head1
head 3
head2

പുതിയ ഇന്ത്യന്‍ രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണല്‍ 11 മണി മുതല്‍, പ്രഖ്യാപനം വൈകിട്ട്

ന്യുഡല്‍ഹി : ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരാണെന്ന് ഇന്നറിയാം. രാവിലെ 11 മണി മുതല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കും. പാര്‍ലമെന്റിലെ അറുപത്തി മൂന്നാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വൈകുന്നേരം നാല് മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി മോദി ഫലപ്രഖ്യാപനം നടത്തും.

ഈ മാസം 18നായിരുന്നു തിരഞ്ഞെടുപ്പ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയും തമ്മിലായിരുന്നു മത്സരം. ആകെ 4025 എംഎല്‍എമാര്‍ക്കും 771 എം പിമാര്‍ക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എല്‍ എമാരും വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ശിവസേന, ജെ.എം.എം, എസ്.ബിഎസ്.പി എന്നീ പാര്‍ട്ടികളാണ് ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, ഗോത്ര വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യത്തെ വനിതയാവുമവര്‍.

17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ആം ആദ്മി പാര്‍ട്ടിയും സിന്‍ഹയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ നടക്കുക.

അതേസമയം, ഉപരാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിന് നടക്കും. തിരഞ്ഞെടുപ്പില്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. നിലവില്‍ ബംഗാള്‍ ഗവര്‍ണറാണ് ധന്‍കര്‍. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് പൂര്‍ത്തിയാകും.

Comments are closed.