക്രെയ്‌ന് പിന്തുണയറിയിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവേനിയ ഭരണാധിപന്മാര്‍ കീവിലെത്തി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. ‘യൂറോപ്പ് നിങ്ങള്‍ക്കൊപ്പം ഉണ്ട്’ എന്നായിരുന്നു യൂറോപ്യന്‍ നേതാക്കള്‍ ഉക്രെയ്ന് നല്‍കിയ ഉറപ്പ്. മൂന്നാഴ്ചയായി തുടരുന്ന യുദ്ധത്തിനിടെ, ഉക്രെയ്നില്‍ എത്തുന്ന ആദ്യ പാശ്ചാത്യ സന്ദര്‍ശകര്‍ കൂടിയായിരുന്നു ഇവര്‍. അതേസമയം, ഇതുപോലുള്ള സഖ്യകക്ഷികള്‍ക്കൊപ്പം ഉക്രെയ്ന്‍ ഈ യുദ്ധം ജയിക്കുമെന്നായിരുന്നു സെലെന്‍സ്‌കിയുടെ പ്രതികരണം.

പ്രധാനമന്ത്രി പീറ്റര്‍ ഫിയാല, പോളിഷ് പ്രധാനമന്ത്രി മറ്റെയൂസ് മൊറാവിക്കി, ഉപ പ്രധാനമന്ത്രി ജറോസ്ലാവ് കാസിന്‍സ്‌കി, സ്ലൊവേനിയന്‍ പ്രധാനമന്ത്രി ജാനസ് ജാന്‍സ എന്നിവരാണ് ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തിയത്. ‘യൂറോപ്പ് നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ഉക്രെയ്നിലെ സുഹൃത്തുക്കളോട്, നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന പറയുക എന്നതാണ് ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യവും ഞങ്ങളുടെ ദൗത്യത്തിന്റെ പ്രധാന സന്ദേശവും’ -സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പീറ്റര്‍ ഫിയാല വ്യക്തമാക്കി.

ഉക്രെയ്നിലേക്ക് അന്താരാഷ്ട്ര സമാധാന സേനയെ അയക്കണമെന്നായിരുന്നു പോളണ്ടിന്റെ ആവശ്യം. ‘ഒരു സമാധാന ദൗത്യം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. നാറ്റോ, ഏറെക്കുറെ വിശാലമായ അന്താരാഷ്ട്ര ഘടന തന്നെയാണ്, എന്നാല്‍ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു ദൗത്യം ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കണം’ -ജറോസ്ലാവ് കാസിന്‍സ്‌കി പറഞ്ഞു. ‘സമാധാനത്തിനായി പരിശ്രമിക്കുകയും മാനുഷിക സഹായം നല്‍കുകയും ചെയ്യുന്ന ഒരു ദൗത്യമാണിത്, എന്നാല്‍ അതേസമയം അത് ഉചിതമായ സേനകളാലും സായുധ സേനകളാലും സംരക്ഷിക്കപ്പെടും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി തന്നെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സെലെന്‍സ്‌കിക്ക് പിന്തുണ അറിയിച്ചിരുന്നു. ഉക്രെയ്‌നിനും അതിന്റെ സ്വാതന്ത്ര്യത്തിനും യൂറോപ്യന്‍ യൂണിയന്റെ വ്യക്തമായ പിന്തുണ പ്രകടിപ്പിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ഫിയാല ട്വിറ്ററില്‍ വ്യക്തമാക്കി.

