head 3
head2
head1

മനുഷ്യര്‍ക്ക് രണ്ടാം സ്ഥാനവും യുദ്ധത്തിന് ഒന്നാം സ്ഥാനവുമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ : ലോകത്തില്‍ മനുഷ്യര്‍ക്ക് രണ്ടാം സ്ഥാനവും യുദ്ധത്തിന് ഒന്നാം സ്ഥാനവുമാണുള്ളതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇറ്റാലിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അഭിമുഖത്തില്‍ പങ്കെടുക്കവേയാണ് മാര്‍പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

എട്ട് വര്‍ഷത്തെ യെമന്‍ സംഘര്‍ഷത്തില്‍ 3,77,000 -ലധികം ആളുകള്‍ മരണമടഞ്ഞത് ഇതിനുദാഹണമായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി. യമനിലെ കുട്ടികളെ കുറിച്ച് നമ്മള്‍ എത്ര കാലം സംസാരിച്ചു. എന്നിട്ടും ഒരു പരിഹാരവുമുണ്ടായില്ല. കുട്ടികള്‍, കുടിയേറ്റക്കാര്‍, ദരിദ്രര്‍, പട്ടിണി ഇതൊന്നും ലോകത്തിന്റെ പരിഗണനയിലില്ല. ദരിദ്രരെ സ്നേഹിക്കുന്നവരും സഹായിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. പക്ഷേ ലോക ഭാവനയില്‍ യുദ്ധം, ആയുധ വില്‍പ്പന എന്നിവ മാത്രമേയുള്ളു. ആയുധങ്ങള്‍ ഉണ്ടാക്കാതെയിരുന്നാല്‍ ഒരു വര്‍ഷം കൊണ്ട് ലോകത്തിന് മുഴുവന്‍ സൗജന്യമായി ഭക്ഷണം നല്‍കാനും പഠിപ്പിക്കാനും കഴിയും. ഇക്കാര്യം ആരും ചിന്തിക്കുന്നില്ല.

ലോകമെങ്ങുമുള്ള ജനങ്ങള്‍ക്ക് ആശയും ആവേശവും പകരുന്ന ഒന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ടെലിവിഷന്‍ ഷോ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

യുദ്ധത്തിനായി കൊതിക്കുന്ന സമ്പദ് വ്യവസ്ഥകള്‍

സമ്പദ്വ്യവസ്ഥകള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടത് യുദ്ധമാണ്; പ്രത്യയശാസ്ത്ര യുദ്ധം, അധികാര യുദ്ധം, വാണിജ്യ യുദ്ധം. ആയുധ ഫാക്ടറികളാണ് അവരുടെ ആവശ്യം. സൃഷ്ടിയുടെ വിപരീതമാണ് യുദ്ധമെന്ന് മാര്‍പാപ്പ പറഞ്ഞു, ദൈവം മനുഷ്യനെ സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ തന്നെ സഹോദരങ്ങളും സിവിലൈസേഷനും തമ്മിലുള്ള യുദ്ധവും തുടങ്ങിയെന്ന് ബൈബിള്‍ പോലും കാണിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു.

സൃഷ്ടിയ്ക്കൊരു വിരുദ്ധ വികാരമുണ്ട്; അതുകൊണ്ടാണ് യുദ്ധം നാശമുണ്ടാക്കുന്നത്. ഭൂമിയില്‍ ജോലി ചെയ്യുക, കുട്ടികളെ നോക്കുക, കുടുംബത്തേയും സമൂഹത്തേയും വളര്‍ത്തുക എന്നതാണ് സൃഷ്ടി. എന്നാല്‍ നശിപ്പിക്കുക എന്നതാണ് യുദ്ധം. നാശത്തിന്റെ മെക്കാനിസമാണത്.

കുടിയേറ്റക്കാരുടെ ദുരവസ്ഥ ഉദാസീനതയുടെ അടയാളം

കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടുമുള്ള ഐക്യദാര്‍ഢ്യം ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും ആവര്‍ത്തിച്ചു. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെ ദുരവസ്ഥ ഉദാസീന സംസ്‌കാരത്തിന്റെ അടയാളമാണെന്ന് മാര്‍പാപ്പ പറഞ്ഞു. കുടിയേറ്റക്കാര്‍ നിരന്തരം അവഗണിക്കപ്പെടുകയാണ്.

യൂറോപ്പിലെ ഏറ്റവും വലിയ സെമിത്തേരിയാണ് മെഡിറ്ററേനിയനെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. കുടിയേറ്റക്കാരോടുള്ള പൊതു സമൂഹത്തിന്റെ പെരുമാറ്റം ക്രിമിനല്‍ കുറ്റമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ലിബിയയിലെ തടങ്കല്‍പ്പാളയങ്ങളെയും മാര്‍പാപ്പ അപലപിച്ചു.

കുടിയേറ്റക്കാരെ വീതിച്ചെടുക്കണം

ഓരോ രാജ്യവും എത്ര കുടിയേറ്റക്കാരെ സ്വീകരിക്കണമെന്ന് തീരുമാനിക്കണമെന്ന ആശയം മാര്‍പാപ്പ ആവര്‍ത്തിച്ചു. വ്യത്യസ്ത രാജ്യങ്ങള്‍ വ്യത്യസ്ത സംഖ്യകളുമായാണ് വരുന്നത്. ഇതൊരു ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നമാണ്. ഈ പ്രശ്നം സമഗ്രമായി പരിഗണിക്കണം. യൂറോപ്യന്‍ യൂണിയനും ഈ പ്രശ്നത്തില്‍ റോള്‍ ഏറ്റെടുക്കണം. കുടിയേറ്റക്കാര്‍ സ്പെയിനിലേക്കും ഇറ്റലിയിലേക്കുമാണ് വരുന്നത്. മറ്റൊരിടത്തും അവരെ സ്വീകരിക്കുന്നില്ല. ഇത് അനീതിയാണ്. കുടിയേറ്റക്കാരെ എപ്പോഴും സ്വാഗതം ചെയ്യണം. അനുഗമിക്കുകയും പ്രോത്സാഹിപ്പിക്കുകയും സമന്വയിപ്പിക്കുകയും വേണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.

യൂറോപ്പ് ബുദ്ധിപരമായി ചിന്തിക്കണം

യൂറോപ്പിന്റെ ജനസംഖ്യാ പ്രശ്നം മുന്‍നിര്‍ത്തി കുടിയേറ്റത്തെ ബുദ്ധിപൂര്‍വ്വം കാണണമെന്ന് യൂറോപ്യന്‍ യൂണിയനെ ഫ്രാന്‍സിസ് മാര്‍പാപ്പ ഉപദേശിച്ചു. ക്ഷമ മനുഷ്യാവകാശമാണെന്ന് മാര്‍പാപ്പ പറഞ്ഞു. ക്ഷമിക്കാനുള്ള കഴിവ് മനുഷ്യാവകാശമാണ്. മാപ്പ് ചോദിച്ചാല്‍ ക്ഷമിക്കാനുള്ള അവകാശം നമുക്കെല്ലാമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു.

Comments are closed.