head2
head 3
head1

മാള്‍ട്ടയ്ക്ക് ധന്യം ഈ ദിവസങ്ങള്‍… വിശുദ്ധ പോളിന്റെ വഴിയേ, മാര്‍പാപ്പയെത്തും

വലേറ്റ : പൗലോസ് ശ്ലീഹായ്ക്ക് ആതിഥ്യമേകിയ മാള്‍ട്ടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നെത്തും. ഇന്നും നാളെയും മാര്‍പാപ്പ ദ്വീപിലുണ്ടാകും. തലസ്ഥാനമായ വലേറ്റ, റബാറ്റ്, ഫ്ളോറിയാന, ഗോസോ ദ്വീപ് എന്നിവിടങ്ങളിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുക.

‘അവര്‍ ഞങ്ങളോട് അസാധാരണമായ ദയ കാണിച്ചു’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മാര്‍പാപ്പയുടെ 36ാമത്തെ ഈ അപ്പസ്തോലിക് യാത്ര. കോവിഡ് കാരണം മാറ്റിവെച്ച 2020 മേയ് മാസത്തിലെ പര്യടനമാണിത്.

ഇന്ന് രാവിലെ 10ന് മാള്‍ട്ട ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തിലെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ ഹൃദ്യമായി സ്വീകരിച്ച് വലേറ്റയിലെ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് പാലസിലേക്ക് കൊണ്ടുപോകും. പ്രസിഡന്റ് ജോര്‍ജ്ജ് വില്യം വെല്ല, പ്രധാനമന്ത്രി റോബര്‍ട്ട് അബേല എന്നിവരെ അവിടെ കാണും. തുടര്‍ന്ന് ഉന്നത, നയതന്ത്ര ഉദ്യോഗസ്ഥരും മറ്റുമായി ചര്‍ച്ച നടത്തും . തുടര്‍ന്ന് റബാറ്റിലെ താല്‍ വിര്‍ട്ടിലെ അപ്പസ്തോലിക് ന്യൂണ്‍ഷിയേച്ചറിലേക്ക് പോകും.

ഗോസോ ദ്വീപിലെ ടാ പിനുവിന്റെ മരിയന്‍ ദേവാലയവും സന്ദര്‍ശിക്കും. അവിടെ പ്രാര്‍ഥനാ ശുശ്രൂഷയിലും കാര്‍മ്മികത്വം വഹിക്കും. സുവിശേഷയാത്രയില്‍ സെന്റ് പോള്‍ അഭയം പ്രാപിച്ച റാബറ്റിലെ സെന്റ് പോള്‍ ഗ്രോട്ടോയിലെത്തുക പാപ്പായുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ്. രാവിലെ 10.15ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍പാപ്പ മുഖ്യ കാര്‍മ്മികനാകും.

തുടര്‍ന്ന്, നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ കഴിയുന്ന ഹാല്‍ ഫാറിലെ ജോണ്‍ XXIII പീസ് ലാബ് മൈഗ്രന്റ് സെന്ററിലെത്തും. 200 കുടിയേറ്റക്കാരാണ് ഇവിടെ മാര്‍പാപ്പയെ കാത്തിരിക്കുന്നത്. ഓപ്പണ്‍ എയര്‍ തിയേറ്ററിലാണ് ഇവരെ മാര്‍പാപ്പ കാണുക.

വിമാനത്താവളത്തില്‍ ഊഷ്മളമായ യാത്രയയപ്പ് ചടങ്ങുകള്‍ക്ക് ശേഷമാകും മാര്‍പാപ്പയുടെ മടക്കയാത്ര. ഞായറാഴ്ച വൈകിട്ട് 7:40 ഓടെ ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ തിരിച്ചെത്തും.

മാള്‍ട്ട സന്ദര്‍ശിക്കുന്ന നാലാമത്തെ മാര്‍പാപ്പയാണ് ഇദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രണ്ട് തവണയും (1990, 2001), ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒരു പ്രാവശ്യവും (2010) ഇവിടം സന്ദര്‍ശിച്ചിരുന്നു.

ഏകദേശം 4,80,000 ജനങ്ങളാണ് മാള്‍ട്ടയിലുള്ളത്. 85 ശതമാനവും കത്തോലിക്കരാണ്. ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രധാന കേന്ദ്രമാണ് മാള്‍ട്ട.

Comments are closed.