head2
head 3
head1

മാള്‍ട്ടാ ദ്വീപുവാസികളുടെ ‘ഹൃദയം നിറച്ച്’ മാര്‍പാപ്പ മടങ്ങി

വലേറ്റ : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാള്‍ട്ടയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ദ്വീപുവാസികളുടെ ‘ഹൃദയവു’ മായാണ് മടങ്ങിപ്പോയത്. ഓരോ സന്ദര്‍ശന കേന്ദ്രങ്ങളിലും പാപ്പയുടെ വാക്കുകള്‍ക്കായി കാത്തിരുന്ന ആയിരങ്ങള്‍ മനസ്സിനെയും പ്രവൃത്തികളേയും നവീകരിച്ചാണ് മടങ്ങിയത്.

എല്ലാവര്‍ക്കും മാര്‍പാപ്പയുടെ അടുത്തേയ്ക്ക് എത്താനാകുമായിരുന്നില്ല. എന്നാലും ആ ദിവ്യ സാന്നിധ്യം അദ്ദേഹത്തെ കാണാനെത്തിയ എല്ലാവര്‍ക്കും നേരിട്ട് അനുഭവിക്കാനായി. രാജ്യം മുഴുവന്‍ ഒരാള്‍ക്ക് പിന്നാലെ എന്നതായിരുന്നു സ്ഥിതി. പള്ളി മണികള്‍ മുഴക്കിയും ബാന്റ് മേളങ്ങളോടെയും പതാകകള്‍ വീശിയും ദ്വീപ് ഒന്നടങ്കം മാര്‍പാപ്പ കടന്നുപോകുന്ന പാതകളുടെ ഇരുവശങ്ങളിലേയ്ക്കും ഒഴുകിയെത്തിയിരുന്നു.

വലത് കാല്‍മുട്ടിന്റെ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന 85 വയസ്സുള്ള മാര്‍പാപ്പയ്ക്ക് മാള്‍ട്ടാ യാത്ര ചെറുതാണെങ്കിലും, ആയാസകരമായിരുന്നു. വിമാനത്തില്‍ കയറാനും ഇറങ്ങാനും എലിവേറ്റര്‍ ഉപയോഗിച്ചു. പലപ്പോഴും സഹായിയുടെ കൈയ്യില്‍ പ്പിടിച്ചാണ് അദ്ദേഹം നടന്നത്. പോപ്പ്മൊബൈലില്‍ നിന്നിറങ്ങാനും ബുദ്ധിമുട്ടുണ്ടായി. എന്നിരുന്നാലും ഷെഡ്യൂള്‍ ചെയ്ത പ്രകാരം എല്ലാ കേന്ദ്രങ്ങളിലുമെത്തി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞാണ് നല്ലിടയന്‍ മടങ്ങിയത്.

സെന്റ് പോള്‍സ് ഗ്രോട്ടോയിലെ സന്ദര്‍ശനവും ചരിത്രമായി. വിശുദ്ധ പോളിനോട് കാട്ടിയ കരുണ ഈ ഇടയോടും ഉണ്ടാകണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

ഗ്രോട്ടോയില്‍ മാര്‍പാപ്പ മെഴുകുതിരി കത്തിച്ചാണ് പ്രാര്‍ത്ഥന നടത്തിയത്. ഏറ്റവും വലിയ കുടിയേറ്റക്കാരനായിരുന്നു വിശുദ്ധ പോള്‍, അദ്ദേഹത്തോടു മാള്‍ട്ട കാണിച്ച കരുണയും സ്നേഹവും എല്ലാ കുടിയേറ്റക്കാരോടും അഭയാര്‍ഥികളോടും കാണിക്കണമെന്ന് യൂറോപ്പിനോടാകെ മാര്‍പാപ്പ ആഹ്വാനം ചെയ്തു. റഷ്യന്‍ യുദ്ധത്തില്‍ നിന്ന് പലായനം ചെയ്യുന്ന ഉക്രൈനിയന്‍ അഭയാര്‍ത്ഥികളോട് യൂറോപ്യന്‍ സമീപനം സ്വാഗതാര്‍ഹമാണെന്നും പാപ്പ പറഞ്ഞു. ആ ഉദാരത മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കാന്‍ കഴിയണമെന്ന് മാര്‍പാപ്പ പറഞ്ഞു.

ഗ്രോട്ടോയിലെ സുച്ചേട്ടോയില്‍ മാര്‍പാപ്പ ഒപ്പുവെച്ചു. അദ്ദേഹം ധരിച്ചിരുന്ന സഭാ തൊപ്പി അത് സെന്റ് പോള്‍സ് ബസിലിക്കയ്ക്ക് നല്‍കി. സെന്റ് പോള്‍സ് ബസിലിക്കയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം മാര്‍പാപ്പ ഫ്ളോറിയാനയിലേക്ക് പോയി. സെന്റ് ജോര്‍ജ്ജ് പ്രെകയെ അടക്കം ചെയ്തിരിക്കുന്ന ഹാംറൂണിലെ ഔവര്‍ ലേഡി ഓഫ് ദി മിറാക്കുലസ് മെഡല്‍ ചാപ്പലിലും മാര്‍പാപ്പ പ്രാര്‍ഥിച്ചു. ഇത് അദ്ദേഹം മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നില്ല.

പാപ്പയുടെ വരവിനായി ഫ്‌ളോറിയാനയില്‍ ആയിരങ്ങളാണ് കാത്തിരുന്നത്. ഒരുക്കിയ സീറ്റുകളെല്ലാം നിറഞ്ഞിരുന്നു. ഇവിടെ ബാന്റ് സംഘത്തിന്റെ ഏറ്റവും പുറകില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉക്രൈനിയന്‍ പതാക പിടിച്ചതും കൗതുകമായി. കര്‍ദ്ദിനാള്‍ മരിയോ ഗ്രെച്ച്, മാള്‍ട്ടയിലെ ആര്‍ച്ച് ബിഷപ്പും മറ്റ് ബിഷപ്പുമാരും പ്രസിഡന്റ് ജോര്‍ജ് വെല്ലയും ഉള്‍പ്പെടെ അവിടെ സന്നിഹിതരായിരുന്നു.

കലാസംവിധായകന്‍ കാര്‍ലോ ഷെംബ്രിയാണ് മാര്‍പാപ്പയ്ക്കായുള്ള പ്ലാറ്റ്ഫോം ഡിസൈന്‍ ചെയ്തത്. ക്രൂസിഫിക്സിന്റെ രൂപത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായിരുന്നു ഇത്.

Comments are closed.