head1
head2
head 3

വൈദികരുടെ ലൈംഗികാതിക്രമം; ഇരകള്‍ക്ക് നീതി ലഭിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: വൈദികരുള്‍പ്പെട്ട ലൈംഗിക പീഡന കേസുകളിലെ ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള സഭയുടെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമക്കേസില്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വൈദികര്‍ക്കെതിരെ ഉചിതമായ നടപടിയെടുത്തില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്തുവന്നത്. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ദി ഫെയ്ത്ത് (സിഡിഎഫ്) അംഗങ്ങളോട് സംസാരിക്കവെയാണ് മാര്‍പ്പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാന്‍ കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വൈദികരുടെ ദുരുപയോഗത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള തന്റെ പ്രതിബദ്ധത തുടരും. ഈ വിഷയത്തില്‍ ജുഡീഷ്യല്‍ നടപടി കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് ഇതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ പ്രതിഭാസത്തെ തടയാന്‍ ജുഡീഷ്യല്‍ നടപടി മാത്രം മതിയാകില്ല. നീതി പുനസ്ഥാപിക്കുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും നടപടിയുണ്ടാകുമെന്നും മാര്‍പ്പാപ്പ പറഞ്ഞു.

1977നും 1982നും ഇടയില്‍ മ്യൂണിക്കിലെ ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ നാല് കേസുകളില്‍ നടപടിയെടുക്കുന്നതില്‍ ബെനഡിക്ട് പതിനാറാമന്‍ പരാജയപ്പെട്ടുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ നാല് കേസുകളും കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയെന്നും സത്യം മറച്ചുവെച്ചുവെന്നുമാണ് റിപ്പോര്‍ട്ടിലെ ആക്ഷേപം. എന്നാല്‍ ഇക്കാര്യം ബെനഡിക്റ്റ് മാര്‍പ്പാപ്പ നിഷേധിച്ചിട്ടുണ്ട്.

1945നും 2019നും ഇടയില്‍ 173 വൈദികര്‍ ഉള്‍പ്പെടെ 235 പേര്‍ നടത്തിയ ദുഷ്പ്രവൃത്തികളില്‍ 497 ഇരകളുണ്ടെന്ന് അതിരൂപതയുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.

Comments are closed.