head1
head2
head 3

യൂറോപ്പിലെമ്പാടും സാധന സാമഗ്രികളുടെ വില കുതിയ്ക്കുന്നു

ബ്രസല്‍സ് : ഉക്രൈന്‍ യുദ്ധക്കെടുതിയില്‍ യൂറോപ്പിലെമ്പാടും സാധന സാമഗ്രികളുടെ വില കുതിയ്ക്കുന്നു. വിതരണത്തിലെ തടസ്സങ്ങളും ചരക്ക് വിപണികളിലെ അസന്തുലിതാവസ്ഥയുമെല്ലാം പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. കോവിഡ് പ്രതിസന്ധിയില്‍ നിന്നും മുക്തമായി വന്ന പല രാജ്യങ്ങളേയും ഈ ആക്രമണം കൂടുതല്‍ കുഴിയിലേയ്ക്ക് വീഴ്ത്തുമെന്ന ആശങ്കയാണുയരുന്നത്. ലോഹങ്ങളുടെയും മൂലകങ്ങളുടെയും മുതല്‍ ഗോതമ്പടക്കമുള്ള ധാന്യങ്ങളുടെയും വില ഉയരുകയാണ്. പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.

ധാന്യ വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ധാന്യ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ധാന്യ കയറ്റുമതിക്കാരായ ഉക്രൈയ്നിലെ സംഭവങ്ങളാണ് ഇതിന് കാരണമായത്. വിലക്കയറ്റം ഭക്ഷ്യസുരക്ഷയെയും ബാധിക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ധാന്യ വിലയെ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ത്തി. ബുഷലിന് 12.8 ഡോളറെന്ന 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം ചിക്കാഗോ ഗോതമ്പ് ഫ്യൂച്ചറുകള്‍ ഏകദേശം 11 ഡോളറിലേയ്ക്ക് കുറഞ്ഞു.

വ്യാവസായിക ലോഹങ്ങളുടെ വില ‘പറയാനേയില്ല’

ഇരുമ്പയിര്, ഉരുക്ക് തുടങ്ങിയ വ്യാവസായിക ലോഹങ്ങളുടെ വില കുതിച്ചുയര്‍ന്നു. ഊര്‍ജം, ലോഹങ്ങള്‍, കൃഷി എന്നിവയുടെ പ്രധാന വിതരണക്കാരായ റഷ്യയുടെ കയറ്റുമതി നിരോധനവും യൂറോപ്പ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും കൂടിയായപ്പോള്‍ ഇവയുടെ വിലക്കയറ്റം ചരടില്ലാ പട്ടം പോലെയായി. യൂറോപ്പില്‍ എണ്ണയുടെയും പാചകവാതകത്തിന്റെയും വില ഇപ്പോള്‍ത്തന്നെ വന്‍ കുതിപ്പിലാണ്. റഷ്യന്‍ ക്രൂഡ് ഓയിലിന്റെ 25 ശതമാനവും വാതകത്തിന്റെ 40 ശതമാനവും റഷ്യ ജര്‍മ്മനി, ഇറ്റലി, മധ്യ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കാണ് നല്‍കുന്നത്.

താണുയര്‍ന്നും ഉയര്‍ന്നു താഴ്ന്നും എണ്ണ വില

റഷ്യ ഉക്രെയ്‌നിനെ ആക്രമിച്ചതിനുശേഷം എണ്ണവില 30 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. എണ്ണ വില ബാരലിന് 126 ഡോളറായും ഉയര്‍ന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കെതിരെ സ്വീകരിച്ച ചില നടപടികളെ തുടര്‍ന്ന് പ്രകൃതി വാതക വില ബുധനാഴ്ച മെഗാവാട്ട് മണിക്കൂറിന് 200 യൂറോയില്‍ താഴെയായി. ആഴ്ചയുടെ തുടക്കത്തില്‍ എത്തിയ 345 യൂറോ എന്ന റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ നിന്നാണ് 40 ശതമാനത്തിലധികം ഇടിഞ്ഞത്. എന്നാലും ഇത് സ്ഥിരമായ നിലയാണോയെന്ന് ഉറപ്പിക്കാനാവില്ല.

ഹരിത ലോഹങ്ങളുടെ വില പറപറക്കുന്നു

പരിസ്ഥിതി സൗഹൃദ ഹരിത ലോഹങ്ങളുടെ വില കുത്തനെ ഉയര്‍ന്നതാണ് മറ്റൊരു പ്രതിസന്ധി. ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ പാനലുകള്‍, കാറ്റ് ടര്‍ബൈനുകള്‍ എന്നിവയുടെ ഭാഗമായ വ്യാവസായിക ലോഹങ്ങളുടെയെല്ലാം വില ഗണ്യമായി ഉയര്‍ന്നു.

പെട്രോളിയം എഞ്ചിനുകളുടെ ദോഷകരമായ ഉദ്ഗമനം കുറയ്ക്കാന്‍ കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളില്‍ ഉപയോഗിക്കുന്ന പല്ലാഡിയത്തിന്റെ വില 60 ശതമാനത്തിലധികം വര്‍ദ്ധിച്ച നിലയിലാണ്. ഇതിന്റെ ആഗോള ഉല്‍പാദനത്തിന്റെ 40 ശതമാനവും റഷ്യയുടെ വകയാണ്. ഈ ലോഹം എപ്പോഴും വിമാനങ്ങള്‍ വഴിയാണ് കൊണ്ടുപോകുന്നത്. ഉപരോധത്തെത്തുടര്‍ന്ന് പല രാജ്യങ്ങളിലും റഷ്യന്‍ വിമാനങ്ങളുടെ വ്യോമപാത അടച്ചിരിക്കുകയാണ്.

അലുമിനിയം… നിക്കല്‍… എല്ലാം പ്രശ്ന വിലയില്‍

അലൂമിനിയം, വില ടണ്ണിന് ഏകദേശം 3,550 -ലേക്ക് താഴ്ന്നെങ്കിലും ശരാശരിയേക്കാള്‍ മുകളിലാണ് ഇപ്പോഴും. സ്റ്റെയിന്‍ലെസ്സ് സ്റ്റീലിലും ഇലക്ട്രിക്-വാഹന ബാറ്ററികളിലും ഉപയോഗിക്കുന്ന നിക്കല്‍ ആദ്യമായി 1,00,000 ഡോളറിന് മുകളിലെത്തി. വില ഏകദേശം മൂന്നിരട്ടിയായാണ് കുതിച്ചുയര്‍ന്നത്. ഇതേ തുടര്‍ന്ന് ലണ്ടന്‍ മെറ്റല്‍സ് എക്സ്ചേഞ്ച് ഇതിന്റെ ട്രേഡിംഗ് ട്രേഡിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള നിക്കലിന്റെ 17 ശതമാനവും ഉത്പാദിപ്പിക്കുന്നത് റഷ്യയാണ്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.