head2
head1
head 3

മലയാളി ബോളിവുഡ് ഗായകന്‍ കെകെ അന്തരിച്ചു; അന്ത്യം സംഗീത പരിപാടിയ്ക്ക് പിന്നാലെ

ജനപ്രിയ ബോളിവുഡ് ഗായകന്‍ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത് – 53) അന്തരിച്ചു. ഇന്നലെ (ചൊവ്വ) രാത്രി കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

ആല്‍ബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും ഹിന്ദി സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. 5 തവണ ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഡല്‍ഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ എഴുന്നൂറോളം ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ പാടിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്,മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968 -ലാണ് കെകെയുടെ ജനനം.

തുടക്കകാലത്ത് ഇന്ത്യയിലെ 11 ഭാഷകളിലായി 3500ന് മുകളില്‍ പരസ്യങ്ങള്‍ക്ക് കെ.കെ ശബ്ദം നല്‍കിയിട്ടുണ്ട്. 1999ല്‍ ആദ്യ മ്യൂസിക് ആല്‍ബമായ ‘പല്‍’ സോളോ സ്‌ക്രീന്‍ ആല്‍ബത്തിനുളള സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ് നേടി. അന്ന് കൗമാരക്കാര്‍ക്കിടയില്‍ വലിയ തരംഗമാണ് ഈ ആല്‍ബം സൃഷ്ടിച്ചത്. രണ്ടാമത്തെ ആല്‍ബം ഹംസഫറും വന്‍ തോതില്‍ ആരാധകരെ നേടി.

ഹിന്ദിയില്‍ ക്യാ മുജെ പ്യാര്‍ ഹെ (വോ ലംഹെ), ആംഖോം മെ തേരി (ഓം ശാന്തി ഓം), ഖുദാ ജാനെ (ബച്നാ ഏ ഹസീനോ), പിയ ആയേ നാ (ആഷിഖി 2), തൂഹി മേരെ ഷബ് ഹെ (ഗാങ്സ്റ്റര്‍), തൂനെ മാരി എന്‍ട്രിയാന്‍ (ഗൂണ്ടേ) തുടങ്ങിയ ഗാനങ്ങളും തമിഴില്‍ സ്‌ട്രോബറി കണ്ണേ (മിന്‍സാര കനവ്), അപ്പടി പോട് (ഗില്ലി), ഉയിരിന്‍ ഉയിരേ (കാക്ക കാക്ക) എന്നിവയും കെകെയുടെ ഹിറ്റ് ലിസ്റ്റില്‍ പെടുന്നു.

കെകെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Comments are closed.