‘ഇവിടെ, യുദ്ധത്തില്‍ തകര്‍ന്ന കീവിലാണ് ചരിത്രം സൃഷ്ടിക്കപ്പെടുന്നത്. സ്വേച്ഛാധിപത്യ ലോകത്തിനെതിരായ സ്വാതന്ത്ര്യ പോരാട്ടം ഇവിടെയാണ്. നമ്മുടെ എല്ലാവരുടെയും ഭാവി തുലാസില്‍ തൂങ്ങിക്കിടക്കുന്നത് ഇവിടെയാണ്. യൂറോപ്യന്‍ യൂണിയന്‍ ഉക്രെയ്നെ പിന്തുണയ്ക്കുന്നു. അവര്‍ക്ക് തങ്ങളുടെ സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം. ആ സന്ദേശമാണ് ഞങ്ങള്‍ ഇന്ന് കീവിലേക്ക് കൊണ്ടുവന്നിരിക്കുന്നത്’, മൊറാവിക്കി ട്വിറ്ററില്‍ പറഞ്ഞു. യൂറോപ്പ് ഉക്രെയ്നിന്റെ സ്വാതന്ത്ര്യം ഉറപ്പു നല്‍കുകയും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് സ്ലൊവേനിയന്‍ പ്രധാനമന്ത്രി ജാനസ് ജാന്‍സ ട്വീറ്റ് ചെയ്തു.

യൂറോപ്യന്‍ കമ്മീഷന്‍, കൗണ്‍സില്‍ പ്രസിഡന്റുമാരായ ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, ചാള്‍സ് മൈക്കല്‍ എന്നിവരുമായുള്ള ധാരണയിലാണ് മൂന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഉക്രെയ്ന്‍ സന്ദര്‍ശിച്ചതെന്ന് പോളിഷ് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഉക്രെയ്ന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും മുഴുവന്‍ യൂറോപ്യന്‍ യൂണിയന്റെയും അസന്ദിഗ്ധമായ പിന്തുണ സ്ഥിരീകരിക്കുകയും ഉക്രെയന്‍ ഭരണകൂടത്തിനും സമൂഹത്തിനും പിന്തുണയുടെ വിശാലമായ പാക്കേജ് അവതരിപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും പ്രസ്താവന അടിവരയിടുന്നു.

ഉക്രെയ്നിലെ സൈനിക, മാനുഷിക സാഹചര്യങ്ങളെക്കുറിച്ചും റഷ്യയുമായുള്ള സമാധാന ചര്‍ച്ചകളെക്കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ സെലെന്‍സ്‌കി യൂറോപ്യന്‍ നേതാക്കളോട് വിവരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ വ്യക്തമാണ്. റഷ്യന്‍ സൈന്യം എല്ലായിടത്തും ഷെല്ലാക്രമണം തുടരുകയാണ്. കീവില്‍ മാത്രമല്ല, പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ആക്രമണം തുടരുകയാണെന്ന് സെലെന്‍സ്‌കി നേതാക്കളെ അറിയിച്ചു. സന്ദര്‍ശനത്തിന് അദ്ദേഹം നേതാക്കള്‍ക്ക് നന്ദി അറിയിച്ചു. ‘പിന്തുണയുടെ ശക്തമായ സാക്ഷ്യം’ എന്നാണ് സന്ദര്‍ശനത്തെ സെലെന്‍സ്‌കി വിശേഷിപ്പിച്ചത്. ഇതുപോലുള്ള സഖ്യകക്ഷികള്‍ക്കൊപ്പം ഉക്രെയ്ന്‍ യുദ്ധം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ ആക്രമണം തുടരുന്ന പ്രദേശങ്ങളിലൂടെ മൂന്ന് മണിക്കൂറോളം യാത്ര ചെയ്താണ് നേതാക്കള്‍ കീവിലെത്തിയത്. യുദ്ധത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉയുക്രെയ്ന് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍, യുദ്ധം തുടങ്ങിയതിനു ശേഷം ഏതെങ്കിലും നേതാക്കള്‍ ഉക്രെയന്‍ സന്ദര്‍ശിക്കുന്നത് ആദ്യമാണ്. അതേസമയം, നേതാക്കളുടെ സന്ദര്‍ശനത്തില്‍ ചെറിയ ആശങ്കയുണ്ടെന്നാണ് ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. യാത്ര പ്രഖ്യാപിക്കുമ്പോഴും ചില രാജ്യങ്ങളിലെ നേതാക്കള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് പറയപ്പെടുന്നത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.